ഗഗന്‍യാന്‍ പേടകത്തിലെ ആദ്യസഞ്ചാരി ഹ്യൂമനോയിഡ് റോബോട്ട്, 'വ്യോമമിത്ര' ISRO കേന്ദ്രത്തിൽ

ഗഗൻയാനിന്റെ ആദ്യ പരീക്ഷണപ്പറക്കലിൽ അയയ്ക്കുന്ന സ്ത്രീരൂപത്തിലുള്ള റോബോട്ടായ 'വ്യോമമിത്ര'
ഗഗൻയാനിന്റെ ആദ്യ പരീക്ഷണപ്പറക്കലിൽ അയയ്ക്കുന്ന സ്ത്രീരൂപത്തിലുള്ള റോബോട്ടായ 'വ്യോമമിത്ര'

ഗഗന്‍യാന്‍ ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് കുതിക്കാന്‍ ഇന്ത്യന്‍ നിര്‍മിത ഹ്യൂമനോയ്ഡ് റോബോട്ടും. ഐഎസ്ആര്‍ഒയുടെ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റ് ആണ് വ്യോമമിത്ര എന്ന പേരിട്ടിരിക്കുന്ന ഈ റോബോട്ട് വികസിപ്പിച്ചത്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന ആദ്യ ആളില്ലാ പേടകത്തിലാണ് വ്യോമമിത്രയെ ഉള്‍പ്പെടുത്തുക.

2025 ഡിസംബറിലായിരിക്കും ഗഗന്‍യാന്‍ ജി1 പേടകത്തിന്റെ വിക്ഷേപണം. മനുഷ്യന് പകരം പേടകത്തില്‍ സഞ്ചരിക്കുന്നതിനൊപ്പം ഫ്‌ളൈറ്റ് അനലിസ്റ്റ് എന്ന ചുമതലയും ഈ റോബോട്ടിനുണ്ട്.

ഗഗന്‍യാന്‍ ദൗത്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഐഎസ്ആര്‍ഒയുടെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററില്‍ വ്യോമമിത്ര റോബോട്ടിനെ എത്തിച്ചിട്ടുണ്ട്. പേടകത്തില്‍ റോബോട്ടിനെ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യോമമിത്രയുടെ പ്രധാന സവിശേഷതകള്‍

വ്യോമമിത്രക്ക് മനുഷ്യന്റേതുപോലുള്ള തലയും, ഉടലും, കൈകളുമുണ്ട്, എന്നാല്‍ കാലുകളില്ല. മൈക്രോ ഗ്രാവിറ്റി സാഹചര്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണിത്. ഭാരം കുറഞ്ഞതും ചൂട് പ്രതിരോധിക്കാന്‍ കഴിവുള്ളതുമായ AlSi10Mg അലുമിനിയം അലോയ് ഉപയോഗിച്ചാണ് ഇതിന്റെ തല നിര്‍മ്മിച്ചിരിക്കുന്നത്

  • ക്രൂ മൊഡ്യൂളിനുള്ളിലെ ഡിസ്പ്ലേകളും കമാന്‍ഡുകളും വായിക്കാനും, ദൗത്യത്തിന് ആവശ്യമായ നിയന്ത്രണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും വ്യോമമിത്രക്ക് സാധിക്കും.
  • ഹിന്ദിയിലും ഇംഗ്ലീഷിലും ആശയവിനിമയം നടത്താന്‍ ഇതിന് കഴിയും.
  • വായുവിന്റെ മര്‍ദ്ദം, താപനില തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങള്‍ നിരീക്ഷിക്കുകയും, മര്‍ദ്ദത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.
  • ബഹിരാകാശ യാത്ര മനുഷ്യ ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കുന്നതിനായി സിമുലേറ്റഡ് ഫിസിയോളജിക്കല്‍ പാരാമീറ്ററുകള്‍ നിരീക്ഷിക്കും.
  • ഭൂമിയിലുള്ള മിഷന്‍ കണ്‍ട്രോളുമായി ആശയവിനിമയം നടത്താനും മൈക്രോ ഗ്രാവിറ്റി പരീക്ഷണങ്ങള്‍ നടത്താനും ഇതിന് പ്രോഗ്രാം ചെയ്തിട്ടുണ്ട്.

പ്രാധാന്യം: മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് മുന്‍പ്, ഗഗന്‍യാനിലെ ലൈഫ് സപ്പോര്‍ട്ട്, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ പരീക്ഷിക്കാന്‍ വ്യോമമിത്ര സഹായിക്കും. ഇത് യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായകമാണ്. 2027-ല്‍ മനുഷ്യരെ ഉള്‍പ്പെടുത്തിയുള്ള ആദ്യ ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായുള്ള സുപ്രധാന വിവരങ്ങള്‍ വ്യോമമിത്രയുടെ യാത്രയിലൂടെ ഐഎസ്ആര്‍ഒയ്ക്ക് ലഭിക്കും

Content Highlights: ISRO’s Vyommitra, a humanoid robot developed by the Inertial Systems Unit, will join the Gaganyaan mission’s first uncrewed spacecraft launch in December 2025.