'ഇന്ത്യക്കാരന്റെ അടുത്ത ബഹിരാകാശയാത്ര ഇന്ത്യയുടെ സ്വന്തം പേടകത്തില്‍"-കേന്ദ്രമന്ത്രി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 18 ദിവസം ചെലവഴിച്ച് ചൊവ്വാഴ്ച ഭൂമിയില്‍ മടങ്ങിയെത്തിയശേഷം ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുന്നതിനായി പുനരധിവാസ പരിശീലനത്തില്‍ പങ്കെടുക്കുന്ന ആക്‌സിയം 4 ദൗത്യത്തിന്റെ പൈലറ്റ് ശുഭാംശു ശുക്ല | Photo: www.instagram.com/gagan.shux
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 18 ദിവസം ചെലവഴിച്ച് ചൊവ്വാഴ്ച ഭൂമിയില്‍ മടങ്ങിയെത്തിയശേഷം ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുന്നതിനായി പുനരധിവാസ പരിശീലനത്തില്‍ പങ്കെടുക്കുന്ന ആക്‌സിയം 4 ദൗത്യത്തിന്റെ പൈലറ്റ് ശുഭാംശു ശുക്ല | Photo: www.instagram.com/gagan.shux

ന്യൂഡല്‍ഹി: ഇന്ത്യക്കാരന്റെ അടുത്ത ബഹിരാകാശദൗത്യം രാജ്യത്തിന്റെ പേടകത്തിലായിരിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രപ്രസാദ്. ശുഭാംശുവിന്റെ വിജയദൗത്യം ഐഎസ്ആര്‍ഒയുടെ ഗഗന്‍യാനിനും ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ പദ്ധതിക്കും മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗഗന്‍യാന്‍ പദ്ധതി 2027-ലും ബഹിരാകാശ സ്റ്റേഷന്‍ 2035-ഓടെയും പൂര്‍ത്തിയാകും.

ശുഭാംശുവിന്റെ യാത്ര വാണിജ്യ ലക്ഷ്യത്തോടെയായിരുന്നെന്ന വിമര്‍ശനം കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്ന് മന്ത്രി പ്രതികരിച്ചു. 18 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷം തിരിച്ചെത്തിയ ശുഭാംശു ശുക്ല പൂര്‍ണ ആരോഗ്യവാനാണെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ജൂലായ് 23 വരെ ശുഭാംശുവും സംഘവുംയുഎസിലെ ഹൂസ്റ്റണില്‍ ക്വാറന്റീനിലായിരിക്കും. ഭൂഗുരുത്വവും ഭൂമിയിലെ അന്തരീക്ഷവും കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള സമയമാണിത്. ഹൂസ്റ്റണിലുള്ള ഭാര്യ കാമ്ന, ആറുവയസ്സുകാരനായ മകന്‍ കിയാഷ് എന്നിവരെ കഴിഞ്ഞദിവസം ശുഭാംശു കണ്ടിരുന്നു.

ശുഭാംശുവുമായി ഫോണില്‍ സംസാരിച്ചതായി ലഖ്‌നൗവിലുള്ള അച്ഛന്‍ ശംഭു ദയാല്‍ പറഞ്ഞു. മകന്‍ അടുത്തമാസം ലഖ്‌നൗവിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

വീട്ടിലെത്തിയപോലെ

ബഹിരാകാശ യാത്രയുടെ ഭാഗമായി ക്വാറന്റീനിലേക്ക് കടന്നിട്ട് രണ്ടുമാസമായി. കുടുംബം ഇവിടെയുണ്ടെങ്കിലും കൂടിക്കാഴ്ച എട്ടുമീറ്റര്‍ ദൂരെനിന്നായിരുന്നു. കൈയില്‍ അഴുക്കുള്ളതുകൊണ്ടാണ് അച്ഛനെ തൊടാത്തതെന്ന് ഓരോ സന്ദര്‍ശനസമയത്തും മകന്‍ പറയും. ഭൂമിയില്‍ തിരിച്ചെത്തി പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ചപ്പോള്‍ വീട്ടിലെത്തിയപോലെ.

-ശുഭാംശു ശുക്ല (ഇന്‍സ്റ്റഗ്രാമില്‍)

Content Highlights: India`s space mission update: Gaganyaan project timeline, Shubham Shukla`s successful return