ചന്ദ്രകുലുക്കത്തെപ്പറ്റി എത്രപേര്‍ക്കറിയാം?; രഹസ്യങ്ങള്‍ കണ്ടെത്തിയ ചന്ദ്രയാന്‍

ഓഗസ്റ്റ് 23-ന് വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്തപ്പോള്‍, അടുത്ത ആകാംക്ഷ എപ്പോള്‍ പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നായിരുന്നു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന, ആറു ചക്രങ്ങളില്‍ സഞ്ചരിക്കുന്ന ഈ കുഞ്ഞന്‍ വാഹനത്തിലാണ് ഉപരിതല മൂലകനിര്‍ണയത്തിനുപയോഗിക്കുന്ന രണ്ടു പ്രധാന പേലോഡുകള്‍ ഘടിപ്പിച്ചിരുന്നത്.
സോഫ്റ്റ് ലാന്‍ഡിങ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ലിബ്‌സും എ.പി.എക്‌സ്. എസും ചന്ദ്രോപരിതല മൂലകങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. അലുമിനിയം (Al), സള്‍ഫര്‍ (S), കാല്‍സ്യം (Ca), ഇരുമ്പ് (Fe), ക്രോമിയം (Cr), ടൈറ്റാനിയം (Ti), മാംഗനീസ് (Mn), സിലിക്കണ്‍ (Si), ഓക്‌സിജന്‍ (O) എന്നിവയുടെ സാന്നിധ്യം പ്രാഥമിക വിശകലനം കാണിക്കുന്നു. ഏറ്റവും ഭാരം കുറഞ്ഞ മൂലകമായ ഹൈഡ്രജന്റെ സാന്നിധ്യം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. ഇതില്‍ ദക്ഷിണധ്രുവത്തിലെ സള്‍ഫര്‍ സാന്നിധ്യം ഏറെ ചര്‍ച്ചാവിഷയമായിരുന്നു. അഗ്‌നിപര്‍വത പ്രവര്‍ത്തനത്തില്‍ നിന്നാണ് പ്രധാനമായും സള്‍ഫര്‍ രൂപപ്പെടുന്നത്. സള്‍ഫറിന്റെ കൃത്യമായ അളവ് അറിഞ്ഞാല്‍ മാത്രമേ ചന്ദ്രനിലെ അഗ്‌നിപര്‍വത പ്രവര്‍ത്തനങ്ങളുമായുള്ള ബന്ധം കണ്ടുപിടിക്കാന്‍ കഴിയൂ.
പ്രതീക്ഷിച്ചതുപോലെ, APXS പരീക്ഷണങ്ങള്‍ അലുമിനിയം, സിലിക്കണ്‍, കാല്‍സ്യം, ഇരുമ്പ്, സള്‍ഫര്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. എന്നാല്‍, ശിവശക്തി പോയിന്റിലെ പ്രഗ്യാന്‍ റോവറിന്റെ സഞ്ചാരപാതയില്‍ ജലതന്മാത്രകളുടെ വ്യക്തമായ സാന്നിധ്യത്തെപ്പറ്റി ഇതുവരെ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ ഒന്നുംതന്നെ പറയുന്നില്ല.
ചന്ദ്രപ്ലാസ്മയും ചന്ദ്രകുലുക്കവും
ചന്ദ്രാന്തരീക്ഷത്തിലെ പ്ലാസ്മയുടെ (അയോണുകളും ഇലക്ട്രോണുകളും) സാന്ദ്രതയും സമയത്തിനനുസരിച്ച് അതിന്റെ മാറ്റങ്ങളും അളക്കാനുള്ള ലാങ്മുയര്‍ പ്രോബില്‍നിന്നുള്ള കണ്ടെത്തലുകളാണ് ഇസ്രോ നാലാമതായി പുറത്തുവിട്ടത്. വിക്രം ലാന്‍ഡറില്‍ ഘടിപ്പിച്ച ഈ പ്രോബായിരിക്കണം ഒരുപക്ഷേ, ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ ഏറ്റവും ചെലവുകുറഞ്ഞ പേലോഡ്.
