ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര തീയ്യതിയില്‍ മാറ്റം, ആക്‌സിയം-4 ദൗത്യവിക്ഷേപണം ജൂണ്‍ എട്ടിന്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള (ഐഎസ്എസ്) ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ ആദ്യ യാത്ര ജൂണ്‍ എട്ടിന്. യുഎസ് ബഹിരാകാശ കമ്പനിയായ ആക്‌സിയോം സ്‌പെയ്‌സിന്റെ നാലാം ബഹിരാകാശദൗത്യത്തിലാണ് ശുഭാംശു ശുക്ല ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ബുധനാഴ്ച ആക്‌സിയം സ്‌പേസ് ആണ് വിക്ഷേപണത്തിന്റെ തീയ്യതി അറിയിച്ചത്. ജൂണ്‍ എട്ട് ഇന്ത്യന്‍ സമയം വൈകീട്ട് 6.40 നാണ് വിക്ഷേപണം.
ഫ്‌ലോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ പേടകത്തിലാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് കുതിക്കുക. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനായ ശുക്ലയ്‌ക്കൊപ്പം പോളണ്ടില്‍നിന്നും ഹംഗറിയില്‍നിന്നുമുള്ള സഞ്ചാരികളുമുണ്ട്. ഈ ദൗത്യ സംഘം 14 ദിവസം പരീക്ഷണനിരീക്ഷണങ്ങളുമായി ഐഎസ്എസില്‍ കഴിയും.
നേരത്തെ മെയ് 29 ന് ദൗത്യം വിക്ഷേപിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് ജൂണ്‍ ആദ്യവാരത്തിലേക്ക് മാറ്റുകയായിരുന്നു. റഷ്യയുടെ സോയൂസ് ബഹിരാകാശപേടകത്തില്‍ ഇന്ത്യക്കാരനായ രാകേഷ് ശര്‍മ ആദ്യമായി ബഹിരാകാശത്തുപോയി നാലുപതിറ്റാണ്ടിനുശേഷമാണ് ശുക്ലയുടെ യാത്ര.
ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യസംഘത്തിലെ അംഗംകൂടിയാണ് ശുഭാംശു ശുക്ല. മനുഷ്യരെ ബഹിരാകാശത്തയക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യത്തില്‍ ശുഭാംശുവിന്റെ അനുഭവ പരിചയം പ്രയോജനപ്പെടുത്താന്‍ ഇന്ത്യയ്ക്കാവും. 548 കോടി രൂപയാണ് ഇന്ത്യ ഈ ദൗത്യത്തിനായി ചിലവാക്കിയത്.
Content Highlights: Indian astronaut Shubhanshu Shukla`s maiden spaceflight to the ISS is scheduled for June 8th 2024