കടലിൽ ലയിക്കുന്ന പ്ലാസ്റ്റിക് കണ്ടെത്തി ജാപ്പനീസ് ശാസ്ത്രജ്ഞര്‍; ആ വലിയ പ്രശ്‌നത്തിന് പരിഹാരമാകുമോ?

പ്രതീകാത്മക ചിത്രം | Source: Generated by Meta AI
പ്രതീകാത്മക ചിത്രം | Source: Generated by Meta AI

ടോക്യോ: മണിക്കൂറുകള്‍ക്കുള്ളില്‍ കടല്‍വെള്ളത്തില്‍ ലയിക്കുന്ന ഒരു ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് വികസിപ്പിച്ചെടുത്ത് ജപ്പാനിലെ ടോക്യോ സര്‍വകലാശാലയിലെ റൈക്കെന്‍ സെന്റര്‍ ഫോര്‍ എമര്‍ജന്റ് മാറ്റര്‍ സയന്‍സിലെ ശാസ്ത്രജ്ഞര്‍. പ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരമാകാന്‍ ഈ കണ്ടുപിടിത്തത്തിന് കഴിഞ്ഞേക്കും. നിലവിലുള്ള ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്കുകളില്‍നിന്ന് വ്യത്യസ്തമായി, ഈ പുതിയ പ്ലാസ്റ്റിക് അവശിഷ്ടങ്ങളോ മൈക്രോപ്ലാസ്റ്റിക്കുകളോ ബാക്കിവെക്കാതെ പൂര്‍ണമായി ലയിച്ച് ഇല്ലാതാവും. ടോക്യോയ്ക്കടുത്തുള്ള വാക്കോയിലെ ലാബില്‍, ഈ പ്ലാസ്റ്റിക്കിന്റെ ഒരു കഷണം ഒരു മണിക്കൂറിനുള്ളില്‍ ഉപ്പുവെള്ളത്തില്‍ ലയിച്ചുചേരുന്നത് ഗവേഷകര്‍ പ്രദര്‍ശിപ്പിച്ചു.

പെട്രോളിയം അധിഷ്ഠിത പ്ലാസ്റ്റിക്കുകളുടെ ശക്തിയോട് കിടപിടിക്കുന്ന ഈ പ്ലാസ്റ്റിക്, ഉപ്പുമായി സമ്പര്‍ക്കം വരുമ്പോള്‍ വിഘടിക്കുന്നു. അത് പ്രകൃതിയിലെ ബാക്ടീരിയകള്‍ക്ക് പ്രോസസ്സ് ചെയ്യാവുന്ന ഘടകങ്ങളായി മാറുന്നു. ഇത് ജലജീവികള്‍ക്കും ഭക്ഷ്യശൃംഖലയ്ക്കും ഭീഷണിയായ മൈക്രോപ്ലാസ്റ്റിക്കുകളുടെ രൂപീകരണം തടയുന്നു. ഉപ്പിന്റെ സാന്നിധ്യം കാരണം മണ്ണിലും ഇത് ലയിക്കും, എങ്കിലും കൂടുതല്‍ സമയം എടുക്കും. 

വിഷരഹിതവും തീപിടിക്കാത്തതും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളാത്തതുമായ ഈ പ്ലാസ്റ്റിക്, പാക്കേജിങ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. പാക്കേജിങ് വ്യവസായത്തില്‍ നിന്നുള്ളവര്‍ ഇതിനോട് താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തെക്കുറിച്ച് ഗവേഷകര്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല.

2040-ഓടെ പ്ലാസ്റ്റിക് മലിനീകരണം മൂന്നിരട്ടിയാകുമെന്ന ഐക്യരാഷ്ട്രസഭയുടെ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍, ഓരോ വര്‍ഷവും 23-37 ദശലക്ഷം മെട്രിക് ടണ്‍ പ്ലാസ്റ്റിക് സമുദ്രങ്ങളിലെത്തുന്നു. പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി മറികടക്കാന്‍ ആഗോളതലത്തില്‍ ശാസ്ത്രജ്ഞര്‍ മത്സരിക്കുകയാണ്. അതുകൊണ്ടുതന്നെ, ഈ കണ്ടുപിടിത്തം സുസ്ഥിര മാലിന്യനിര്‍മാര്‍ജനത്തിന് നിര്‍ണായകമാണ്.

Content Highlights: Japanese scientists develop a biodegradable plastic that dissolves in seawater within hours