2024 YR4 കൂട്ടിയിടി: 'ലക്ഷക്കണക്കിന് ഉൽക്കകളെത്തും, ഉപഗ്രഹങ്ങൾക്ക് ഭീഷണി, നാവിഗേഷൻ തടസപ്പെടാം'

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ചന്ദ്രനിൽ ഇടിക്കാൻ സാധ്യതയുള്ള ഒരു ഛിന്നഗ്രഹത്തെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ് ശാസ്ത്രലോകം. 2024 YR4 എന്നാണ് ഛിന്നഗ്രഹത്തിന്റെ പേര്. 2032 ഡിസംബറിൽ ആ കൂട്ടിയിടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂട്ടിയിടിക്കുള്ള സാധ്യത നാല് ശതമാനമാണെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഈ കൂട്ടിയിടി സംഭവിച്ചാൽ ഭൂമിയെ അത് എങ്ങനെയൊക്കെ സ്വാധീനിക്കുമെന്നും ശാസ്ത്രജ്ഞർക്ക് എന്തു പഠിക്കാനാകുമെന്നും വിലയിരുത്തിയ പഠനത്തിൽ കണ്ടെത്തിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് Tsinghua Universtiy-യിലെ യിഫാൻ ഹേയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം.

ലോകത്തിന്റെ മുഴുവൻ നെഞ്ചിടിപ്പ് വർധിപ്പിക്കാൻ തക്കവിധം ശക്തമായിരിക്കും കൂട്ടിയിടി എന്നാണ് ഗവേഷകർ പറയുന്നത്. കൂട്ടിയിടിയെ തുടർന്നുണ്ടാകുന്ന അവശിഷ്ടങ്ങൾ ഭൂമിയിലേക്ക് പതിക്കാനും അവ ഉപഗ്രഹങ്ങൾക്ക് ഭീഷണിയാകാനും സാധ്യതയുണ്ട്. കൂട്ടിയിടി ഒരു ഇടത്തരം തെർമോ ന്യൂക്ലിയർ സ്‌ഫോടനത്തിന് തുല്യമായ ഊർജ്ജം പുറത്തുവിടും.  ആധുനിക കാലത്ത് ചന്ദ്രനിൽ നിരീക്ഷിക്കപ്പെടുന്ന ഏറ്റവും ശക്തമായ കൂട്ടിയിടിയായിരിക്കും ഇതെന്നും ഗവേഷകർ പറയുന്നു.

ഛിന്നഗ്രഹം ഇടിക്കുന്നതോടെ ഏകദേശം ഒരു കിലോമീറ്റർ വീതിയുള്ള ഒരു ഗർത്തം രൂപപ്പെടാനും ഏകദേശം 5 തീവ്രത രേഖപ്പെടുത്തുന്ന തരത്തിലുള്ള ചന്ദ്രകമ്പം ഉണ്ടാകാനും സാധ്യതയുണ്ട്. ചന്ദ്രന്റെ ആന്തരിക ഘടനയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ ഇത് നൽകും. നേരിട്ട് പഠിക്കാൻ ശാസ്ത്രജ്ഞർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത കാര്യങ്ങളിലേക്ക് അത് വാതിൽ തുറക്കും.

സ്‌ഫോടനം ബഹിരാകാശത്തേക്ക് വൻതോതിൽ അവശിഷ്ടങ്ങൾ പുറന്തള്ളും. ഇവയിൽ പലതും ദിവസങ്ങൾക്ക് ശേഷം ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ട്. അത് നഗ്‌നനേത്രങ്ങൾക്ക് കാണാൻ കഴിയുന്ന ഉജ്ജ്വലമായ ഉൽക്കാവർഷം സൃഷ്ടിക്കും. പ്രത്യേകിച്ച് ദക്ഷിണ അമേരിക്കയുടെ ഭാഗങ്ങൾ, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ. മണിക്കൂറിൽ ലക്ഷക്കണക്കിന് ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാമെന്നാണ് സിമുലേഷനുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ഈ സംഭവത്തിന് ഗുരുതരമായ അപകടങ്ങളുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലേക്ക് പതിക്കുന്ന അവശിഷ്ടങ്ങൾ നാശനഷ്ടങ്ങൾ വരുത്തിയേക്കാം. കൂടാതെ ഉപഗ്രഹങ്ങൾക്ക് ഭീഷണിയാകാനും ആഗോള ആശയവിനിമയ - നാവിഗേഷൻ സംവിധാനങ്ങളെ തടസ്സപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

അതിനിടെ, ഈ സാഹചര്യങ്ങളെല്ലാം മുന്നിൽക്കണ്ട് ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാനുള്ള ദൗത്യം സംബന്ധിച്ച ഗൗരവതരമായ ആലോചനയിലാണ് ബഹിരാകാശ ഏജൻസികൾ.

Content Highlights: Asteroid 2024 YR4 has a chance to impact the Moon in Dec 2032, potentially sending debris to Earth & risking satellites.