ചൊവ്വയുടെ ഉപരിതലം ഇതാണ്: ക്യൂരിയോസിറ്റി റോവർ ചിത്രം പകർത്തിയത് ഇങ്ങനെ ..

#ടെക്‌നോളജി ഡെസ്‌ക്
ക്യൂരിയോസിറ്റി റോവര്‍ പകര്‍ത്തിയ ചിത്രം | Photo - NASA
ക്യൂരിയോസിറ്റി റോവര്‍ പകര്‍ത്തിയ ചിത്രം | Photo - NASA

ചൊവ്വയുടെ അത്യപൂർവ രാത്രി ദൃശ്യം പകർത്തിയെടുത്ത് നാസയുടെ ക്യൂരിയോസിറ്റി റോവർ. ഗ്രഹത്തിന്റെ ഉപരിതലത്തെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ശാസ്ത്രജ്ഞർക്ക് അവസരം ഒരുക്കുന്നതാണ് ഈ ദൃശ്യം. റോവറിന്റെ റോബോട്ടിക് ആംമിലെ പ്രത്യേക ലൈറ്റുകളുടെ സഹായത്തോടെയാണ് ചിത്രം എടുത്തത്. അതിനാൽ ഇരുട്ടിലും ചൊവ്വയുടെ ഉപരിതലം വ്യക്തമായി കാണാൻ കഴിയും.

ഭാവിയിൽ ഭൂമിക്ക് പുറത്തും മനുഷ്യന് വാസസ്ഥലം കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങൾ ശാസ്ത്രലോകത്ത് നടക്കുന്നതിനിടെയാണ് അത്യപൂർവചിത്രം നാസ പുറത്തുവിട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള മറ്റൊരു വാസസ്ഥലമാകാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ഗ്രഹമാണ് ചൊവ്വ.

ചിത്രം പകർത്തുന്നതിന് മുന്നോടിയായി റോവർ അതിന്റെ റോബോട്ടിക് ആമിന്റെ അഗ്രത്തിൽ ഘടിപ്പിച്ച എൽഇഡി ലൈറ്റുകൾ ഉപയോഗിച്ച് ചൊവ്വയുടെ ഉപരിതലത്തെ പ്രകാശിപ്പിച്ചു. റോവറിന്റെ ആമിൽ ഘടിപ്പിച്ച ക്യാമറയായ മാഴ്സ് ഹാൻഡ് ലെൻസ് ഇമേജറിന്റെ (MAHLI) ഭാഗമായ ലൈറ്റുകളാണിവ. റോവറിന്റെ 'തല' എന്ന് വിശേഷിപ്പിക്കാവുന്ന മാസ്റ്റിൽ ഘടിപ്പിച്ച മാസ്റ്റാകാമ എന്ന രണ്ടാമത്തെ ക്യാമറയാണ് ഈ ദൃശ്യം പകർത്തിയത്. ക്യൂരിയോസിറ്റി റോവർ തുരന്ന പാറയും ചിത്രത്തിൽ കണാൻ കഴിയും.

'ബോക്‌സ് വർക്‌സ്' എന്നറിയപ്പെടുന്ന ജിയോളജിക്കൽ ഘടനകൾ ക്യൂരിയോസിറ്റി പഠിച്ചുകൊണ്ടിരിക്കുന്ന പ്രദേശത്താണ് ഡ്രില്ലിങ് നടത്തിയത്. ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ ഒരു വലിയ ചിലന്തിവല പോലെ തോന്നിക്കുംവിധം കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്നതാണ് ഈ ഘടനകൾ.

നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയാണ് ക്യൂരിയോസിറ്റി വികസിപ്പിച്ചത്. നാസയുടെ മാർസ് എക്‌സ്‌പ്ലൊറേഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് ഗവേഷണങ്ങൾ പുരോഗമിക്കുന്നത്. സാൻ ഡിയാഗോ ആസ്ഥാനമായുള്ള മാലിൻ സ്‌പേസ് സയൻസ് സിസ്റ്റംസ് ആണ് ഈ ശ്രദ്ധേയമായ ചിത്രം പകർത്തിയ മാസ്റ്റാകാമ, MAHLI ക്യാമറകൾ നിർമിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത്.

Content Highlights: NASA`s Curiosity rover uses special lights to illuminate Mars` surface, revealing hidden details. Explore these rare night images and learn about Mars` geology.