ബഹിരാകാശത്തേക്ക് ഇനി സാധാരണക്കാരും; ഐഎസ്ആർഒയുടെ നിർണായക നീക്കം

ബഹിരാകാശയാത്രയ്ക്ക് ഇന്ത്യയിൽനിന്നുള്ള സാധാരണ പൗരന്മാരെയും ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ് ഐ.എസ്.ആർ.ഒ. ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുക്കുകയും അവരെ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഐ.എസ്.ആർ.ഒ.യുടെ പ്രത്യേക കമ്മിറ്റി ഈ നിർദേശം മുന്നോട്ടുവെച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ബഹിരാകാശ സഞ്ചാരികൾക്കായുള്ള പരിശീലനപരിപാടിയുടെ രണ്ടാം ബാച്ചിലേക്ക് സൈനിക പശ്ചാത്തലമുള്ള പൈലറ്റുമാരെ മാത്രം ബഹിരാകാശ യാത്രകൾക്ക് പരിഗണിക്കുന്നതിനു പകരം മറ്റ് മേഖലകളിൽനിന്നുള്ളവരെ കൂടി ദൗത്യത്തിനായി പരിഗണിക്കുകയാണ് ഇതുവഴി. ഈ ബാച്ചിൽ ആകെ പത്തുപേരെയാണ് ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. സൈനിക വ്യോമയാന പശ്ചാത്തലമുള്ള ആറ് മിഷൻ പൈലറ്റുമാരും ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം എന്നീ മേഖലകളിൽനിന്നുള്ള നാല് സിവിലിയൻ വിദഗ്ധരുമായിരിക്കും ഇവർ.
ഗഗൻയാൻ ദൗത്യത്തിന് വേണ്ടിയുള്ളതായിരുന്നു ആദ്യ ബാച്ച്. ഇതിൽ പൂർണമായും ഇന്ത്യൻ വ്യോമസേനാ ടെസ്റ്റ് പൈലറ്റുമാർ മാത്രമാണുണ്ടായിരുന്നത്. ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് നായർ, ശുഭാംശു ശുക്ല, അജിത് കൃഷ്ണൻ, അംഗത് പ്രതാപ് എന്നിവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
കോംബാറ്റ് ഹെലിക്കോപ്റ്റർ പൈലറ്റുമാരെയും രണ്ടാം ബാച്ചിൽ ഉൾപ്പെടുത്താൻ ഐ.എസ്.ആർ.ഒ. താല്പര്യപ്പെടുന്നുണ്ട്.
കേവലം വിനോദയാത്രയ്ക്ക് വേണ്ടിയല്ല സാധാരണക്കാരെ ഉൾപ്പെടുത്തുന്നത്. ഗഗൻയാനിൽ തുടങ്ങുന്ന മനുഷ്യരെ ഉൾപ്പെടുത്തിയുള്ള ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ ശാസ്ത്രഗവേഷണ വൈദഗ്ധ്യമുള്ളവരേയും സാങ്കേതിക വൈദഗ്ധ്യമുള്ളവരേയും ഉൾപ്പെടുത്തേണ്ടിവരും. ലാബുകളിലെ ശാസ്ത്രഗവേഷണങ്ങൾക്ക് പുറമെ ബഹിരാകാശ നിലയം ഉൾപ്പെടെയുള്ള നിർമിതികൾക്കും പ്രത്യേകം വിദഗ്ധരെ ആവശ്യമായി വരും.
എങ്കിലും ഇന്ത്യ ഉടനെയൊന്നും സാധാരണക്കാരെ ബഹിരാകാശത്തേയ്ക്കയക്കില്ല. മനുഷ്യരെ ഉൾപ്പെടുത്തിയുള്ള നാലാമത്തെ ഗഗൻയാൻ ദൗത്യത്തിലായിരിക്കാം ഇവരെ ഉൾപ്പെടുത്തുക. വ്യോമസേനാ പൈലറ്റുമാരെ ആദ്യ ദൗത്യങ്ങളിൽ ബഹിരാകാശത്ത് അയയ്ക്കുന്ന നാസ ഉൾപ്പെടെയുള്ള ഏജൻസികളുടെ പതിവ് രീതി ഇക്കാര്യത്തിൽ ഇന്ത്യ പിന്തുടരും.
