ഭൂമിക്കരികിലൂടെ കടന്നുപോകാൻ തിമിംഗലത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം; തത്സമയം കാണാം

ഭൂമിക്ക് സമീപത്തുകൂടി സുരക്ഷിതമായി കടന്നുപോകാൻ പുതിയതായി കണ്ടെത്തിയ 2026 JH2 എന്ന ഛിന്നഗ്രഹം എത്തുന്നു. മെയ് 18-ന് രാത്രി 21:23 GMT-ന് ഇന്ത്യൻ സമയം 19-ന് പുലർച്ചെ 2.53-ന് ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തെത്തുമെന്നാണ് സ്‌പേസ്.കോം റിപ്പോർട്ട് ചെയ്യുന്നത്. ഈ സമയം ഭൂമിയിൽ നിന്ന് 56,628 മൈൽ (91,135 കിലോമീറ്റർ) അകലെയായിരിക്കും ഇത്. ലൈവ് സ്ട്രീം വഴി ഈ ബഹിരാകാശ പ്രതിഭാസം തത്സമയം കാണാൻ സാധിക്കും. വെർച്വൽ ടെലിസ്‌കോപ്പ് പ്രോജക്റ്റ് ആണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്.
യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ (ESA) നിഗമനം അനുസരിച്ച് ഈ ഛിന്നഗ്രഹത്തിന് 15 മുതൽ 35 മീറ്റർ വരെ വീതിയുണ്ട്. ഇത് ഏകദേശം ഒരു നീലത്തിമിംഗലത്തിന്റെ വലുപ്പമുള്ളതാണ്. മെയ് 10-ന് അരിസോണയിലെ മൗണ്ട് ലെമ്മൺ സർവേയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. നൂതന ടെലിസ്‌കോപ്പുകൾക്ക് 2026 JH2-നെ കൃത്യമായി ട്രാക്ക് ചെയ്യാൻ കഴിയും.
ഭൂമിക്ക് സമീപത്തുകൂടി കടന്നുപോകുമെങ്കിലും കൂട്ടിയിടിക്കാനുള്ള സാധ്യത പൂജ്യമാണെന്ന് ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 25 മീറ്ററിൽ താഴെ വലുപ്പമുള്ള ബഹിരാകാശ ശിലകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ കത്തിനശിക്കാനും നാശനഷ്ടങ്ങൾ വരുത്താതെ പോകാനും സാധ്യതയുണ്ടെന്നാണ് നാസ വിലയിരുത്തിയിട്ടുള്ളത്.
Content Highlights: Asteroid 2026 JH2 makes a safe close approach to Earth on May 18, 2026., The asteroid will pass within 56,628 miles of Earth., Estimated size is 15-35 meters, comparable to an adult blue whale., Discovery made by the Mount Lemmon Survey on May 10, 2026., NASA confirms zero risk of impact for this space event.