ഛിന്നഗ്രഹത്തിൽ പേടകം ഇടിപ്പിച്ചാൽ എന്ത് സംഭവിക്കും? വെളിപ്പെടുത്തലുമായി HERA നിരീക്ഷണം

മനുഷ്യരാശിക്ക് ഭീഷണിയുയർത്തി ഭൂമിക്കുനേരെ ഭാവിയിൽ വരാനിടയുള്ള ഒരു ഛിന്നഗ്രഹത്തിലേക്ക് ഒരു മനുഷ്യനിർമിത പേടകം ഇടിപ്പിച്ച് അതിനെ വഴിതിരിച്ചുവിടാൻ ശ്രമിച്ചാൽ എന്തൊക്കെ സംഭവിക്കാം? ഇതുസംബന്ധിച്ച വിശദാംശങ്ങൾ ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ പ്ലാനറ്ററി ഡിഫൻസ് സ്പെയ്സ് ക്രാഫ്റ്റായ ഹേര.
മനുഷ്യന്റെ ആദ്യത്തെ പ്ലാനറ്ററി ഡിഫൻസ് പരീക്ഷണം ശാസ്ത്രജ്ഞർ പ്രതീക്ഷിച്ചതിനേക്കാൾ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് വെളിപ്പെടുത്തൽ. 2022-ൽ നാസ നടത്തിയ കൂട്ടിയിടി ഛിന്നഗ്രഹത്തിന്റെ ഒരു വശം മുഴുവൻ ഇടിച്ചുനിരത്തിയെന്നും ഒരു സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഗർത്തം സൃഷ്ടിച്ചെന്നും അതിനെ ഒരു അനിയന്ത്രിതമായ കറക്കത്തിലേക്ക് നയിച്ചെന്നുമാണ് ഹേര ബഹിരാകാശ പേടകം നൽകിയ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.
വലിയ ഛിന്നഗ്രഹമായ 730 മീറ്റർ വീതിയുള്ള ഡിഡിമോസിനെ വലംവെക്കുന്ന 151 മീറ്റർ വീതിയുള്ള ഡിമോർഫോസിനെ ഹേര ആദ്യമായി അടുത്തുനിന്ന് നിരീക്ഷിച്ചതിൽനിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. ഈ ഇരട്ട ഛിന്നഗ്രഹ വ്യൂഹം നിലവിൽ ഭൂമിയിൽ നിന്ന് ഏകദേശം 193.5 ദശലക്ഷം കിലോമീറ്റർ അകലെയാണ്.
മനുഷ്യർക്ക് ഒരു ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത മാറ്റാൻ കഴിയുമോ എന്ന് പരിശോധിക്കുന്നതിനുള്ള ചരിത്രപരമായ പരീക്ഷണത്തിന്റെ ഭാഗമായി, 2022 സെപ്റ്റംബർ 26-ന് നാസയുടെ ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ് (DART) പേടകം ഡമോർഫോസിൽ ഇടിച്ചിച്ചിരുന്നു. ഈ ആഘാതം ഡിഡിമോസിനെ ഭ്രമണംചെയ്യാൻ ഛിന്നഗ്രഹത്തിന് ആവശ്യമായ സമയം ഏകദേശം 33 മിനിറ്റ് കുറച്ചു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. കൂട്ടിയിടി ഛിന്നഗ്രഹത്തെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചുള്ള വ്യക്തത ശാസ്ത്രജ്ഞർക്ക് ഇതുവരെ ഉണ്ടായിരുന്നില്ല.
'DART ഇടിപ്പിച്ചതിനെ തുടർന്നുണ്ടായ സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഗർത്തം ഛിന്നഗ്രഹത്തിന്റെ മുഴുവൻ വീതിയിലും വ്യാപിച്ചുകിടക്കുന്നു എന്നാണ് നിരീക്ഷണം വ്യക്തമാക്കിയിട്ടുള്ളത്. ഡിമോർഫോസ് നിലവിൽ അതിന്റെ ഭ്രമണപഥത്തിൽ ക്രമരഹിതമായി കറങ്ങിക്കൊണ്ടിരിക്കുകയാണെന്നതാണ് മറ്റൊരു കണ്ടെത്തൽ.
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ കാറിന്റെ വലിപ്പമുള്ള പേടകം നിലവിൽ 25-30 കിലോമീറ്റർ അകലെ നിന്നാണ് ഈ ഛിന്നഗ്രഹ ജോഡിയെ നിരീക്ഷിക്കുന്നത്. ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പകർത്തുന്നതിനായി ഡിസംബറിൽ ഛിന്നഗ്രഹ ജോഡിയിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ അടുത്തേക്ക് പേടകം മാറുന്നുണ്ട്. കൂടുതൽ വിശദമായ വിവരങ്ങൾ അതോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
Content Highlights: SA's Hera spacecraft revealed a stadium-sized impact crater on asteroid Dimorphos., NASA's 2022 DART collision flattened the asteroid's face and sent it into a chaotic tumble., Hera will move closer in December and deploy CubeSats in January 2027 for deeper analysis.