ഫ്രാൻസിസ് ഹാൾസണ് ഭൗതികശാസ്ത്ര നൊബേൽ; ന്യൂട്രീനൊ പഠനത്തിലെ പ്രതിഭ

സ്റ്റോക്ക്ഹോം: 2026-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ബെൽജിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ ഫ്രാൻസിസ് ഹാൾസണ് (Francis Halzen) ലഭിച്ചു. ഐസ്‌ക്യൂബ് ന്യൂട്രീനോ ഒബ്‌സർവേറ്ററിക്ക് (IceCube Neutrino Observatory) നൽകിയ നിർണായക സംഭാവനകൾക്കും പ്രപഞ്ചത്തിൽനിന്നുള്ള ഉയർന്ന ഊർജ്ജമുള്ള ന്യൂട്രീനൊകളെ (high-energy neutrinos of astrophysical origin) കണ്ടെത്തിയതിനുമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് അറിയിച്ചു. 12 ദശലക്ഷം സ്വീഡിഷ് ക്രോണറാണ് (11.55 കോടിയിലേറെ രൂപ) സമ്മാനത്തുക.
പ്രപഞ്ചത്തിലെ അതിസങ്കീർണ്ണമായ പ്രക്രിയകളിൽനിന്ന് പുറന്തള്ളപ്പെടുന്നതും പിടിച്ചെടുക്കാൻ പ്രയാസമുള്ളതുമായ 'ന്യൂട്രീനൊ' കണങ്ങളെ ദക്ഷിണ ധ്രുവത്തിലെ മഞ്ഞുപയോഗിച്ച് കണ്ടെത്തുന്നതിനാണ് പ്രൊഫ. ഹാൾസൺ നേതൃത്വം നൽകിയത്. 1988-ലാണ് ദക്ഷിണധ്രുവത്തിലെ ഹിമപാളികൾ ഉപയോഗിച്ച് ന്യൂട്രീനൊകളെ നിരീക്ഷിക്കാമെന്ന ശാസ്ത്രീയ ആശയം അദ്ദേഹം ആദ്യമായി അവതരിപ്പിച്ചത്. തുടർന്ന് 2011-ൽ നിർമ്മാണം പൂർത്തിയായ, ഒരു ക്യൂബിക് കിലോ മീറ്റർ വിസ്തൃതിയുള്ള ഐസ്‌ക്യൂബ് ന്യൂട്രീനോ ഒബ്‌സർവേറ്ററി വഴി സൗരയൂഥത്തിന് പുറത്തുനിന്നുള്ള ഉയർന്ന ഊർജ്ജമുള്ള ന്യൂട്രീനൊകളെ കണ്ടെത്താൻ ഗവേഷകർക്ക് സാധിച്ചു.
പുതിയ ജ്യോതിശാസ്ത്ര ശാഖയ്ക്ക് തുടക്കം
ബെൽജിയത്തിലെ ടീനനിൽ 1944-ൽ ജനിച്ച ഫ്രാൻസിസ് ഹാൾസൺ, 1969-ൽ കെ.യു. ലൂവനനിൽ (KU Leuven) നിന്ന് പിഎച്ച്ഡി നേടി. നിലവിൽ അമേരിക്കയിലെ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ പ്രൊഫസറാണ്. ഹാൾസണിന്റെ ശാസ്ത്രീയ ദീർഘവീക്ഷണവും കഠിനാധ്വാനവും പുതിയൊരു തരം ജ്യോതിശാസ്ത്രത്തിന് വഴിയൊരുക്കിയെന്ന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ കമ്മിറ്റി ചെയർമാൻ മാർക്ക് പിയേഴ്‌സ് വ്യക്തമാക്കി.
Content Highlights: Belgian-American physicist Francis Halzen has won the 2026 Nobel Prize in Physics for his pioneering contributions to the IceCube Neutrino Observatory and the detection of high-energy astrophysical neutrinos.