ഒരു ക്യൂബിക് മീറ്ററിന് ഏകദേശം അഞ്ചു മുതല്‍ 30 ദശലക്ഷം ഇലക്ട്രോണുകള്‍ ഉള്ളതായാണ് പ്രാരംഭ വിശകലനങ്ങള്‍ കാണിക്കുന്നത്, ഇത് ചന്ദ്രോപരിതലത്തിനടുത്തുള്ള വളരെ കുറഞ്ഞ സാന്ദ്രതയുള്ള പ്ലാസ്മയെ പ്രതിനിധാനം ചെയ്യുന്നു.
ചന്ദ്രകുലുക്കത്തെപ്പറ്റി (moon quake) എത്രപേര്‍ക്കറിയാം? ചന്ദ്രകുലുക്കം, ഉല്‍ക്കാ പതനങ്ങള്‍, മറ്റു കൃത്രിമ സംഭവങ്ങള്‍ മൂലമുണ്ടാകുന്ന തരംഗങ്ങള്‍ എന്നിവയെ റെക്കോഡ്‌ചെയ്യാന്‍ വേണ്ടി ചന്ദ്രയാന്‍-3 ലാന്‍ഡറിലെ ഇന്‍സ്ട്രുമെന്റ് ഫോര്‍ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റി (ILSA) പേലോഡ് സജ്ജമായിരുന്നു. ചന്ദ്രതരംഗങ്ങളെ വൈദ്യുത തരംഗങ്ങളാകുന്ന മൈക്രോ ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റംസ് (MEMS) സാങ്കേതികവിദ്യയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്.
ചന്ദ്രരാത്രിയിലെ തണുത്ത താപനിലയെ ചെറുക്കാന്‍ സാധ്യമല്ലാത്തതിനാല്‍ പന്ത്രണ്ടുദിവസത്തെ ശാസ്ത്രീയപരീക്ഷണങ്ങള്‍ക്കുശേഷം സെപ്റ്റംബര്‍ നാലിന് വിക്രം ലാന്‍ഡറിനെയും പ്രഗ്യാന്‍ റോവറിനെയും സ്ലീപ് മോഡിലേക്കുമാറ്റി. വീണ്ടും 18 ദിവസങ്ങള്‍ക്കുശേഷം (ചന്ദ്രനിലെ ഒരു രാത്രി ഭൂമിയിലെ 14 ദിവസമാണെന്ന് ഓര്‍ക്കുക) സെപ്റ്റംബര്‍ 22-ന് ലാന്‍ഡറുമായും റോവറുമായും ആശയവിനിമയം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിക്കുകയുണ്ടായില്ല.
വിക്രം ലാന്‍ഡറിനെ താഴോട്ടിറക്കിയതിനുശേഷവും പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ചന്ദ്രന്റെ താഴ്ന്ന ഭ്രമണപഥത്തിലൂടെ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഡിസംബര്‍ നാലിന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തില്‍നിന്ന് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥത്തിലേക്ക് മാറ്റി. 'സ്‌പെക്ട്രോ-പോളറിമെട്രി ഓഫ് ഹാബിറ്റബിള്‍ പ്ലാനറ്റ്' (ചുരുക്കത്തില്‍ ഷെയ്പ്) എന്ന പേലോഡ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സജീവമായ കാലാവസ്ഥാ സംവിധാനമുള്ളതും ജീവജാലങ്ങള്‍ക്ക് വാസയോഗ്യമായ ഭൂമിയില്‍നിന്നു പ്രതിഫലിച്ചുവരുന്ന സൂര്യന്റെ പ്രകാശകണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ സൂക്ഷ്മകണികകളുടെ ഘടന, മേഘത്തിന്റെ സ്ഥാനചലനവും എന്നിവയുമായി നേരിട്ടു ബന്ധപ്പെട്ടുകിടക്കുന്നു. കൂടാതെ ജീവന് അത്യന്താപേക്ഷിതമായ ഓക്‌സിജന്‍, ജലതന്മാത്രകളുടെ സാന്നിധ്യവും ഷേപ്പ് പേടകത്തിന് ഒപ്പിയെടുക്കാനാകും. അങ്ങനെ ജീവജാലങ്ങള്‍ വാസയോഗ്യമായ ഒരു ഗ്രഹത്തിന്റെ എല്ലാ സ്വഭാവവും ഷേപ്പ് പേടകം ഒപ്പിയെടുക്കുന്നു. ഈ ഡേറ്റ ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങളില്‍ വാസയോഗ്യമായ എക്‌സോപ്ലാനറ്റുകള്‍ കണ്ടെത്തുന്നതിന് ഒരു ലൈബ്രറിയായി ഉപയോഗിക്കാനാവും. ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തില്‍നിന്ന് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥത്തിലേക്ക് ഷേപ്പ് പേലോഡിനെ മാറ്റുമ്പോള്‍ കൂടുതല്‍ വ്യക്തതയോടെ ഭൂമിയെപ്പറ്റി പഠിക്കാം.ഷേപ്പ് പേലോഡ് ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെങ്കിലും അതില്‍നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ഇസ്രോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരനിര്‍ണയ പഠനങ്ങള്‍ക്കായി അമേരിക്കന്‍ നിര്‍മിത ലേസര്‍ റിട്രോറിഫ്‌ലക്ടര്‍ അറേയും (LRA) ചന്ദ്രയാന്‍-3 ന്റെ ലാന്‍ഡറില്‍ ഘടിപ്പിച്ചിരുന്നു. ഏതു ദിശയില്‍നിന്ന് വരുന്ന പ്രകാശത്തെയും അതിന്റെ ഉറവിടത്തിലേക്ക് പ്രതിഫലിപ്പിക്കാന്‍ റിട്രോറിഫ്‌ലക്ടര്‍ അറേയ്ക്ക് സാധിക്കും. വൈദ്യുതിയോ അറ്റകുറ്റപ്പണികളോ ആവശ്യമില്ലാതെ പതിറ്റാണ്ടുകളോളം നിലനില്‍ക്കും എന്നതാണ് റെട്രോറിഫ്‌ലക്ടറുകളുടെ പ്രത്യേകത.
പേലോഡുകള്‍ക്കു പുറമേ അത്യാധുനിക ക്യാമറകളും ചന്ദ്രയാന്‍-3 ന്റെ ഭാഗമായിരുന്നു. ലാന്‍ഡറിലും റോവറിലും ഘടിപ്പിച്ച ക്യാമറകള്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് മനോഹരമായ ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചുകൊണ്ടിരുന്നു.
കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഭൗതികശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍
ചന്ദ്രയാന്‍-4
അടുത്തിടെ ഗോവയില്‍ നടന്ന ദേശീയ ബഹിരാകാശ ശാസ്ത്ര കോണ്‍ഗ്രസില്‍ ISRO ചെയര്‍മാന്‍ എസ്. സോമനാഥ് ഇന്ത്യയുടെ ചന്ദ്രയാന്‍-4 പദ്ധതി വെളിപ്പെടുത്തി. ചന്ദ്രനില്‍നിന്ന് പാറകളും മണ്ണും ശേഖരിച്ച് ശാസ്ത്രീയ വിശകലനത്തിനായി ഭൂമിയിലേക്ക് കൊണ്ടുവരുന്ന ആദ്യത്തെ ഇന്ത്യന്‍ ശ്രമമായിരിക്കും ചന്ദ്രയാന്‍-4 ദൗത്യം.
ചന്ദ്രന്റെ ഉദ്ഭവം, പരിണാമം, ഘടന എന്നിവയെക്കുറിച്ചും ഭാവിയിലെ പര്യവേക്ഷണത്തിനായി ഉപയോഗിക്കാന്‍ പറ്റുന്നതിന്റെ സാധ്യതകളെക്കുറിച്ചും പഠിക്കാനും ഈ മിഷന്‍ സഹായകമായേക്കും.സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതുപോലെത്തന്നെ ലോകത്തെ മൂന്നുരാഷ്ട്രങ്ങള്‍ക്കുമാത്രമാണ് (യുണൈറ്റഡ് സ്റ്റേറ്റ്സ്, സോവിയറ്റ് യൂണിയന്‍, ചൈന) ചന്ദ്രനില്‍നിന്നു മണ്ണും പാറക്കഷണങ്ങളും ഭൂമിയിലെത്തിക്കാന്‍ സാധിച്ചിട്ടുള്ളത്.
Content Highlights: chandrayaan 3 scientific achievements, pragyan rover, isro moon mission