ഛിന്നഗ്രഹത്തെ അണുബോംബിട്ട് തകർക്കാൻ ചൈന; പുതിയ കണ്ടെത്തലുമായി ബഹിരാകാശ ശാസ്ത്രജ്ഞർ

ഭൂമിക്ക് ഭീഷണിയാകുന്ന വലിയ ഛിന്നഗ്രഹങ്ങളെ (asteroids) തകർക്കാനോ അവയുടെ സഞ്ചാരപാത മാറ്റാനോ ഉള്ള ഏറ്റവും ഫലപ്രദമായ മാർഗം കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞർ. ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ ആഴത്തിൽ തുളച്ചുകയറി ആണവ ബോംബ് നിക്ഷേപിച്ച് സ്ഫോടനം നടത്തുന്ന രണ്ട് ഘട്ടങ്ങളുള്ള പ്രതിരോധ രീതിയാണ് ബെയ്ജിങ്ങിലെ ചൈന അക്കാദമി ഓഫ് ലോഞ്ച് വെഹിക്കിൾ ടെക്നോളജിയിലെ ഗവേഷകർ മുന്നോട്ടുവെച്ചിരിക്കുന്നത്.
ആദ്യം ഒരു മെറ്റൽ പെനട്രേറ്റർ ഛിന്നഗ്രഹത്തിലേക്ക് അതിവേഗത്തിൽ ഇടിച്ചിറക്കി ആഴത്തിലുള്ള ദ്വാരമുണ്ടാക്കുകയും അതിനുശേഷം രണ്ടാമതൊരു ബഹിരാകാശ പേടകം ഉപയോഗിച്ച് ഈ ദ്വാരത്തിലേക്ക് ആണവ ബോംബ് നിക്ഷേപിക്കുകയും തുടർന്ന് സ്ഫോടനം നടത്തുകയും ചെയ്യുന്നു. 'സ്‌പേസ്: സയൻസ് & ടെക്‌നോളജി' ജേണലിൽ പ്രസിദ്ധീകരിച്ച സിമുലേഷൻ പഠനങ്ങൾ അനുസരിച്ച്, മൂന്ന് മെഗാടൺ ശേഷിയുള്ള സ്ഫോടനത്തിന് 100 മീറ്റർ (328 അടി) വീതിയുള്ള ഛിന്നഗ്രഹത്തെ പൂർണമായും തകർക്കാൻ സാധിക്കും. ഏകദേശം 200 ഹിരോഷിമ ബോംബുകൾക്ക് തുല്യമായിരിക്കും ആ സ്ഫോടനം.
ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിന് 30 മീറ്റർ താഴെയായി ബോംബ് വെച്ച് പൊട്ടിക്കുന്നത്, ഉപരിതലത്തിൽ നടത്തുന്ന സ്ഫോടനത്തെക്കാൾ മൂന്നിരട്ടിയിലധികം വേഗ വ്യതിയാനം ഉണ്ടാക്കാൻ സഹായിക്കും. ഇത് ഛിന്നഗ്രഹത്തെ ഭൂമിയുടെ പാതയിൽനിന്ന് മാറ്റിവിടാൻ വളരെ ഫലപ്രദമാണെന്നും പഠനത്തിൽ പറയുന്നു.
1998-ൽ പുറത്തിറങ്ങിയ പ്രശസ്തമായ 'ആർമഗെഡൺ' (Armageddon) എന്ന ഹോളിവുഡ് സിനിമയിലെ രീതിയെ ഓർമിപ്പിക്കുന്നതാണ് ഈ രീതിയെങ്കിലും, മനുഷ്യർ നേരിട്ട് ബഹിരാകാശത്ത് പോകുന്നതിന് പകരം പൂർണമായും മനുഷ്യരില്ലാത്ത ബഹിരാകാശ പേടകങ്ങൾ ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുന്നത്. അതുകൊണ്ട് സങ്കീർണത കുറവാണ്. ഉയർന്ന പ്രതിരോധ ശേഷിയുണ്ടെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
Content Highlights: Chinese researchers have proposed a highly effective, unmanned, two-stage nuclear defense system to destroy or deflect Earth-threatening asteroids by drilling a deep hole and detonating a bomb inside them.