ഗഗൻയാൻ ദൗത്യത്തിൽ കാലതാമസം വന്നാൽ നിലവിൽ തയ്യാറായി നിൽക്കുന്ന സഞ്ചാരികളെ മാത്രം മതിയാവാതെ വരും. ബഹിരാകാശ ദൗത്യങ്ങളുടെ എണ്ണം വർധിക്കുന്നത് കൂടി കണക്കിലെടുത്താണ് യാത്രികരുടെ നിര വിപുലീകരിക്കുന്നത്. ഭാവിയിൽ പ്രതിവർഷം രണ്ട് മനുഷ്യസഹിത ബഹിരാകാശ ദൗത്യങ്ങൾ വീതം ഇന്ത്യ നടത്തിയേക്കാം എന്നാണ് നിലവിലെ പ്രതീക്ഷ. ഈ കണക്കുകൂട്ടൽ പ്രകാരം ഏകദേശം രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഓരോ യാത്രികനും വീണ്ടും ബഹിരാകാശത്തേക്ക് പോകാൻ സാധിക്കും.
സഞ്ചാരികളുടെ തിരഞ്ഞെടുപ്പ്, പരിശീലനം, ദൗത്യത്തിനായുള്ള തയ്യാറെടുപ്പ് എന്നിവ അടങ്ങുന്ന നടപടികൾ എല്ലാം പൂർത്തിയാക്കാൻ ഏകദേശം നാലര വർഷം എടുക്കും.
ഭാവിയിൽ യാത്രികരുടെ എണ്ണവും ബഹിരാകാശ പേടകത്തിന്റെ ശേഷിയും വർദ്ധിപ്പിക്കാൻ ഐ.എസ്.ആർ.ഒ. ആലോചിക്കുന്നുണ്ട്. ഏഴാം ദൗത്യം മുതൽ ഓരോ ഫ്ലൈറ്റിലും യാത്രികരുടെ എണ്ണം രണ്ടിൽനിന്ന് മൂന്നായി ഉയർത്തിയേക്കും. ഗഗൻയാൻ ക്രൂ മോഡ്യൂളിൽ വരുത്തുന്ന പരിഷ്കാരങ്ങളിലൂടെയാണ് ഇത് സാധ്യമാകുക. ഇതിനുശേഷമുള്ള ബാച്ചുകളിൽ സിവിലിയൻ വിദഗ്ധർക്കായിരിക്കും കൂടുതൽ മുൻഗണന നൽകുക. മൂന്നാം ബാച്ചിൽ 10 സിവിലിയൻ വിദഗ്ധരെയും രണ്ട് മിഷൻ പൈലറ്റുമാരെയും ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ദീർഘകാല പദ്ധതികൾ, രാജ്യാന്തര സഹകരണങ്ങൾ, ഭാവിയിൽ ഉണ്ടായേക്കാവുന്ന കൊഴിഞ്ഞുപോക്ക് എന്നിവ കണക്കിലെടുത്ത് ബഹിരാകാശ യാത്രികരുടെ എണ്ണം 40 വരെയായി ഉയർത്താനാണ് കമ്മിറ്റിയുടെ നിർദേശം. ഇതിനായി വിപുലമായ പദ്ധതികളാണ് ഐ.എസ്.ആർ.ഒ. ആസൂത്രണം ചെയ്യുന്നത്.
ഗഗൻയാൻ വിക്ഷേപണം എപ്പോൾ?
ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുത്തെങ്കിലും, മനുഷ്യരെ സുരക്ഷിതമായി ബഹിരാകാശത്തെത്തിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്യുന്ന വിക്ഷേപണ വാഹനം പഴുതുകളില്ലാതെ നിർമിച്ചെടുക്കേണ്ടതുണ്ട്. ഇതിനായി വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കാനാണ് ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും വിദേശ രാജ്യങ്ങളുമായുള്ള അത്തരം സാങ്കേതികവിദ്യാ സഹകരണങ്ങൾക്ക് സാധിച്ചില്ലെന്ന് ഐ.എസ്.ആർ.ഒ. മുൻമേധാവി എസ്. സോമനാഥ് അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. ഇക്കാരണത്താൽ സ്വന്തം നിലയ്ക്ക് അവ വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തിവരുന്നത്.
Content Highlights: ISRO is planning to include civilian experts like scientists and engineers in its upcoming space missions, moving beyond its initial focus on military test pilots to meet the specialized research needs of the Gaganyaan program and future space stations.