ഒരിക്കൽ കൂട്ടിയിടി ഭയന്നു; 'അപകടകാരികളുടെ' പട്ടികയിലുള്ള 1999 AN10 ഛിന്നഗ്രഹം ഓഗസ്റ്റിൽ ഭൂമിക്കരികിലെത്തും

#സയൻസ് ഡെസ്ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

വീണ്ടും ഒരു ഛിന്നഗ്രഹം ഭൂമിയുടെ അരികിലേക്ക് വരുന്നു. 1999 AN10 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം 2027 ഓഗസ്റ്റ് ഏഴിനാണ് ഭൂമിക്കരികിലൂടെ കടന്നുപോകുക. ഫോബ്സ് റിപ്പോർട്ട് പ്രകാരം, ഭൂമിയുടെ കേന്ദ്രത്തിൽനിന്ന് ഏകദേശം 3,89,860 മുതൽ 3,90,000 കിലോമീറ്റർവരെ അകലത്തിലൂടെയാകും ഛിന്നഗ്രഹം കടന്നുപോകുക. ഇത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി അകലത്തിന് തൊട്ടുമുകളിലുള്ള ദൂരമായിരിക്കുമെന്നാണ് കണക്കാക്കുന്നത്.

അപ്പോളോ വിഭാഗത്തിൽ ഉൾപ്പെടുന്ന ഛിന്നഗ്രഹമാണ് 1999 AN10. ഏകദേശം 1.76 വർഷം കൊണ്ട് സൂര്യനെ ഒരു തവണ ചുറ്റുന്ന ഇതിന്റെ വലുപ്പം 800 മീറ്റർ മുതൽ 1.8 കിലോമീറ്റർ വരെയാണെന്നാണ് കണക്കാക്കുന്നത്. ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്ന ഛിന്നഗ്രഹങ്ങളുടെ സഞ്ചാരപഥം നിരീക്ഷിക്കുന്ന ജ്യോതിശ്ശാസ്ത്രജ്ഞർ ഏറെക്കാലമായി ഇതിന്റെ ചലനങ്ങൾ നിരീക്ഷിച്ചുവരികയാണ്.

1999 AN10 അപകടകാരിയാണോ?

നാസയുടെ പട്ടികയിൽ 'അപകടകാരിയാവാൻ സാധ്യതയുള്ള ഛിന്നഗ്രഹം' (Potentially Hazardous Asteroid) എന്ന വിഭാഗത്തിലാണ് 1999 AN10 ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, 2027-ൽ ഭൂമിയോട് അടുക്കുന്ന ഛിന്നഗ്രഹം സഞ്ചാരത്തിനിടെ ഭൂമിയിൽ ഇടിച്ചിറങ്ങാൻ യാതൊരു സാധ്യതയുമില്ലെന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

ഈ വിഭാഗത്തിലാണെങ്കിലും അത് ഭൂമിയുമായി കൂട്ടിയിടിക്കുമെന്ന് അർഥമാക്കുന്നില്ല. നിശ്ചിത വലുപ്പത്തിന് മുകളിലുള്ളതും ഭൂമിയുടെ ഭ്രമണപഥത്തിന് സമീപത്തുകൂടി കടന്നുപോകാൻ സാധ്യതയുള്ളതുമായ ഛിന്നഗ്രഹങ്ങളെയാണ് ഈ ഗണത്തിൽ ഉൾപ്പെടുത്തുന്നത്. ഏകദേശം 140 മീറ്ററിലധികം വ്യാസവും ഭൂമിയിൽനിന്ന് 75 ലക്ഷം കിലോമീറ്ററിനുള്ളിൽ (ഏകദേശം 46.5 ലക്ഷം മൈൽ) എത്താൻ സാധ്യതയുമുള്ള ഛിന്നഗ്രഹങ്ങൾക്കാണ് ഈ പദവി നൽകുന്നത്.

1999 ജനുവരിയിലാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 2039-ൽ ഇത് ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു അക്കാലത്തെ കണക്കുകൂട്ടൽ. എന്നാൽ, തുടർന്നുണ്ടായ പഠനങ്ങൾ ആ സാധ്യത തള്ളിക്കളഞ്ഞു.

ഛിന്നഗ്രഹത്തെ കാണാനാവുമോ?

2027 ഓഗസ്റ്റ് ഏഴിന് ഭൂമിക്കരികിലൂടെ കടന്നുപോകുന്ന ഈ ഛിന്നഗ്രഹം വാനനിരീക്ഷകർക്ക് കൗതുകകരമായ അനുഭവമായേക്കും. വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ചില പ്രദേശങ്ങളിൽനിന്ന് ബൈനോക്കുലറുകളുടെ സഹായത്തോടെ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് ഏഴിന് രാത്രിയിൽ പെഗാസസ്, പൈസീസ്, ഏരീസ്, ടോറസ് എന്നീ നക്ഷത്രരാശികളുടെ ഭാഗങ്ങളിലൂടെ 1999 AN10 സഞ്ചരിക്കുമെന്നാണ് പ്രവചനം.

Content Highlights: The Apollo-class asteroid 1999 AN10, measuring between 800 meters and 1.8 kilometers wide, will safely pass near Earth on August 7, 2027, at a distance just beyond the Moon's average orbit.