യൂറോപ്പിലെ 40°C ചൂട് എന്തുകൊണ്ട് ഇന്ത്യയേക്കാൾ മാരകമാകുന്നു? ശാസ്ത്രീയ കാരണങ്ങളെന്ത്?

യൂറോപ്പിനെ ചുട്ടുപൊള്ളിച്ച ഉഷ്ണതരംഗത്തിന്റെ ദൃശ്യങ്ങൾ വാർത്താ ചാനലുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ലോകം വലിയൊരു അമ്പരപ്പോടെയാണ് കണ്ടത്. പതിറ്റാണ്ടുകളായി കഠിനമായ ശൈത്യകാലത്തിനും മഞ്ഞുവീഴ്ചയ്ക്കും പേരുകേട്ട രാജ്യങ്ങളിൽ, ആളുകൾ കൊടുംചൂടിൽനിന്ന് രക്ഷപ്പെടാൻ നഗരങ്ങളിലെ പൊതു ജലധാരകൾക്ക് കീഴിൽ കൂട്ടത്തോടെ നിൽക്കുന്നതും തടാകങ്ങളിലും നദികളിലും ഇറങ്ങി ആശ്വാസം തേടുന്നതും എയർ കണ്ടീഷനറുകൾക്കും ഫാനുകൾക്കുമായി കടകളിൽ വരിനിൽക്കുന്നതുമായ കാഴ്ചകൾ വലിയ വാർത്തയായി മാറി. യൂറോപ്പിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെ പലരുടെയും അനുഭവങ്ങളിലൂടെ ഈ അസാധാരണമായ ചൂടിന്റെ തീവ്രത മലയാളികൾ ഉൾപ്പെടെയുള്ളവർ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ടാകും. കടുത്ത ചൂടിൽനിന്ന് രക്ഷപ്പെടാൻ തടാകങ്ങളിലും നദികളിലും ഇറങ്ങിയ ഒട്ടേറെ പേർ മുങ്ങിമരിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഫ്രാൻസിൽ മാത്രം ഇത്തരത്തിൽ അമ്പതിലധികം പേർ മരിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു1. കൂടാതെ, പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ കുടുങ്ങിപ്പോയ കുട്ടികൾ ചൂട് താങ്ങാനാവാതെ മരിച്ച സംഭവവും ഞെട്ടിക്കുന്നതായിരുന്നു2. പ്രാദേശിക ആരോഗ്യ ഏജൻസികളുടെ പ്രാഥമിക കണക്കുകൾ പ്രകാരം ഈ വർഷം യൂറോപ്പിൽ കഠിനമായ ചൂട് നേരിട്ടോ അല്ലാതെയോ ഏകദേശം ആയിരത്തിമുന്നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെടാൻ കാരണമായിട്ടുണ്ട്.
ഈ പ്രതിസന്ധി മനുഷ്യരുടെ ആരോഗ്യത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നായിരുന്നില്ല. യൂറോപ്പിന്റെ വൈദ്യുതി ഉൽപ്പാദനത്തിൽ വലിയൊരു പങ്കുവഹിക്കുന്ന ആണവനിലയങ്ങളുടെ പ്രവർത്തനത്തെപ്പോലും ഇത് സാരമായി ബാധിച്ചു. ആണവനിലയങ്ങളിലെ റിയാക്ടറുകൾ തണുപ്പിക്കാൻ പ്രധാനമായും നദികളിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. എന്നാൽ, കനത്ത ചൂട് കാരണം നദികളിലെ ജലത്തിന്റെ താപനില സുരക്ഷാ പരിധിക്കപ്പുറം ഉയർന്നതോടെ, പരിസ്ഥിതി നാശം ഒഴിവാക്കാൻ പല ആണവനിലയങ്ങൾക്കും അവയുടെ ഉത്പാദനം കുറയ്ക്കുകയോ താൽക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്യേണ്ടി വന്നു2. ഇതിനുപുറമെ, കനത്ത ചൂടിൽ ട്രാം പാളങ്ങൾ ചുട്ടുപഴുത്തു അതുമായി ചേർന്നുള്ള സീലൻ്റ് (Sealant) ഉരുകി ഒലിച്ചു പാളത്തിൽനിന്ന് അടർന്നു മാറിയത് കാരണം പലയിടത്തും പൊതുഗതാഗത സംവിധാനം താറുമാറായി.
Content Highlights: While India routinely manages temperatures above 40°C due to biological adaptation and airy housing, a combination of unique atmospheric phenomena like 'Heat Domes' and insulation-heavy European architecture turns similar temperatures into a fatal crisis across Europe.