ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറിച്ച് ചൈനീസ് റോക്കറ്റ്, ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്ത്

Nebula -1 test explosion | Photo: youtube/CNSA Watcher - Archives
Nebula -1 test explosion | Photo: youtube/CNSA Watcher - Archives

ചൈനയിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഡീപ്പ് ബ്ലൂ എയറോസ്‌പേസിന്റെ നെബുല-1 റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. റോക്കറ്റിന്റെ വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ്, വെര്‍ട്ടിക്കല്‍ ലാന്‍ഡിങ് സാങ്കേതിക വിദ്യകളുടെ പരീക്ഷണത്തിനൊടുവിലാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാല്‍ ദൗത്യത്തിലെ 11 ലക്ഷ്യങ്ങളില്‍ 10 എണ്ണവും വിജയകരമായിരുന്നുവെന്ന് കമ്പനി പറയുന്നു.

പുനരുപയോഗസാധ്യമായ റോക്കറ്റ് വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി. ശരിയായ രീതിയില്‍ മുകളിലേക്ക് ഉയര്‍ന്ന റോക്കറ്റ് നിശ്ചിത ഉയരത്തിലെത്തിയതിന് ശേഷം താഴേക്കിറങ്ങി. എന്നാല്‍ താഴെ ലാന്‍ഡിങ് പാഡില്‍ ഇറങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് നിയന്ത്രണം വിട്ട റോക്കറ്റ് ഒരു സ്‌ഫോടനത്തോടെ ഇടിച്ചിറങ്ങുകയായിരുന്നു. 

പരീക്ഷണ ദൗത്യത്തിന്റെ മനോഹരമായ ഡ്രോണ്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോക്കറ്റ് പൊട്ടിത്തെറിക്കുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. റോക്കറ്റുകളുടെ പരീക്ഷണ ദൗത്യങ്ങള്‍ക്കിടെ ഇത്തരം സംഭവങ്ങള്‍ സാധാരണമാണ്. 

മറ്റ് രാജ്യങ്ങളിലേത് പോലെ ചൈനയിലും ബഹിരാകാശ രംഗത്ത് സ്വകാര്യ കമ്പനികള്‍ സജീവമാണ്. പുനരുപയോഗിക്കാന്‍ കഴിയുന്ന റോക്കറ്റുകള്‍ നിലവില്‍ ചൈനീസ് ബഹിരാകാശ ഏജന്‍സിയ്ക്ക് സ്വന്തമായില്ല. യുഎസിലെ സ്‌പേസ് എക്‌സ് മാത്രമാണ് അത്തരം റോക്കറ്റുകള്‍ ഉപയോഗിക്കുന്നത്. എന്തായാലും നെബുല റോക്കറ്റിന്റെ ലാന്‍ഡിങ് സാങ്കേതിക വിദ്യയില്‍ ഇനിയും പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഇതിനായി കൂടുതല്‍ പരീക്ഷണ ദൗത്യങ്ങള്‍ കമ്പനി നടത്തിയേക്കും.
 

Content Highlights: Deep Blue Aerospace`s Nebula-1 rocket exploded during a test launch in China