ഭൂമിയുടെ അച്ചുതണ്ടിന് 31.5 ഇഞ്ച് ചരിവ്; കാരണം ഭൂഗർഭജലത്തോതിലെ കുറവ്, ഇന്ത്യയ്ക്കും ഉത്തരവാദിത്വം

Representational Image | Photo : Canva.com
Representational Image | Photo : Canva.com

ഭൂമിയുടെ അച്ചുതണ്ടിന് അപകടകരമായ വിധത്തില്‍ ചരിവ് സംഭവിക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ് ഒരു പുതിയ പഠനം. അച്ചുതണ്ടിന് ഇതിനോടകം 31.5 ഇഞ്ച് ( ഏകദേശം 80 സെന്റിമീറ്റര്‍) ചരിവാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനം ഭൂമിയില്‍ ഉളവാക്കുന്ന ഫലങ്ങള്‍ മനസ്സിലാക്കുന്നതിനായി നടത്തിവരുന്ന ഗവേഷണത്തിലാണ് ആശങ്കയുളവാക്കുന്ന സംഗതി കണ്ടെത്തിയിരിക്കുന്നത്. ഭൂഗര്‍ഭജലം ഉപരിതലത്തിലേക്ക് വലിച്ചെടുക്കുന്നതാണ് ഇതിനുകാരണമാകുന്നതെന്നാണ് ഗവേഷകരുടെ നിരീക്ഷണം. അച്ചുതണ്ടിനു സംഭവിക്കുന്ന ചരിവ് ഭൂമിയുടെ ഭ്രമണത്തില്‍ വ്യത്യാസം വരുത്തുകയും സമുദ്രജലനിരപ്പ് ഉയരുന്നതിനും ഇടയാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് ജേണലില്‍ ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 

ഭൂമിയുടെ ചായ്‌വ് അഥവാ അച്ചുതണ്ടില്‍ സംഭവിച്ചിരിക്കുന്നതായി പറയപ്പെടുന്ന ചരിവ് ഗ്രഹത്തിലുടന്നീളമുള്ള പിണ്ഡത്തിന്റെ ( ഇവിടെ ഭൂമിയിലെ ജലം) വിതരണത്തിലെ സ്വാധീനം ചെലുത്തുന്നു. ഗ്രീന്‍ലാന്‍ഡിലേയും അന്റാര്‍ട്ടിക്കയിലേയും ഹിമാനികളുടേയും മഞ്ഞുപാളികളുടേയും ഉരുക്കം ജലവിതരണത്തെ സ്വാധീനിക്കുന്നു. മഞ്ഞുരക്കമുണ്ടാകുന്നതോടെ  ജലം ഭൂമധ്യരേഖയിലേക്ക് ഒഴുകുന്നു. ഇത് ഭൂമിയുടെ സന്തുലിതാവസ്ഥയില്‍ വ്യതിയാനമുണ്ടാക്കുകയും അച്ചുതണ്ടില്‍ സ്വാധീനം ചെലുത്തുകയും മാറ്റം വരുത്തുകയും ചെയ്യും. 

1993 മുതല്‍ 2010 വരെയുള്ള കാലയളവില്‍ വലിച്ചെടുത്തത് ഏകദേശം 2,150 ഗിഗാടണ്‍ ഭൂഗര്‍ഭജലമാണെന്നും ഇതാണ് ഭൂമിയുടെ അച്ചുതണ്ടില്‍ 31.5 ഇഞ്ച് ചരിവിന് കാരണമായതെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ജലസേചനത്തിനും മറ്റ് മാനുഷികാവശ്യങ്ങള്‍ക്കുമായാണ് ഭൂഗര്‍ഭജലം ഉപയോഗപ്പെടുത്തുന്നത്. കുഴല്‍ക്കിണറുകളാണ് പ്രധാനമായും ഭൂഗര്‍ഭജലത്തിന്റെ സ്രോതസ്സ്. 2023 ല്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ റിപ്പോര്‍ട്ട് പരിഷ്‌കരിച്ചിരിക്കുകയാണ്. പഠനറിപ്പോര്‍ട്ടിലെ മാതൃകകള്‍  വ്യക്തമാക്കുന്നത് ഭൂഗര്‍ഭജലത്തിന്റെ അളവില്‍ വന്‍തോതിലുള്ള കുറവ് ഉണ്ടായിരിക്കുന്നുവെന്നാണ്. 

വടക്കേ അമേരിക്കയിലെ പടിഞ്ഞാറന്‍ മേഖലയിലും ഇന്ത്യയുടെ  വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലുമാണ് പ്രധാനമായും ഭൂഗര്‍ഭജലത്തിന്റെ ഊറ്റിയെടുക്കല്‍ സംഭവിച്ചിരിക്കുന്നതെന്ന പഠനം പറയുന്നു. ഈ മധ്യ-അക്ഷാംശ പ്രദേശങ്ങള്‍ അവയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും വലിച്ചെടുക്കുന്ന  ജലത്തിന്റെ അളവും കാരണം ധ്രുവീയചലനത്തെ സ്വാധീനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

അതേസമയം, അച്ചുതണ്ടിലെ നിലവിലെ ചരിവ് കാലാവസ്ഥാവിന്യാസങ്ങളിലോ ഋതുക്കളിലോ പൊടുന്നനെ ബാധിക്കാനിടയില്ല. എന്നാല്‍ ഭൂഗര്‍ഭജലത്തിന്റെ അമിതമായ വലിച്ചെടുക്കല്‍ ഇത്തരത്തില്‍ തുടര്‍ന്നാല്‍ ഭാവിയില്‍ വലിയതോതിലുള്ള കാലാവസ്ഥാപ്രതിഫലനങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ മുന്‍കരുതല്‍ നടപചടികള്‍ സ്വീകരിക്കാന്‍ രാഷ്ട്രത്തലവന്‍മാര്‍ക്കും പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും ഈ പഠനറിപ്പോര്‍ട്ട് പ്രചോദനമാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. 


 

Content Highlights: New research reveals Earth`s axis is shifting 80cm due to groundwater depletion