ചന്ദ്രയാന്‍ 4, 5 ദൗത്യങ്ങളുടെ രൂപകല്പന പൂര്‍ത്തിയായി, അഞ്ചുവര്‍ഷത്തിനുള്ളില്‍ 70 ഉപഗ്രഹങ്ങള്‍

Chandrayaan 3 | Photo: ISRO
Chandrayaan 3 | Photo: ISRO

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ നാല്, അഞ്ച് ദൗത്യങ്ങളുടെ രൂപകല്പന പൂര്‍ത്തിയാക്കിയതായും സര്‍ക്കാര്‍ അനുമതി തേടുന്ന പ്രക്രിയയിലാണെന്നും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ്. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനുശേഷം ചന്ദ്രനിലെ പാറകളും മണ്ണും ഭൂമിയിലേക്ക് കൊണ്ടുവരുക, ചന്ദ്രന്റെ ഭ്രമണപഥത്തിലെ ബഹിരാകാശത്ത് നിലയുറപ്പിക്കല്‍ പരീക്ഷണം നടത്തുക എന്നിവയാണ് ചന്ദ്രയാന്‍-നാല് ദൗത്യം.  ചന്ദ്രയാന്‍ -മൂന്ന് ദൗത്യം അവസാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷനും ഇന്ത്യന്‍ സ്പെയ്സ് അസോസിയേഷനുംചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിക്കെത്തിയ സോമനാഥ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ചന്ദ്രയാന്‍-നാല് ദൗത്യവിക്ഷേപണം 2028-ല്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 70 ഉപഗ്രഹങ്ങള്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ വിക്ഷേപിക്കും. ഇതില്‍ നാവിഗേഷന്‍, ഇന്‍സാറ്റ് 4-ഡി കാലാവസ്ഥാ ഉപഗ്രഹങ്ങള്‍, വിദൂരസംവേദനത്തിനും ഉയര്‍ന്ന റെസലൂഷന്‍ ഇമേജിങ്ങിനുമുള്ള കാര്‍ട്ടോസാറ്റ് ഉപഗ്രഹങ്ങള്‍ എന്നിവ ഉള്‍പ്പെടും

ഗഗന്‍യാന്‍ ദൗത്യത്തിനായി ഡേറ്റാ റിലേ ഉപഗ്രഹങ്ങള്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്നതിനുള്ള ഉപഗ്രഹങ്ങള്‍, ജി-സാറ്റ് ഉപഗ്രഹം എന്നിവയും ഐ.എസ്.ആര്‍.ഒ. വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ പരമ്പര വിക്ഷേപിക്കാനും പദ്ധതിയുണ്ട്. ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യ ആളില്ലാദൗത്യം ഈവര്‍ഷം ഡിസംബറില്‍ വിക്ഷേപിക്കാന്‍ തീരുമാനിച്ചതായി സോമനാഥ് പറഞ്ഞു. ക്രൂ മൊഡ്യൂള്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പെയ്സ് സെന്ററില്‍ ഒരുങ്ങുന്നുണ്ട്. സര്‍വീസ് മൊഡ്യൂള്‍ ബെംഗളൂരുവിലെ യു.ആര്‍. റാവു സാറ്റലൈറ്റ് സെന്ററില്‍ സംയോജിപ്പിക്കും. ക്രൂ എസ്‌കേപ്പ് സംവിധാനം ശ്രീഹരിക്കോട്ടയിലെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Chandrayaan 4 mission, next indian moon missions, Chandrayaan 4 Launch, Chandrayaan 4 Launch Mission