ഫിലിപ്പീന്‍സിന് മുകളില്‍ കത്തിയമര്‍ന്ന് ഛിന്നഗ്രഹം, അമ്പരന്ന് ജനങ്ങള്‍, ആളപായമില്ല - വീഡിയോ

Photo: ESA
Photo: ESA

ഫിലിപ്പീന്‍സിന് മുകളില്‍ കത്തിയമര്‍ന്ന് ഛിന്നഗ്രഹം. ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.39 നാണ് സംഭവം. ഫിലിപ്പീന്‍സിലെ ലുസോണ്‍ ദ്വീപിനടുത്താണ് സംഭവം. ഏകദേശം ഒരു മീറ്റര്‍ വ്യാസമുള്ള ഛിന്നഗ്രഹമാണ് ഭൗമാന്തരീക്ഷത്തില്‍ കത്തിയമര്‍ന്നത്.

ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുന്ന വിവരം കാറ്റലിന സ്‌കൈ സര്‍വേ നേരത്തെ തന്നെ എക്‌സിലൂടെ അറിയിച്ചിരുന്നു. ഈ വസ്തുവിന് നേരത്തെ CAQTDL2 എന്നാണ് പേര് നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് 2024 ആര്‍ഡബ്ല്യൂ1 എന്ന് പേര് മാറ്റി. 

ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു മീറ്റര്‍ വലിപ്പമുള്ള ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കുന്നുണ്ടെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പറയുന്നത്. ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് അവയെ അപൂര്‍വമായി മാത്രമേ കാണാന്‍ സാധിക്കാറുള്ളൂ. 

ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് കണ്ടെത്തിയ ഒമ്പതാമത്തെ ഛിന്നഗ്രഹമാണിതെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എക്‌സ് പോസ്റ്റില്‍ പറഞ്ഞു. വലിപ്പം കുറവായതിനാല്‍ അന്തരീക്ഷത്തില്‍ തന്നെ കത്തിയമര്‍ന്ന ഛിന്നഗ്രഹം യാതൊരു വിധത്തിലും ഭീഷണിയായിരുന്നില്ല. ഛിന്നഗ്രഹം കത്തിയമരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 


 

Content Highlights: Asteroid burns up over Philippines, European space agency