ഒരേസമയം രണ്ട് ആദിമ നരവംശങ്ങള്‍; 15 ലക്ഷം വര്‍ഷം മുമ്പത്തെ കാല്‍പ്പാടുകള്‍ വിരല്‍ചൂണ്ടുന്നത്

ഗവേഷകര്‍ കാല്പാട് കണ്ടെത്തിയ സ്ഥലം പരിശോധിക്കുന്നു. ഫോട്ടോ: AP
ഗവേഷകര്‍ കാല്പാട് കണ്ടെത്തിയ സ്ഥലം പരിശോധിക്കുന്നു. ഫോട്ടോ: AP

ഹോമോ എറക്ടസ്, പരാന്ത്രോപ്പസ് ബോയ്‌സെയി എന്നിവ മനുഷ്യരുടെ പൂര്‍വിക വംശങ്ങളാണെന്നാണ് നരവംശ ശാസ്ത്രം പറയുന്നത്. മനുഷ്യവംശമായ ഹോമോ സാപിയന്‍സുമായി ഇവയ്ക്ക് പരിണാമതലത്തില്‍ ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടതുമാണ്. എന്നാല്‍ ഒരേസമയം ഈ രണ്ട് മനുഷ്യപൂര്‍വ വംശങ്ങളും ജീവിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കെനിയയില്‍ നിന്ന് കണ്ടെത്തിയ 15 ലക്ഷം വര്‍ഷം പഴക്കമുള്ള കാല്‍പ്പാടുകളുടെ ഫോസിലാണ് ഈ നിഗമനത്തിലേക്ക് എത്തിച്ചത്. കെനിയയിലെ തുര്‍കാന തടാകത്തിന് സമീപമുള്ള കൂബി ഫോറയില്‍ നിന്നാണ് പുരാതനമായ കാല്‍പാടുകള്‍ ഗവേഷകര്‍ കണ്ടെത്തിയത്. ഈ രണ്ട് നരവംശങ്ങളും ഒരേസമയം ഒരേസ്ഥലത്ത് അധിവസിച്ചിരുന്നുവെന്ന കണ്ടെത്തലില്‍ അമ്പരന്നിരിക്കുകയാണ് ഗവേഷകര്‍. 

2021-ല്‍ മറ്റൊരു ഫോസിലിന്റെ സാധ്യതതേടിയുള്ള ഖനനത്തിനിടെ അപ്രതീക്ഷിതമായി ഗവേഷകര്‍ക്ക് മുന്നില്‍ ഈ കാല്‍പ്പാടുകള്‍ വെളിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ ഹോമോ എറക്ടസ്, പരാന്ത്രോപ്പസ് ബോയ്‌സെയി എന്നിവയുടേതാണെന്ന് തിരിച്ചറിഞ്ഞത്.  നിരവധി കാല്‍പാടുകള്‍ കണ്ടെത്തിയതില്‍ 12 എണ്ണം കൂടുതല്‍ വ്യക്തമായി സംരക്ഷിക്കപ്പെട്ടിരുന്നു. ഇത് പരാന്ത്രോപ്പസ് ബോയ്‌സെയി വംശത്തിന്റെതാണെന്ന് ഗവേകര്‍ പറയുന്നു. പരന്ന കാല്‍പാദവും കുരങ്ങ് വര്‍ഗത്തില്‍പെട്ടവരുടേതുപോലുള്ള നടത്തരീതിയുമുള്ളവരുടെ കാല്‍പാടുകളായിരുന്നു ഇവ. കണ്ടെത്തിയതില്‍ മൂന്നെണ്ണത്തിന് ഹോമോ എറക്ടസുമായാണ് ബന്ധമുള്ളതെന്നും ഗവേഷകര്‍ പറയുന്നു. മനുഷ്യരേപ്പോലെ ഇരുകാലില്‍ നിവര്‍ന്ന് നിന്ന് നടക്കാന്‍ കഴിയുന്നവയായിരുന്നു ഹോമോ എറക്ടസുകള്‍. ഈ രീതിയിലുള്ള കാല്പാടുകളാണ് ഇവ ഹോമോ എറക്ടസുകളുടേതെന്ന് അനുമാനിക്കാന്‍ സഹായിച്ചത്. 

ഇരുവിഭാഗങ്ങളും ഒരേ സ്ഥലത്തുകൂടി അടുത്തടുത്ത സമയങ്ങളില്‍ സഞ്ചരിച്ചിരുന്നുവെന്നാണ് കാല്പാടുകള്‍ തെളിയിക്കുന്നത്. തടാക തീരത്തെ ചെളിയില്‍ പതിഞ്ഞ നിലയിലാണ് ഇവ പ്രകൃതിയാല്‍ സംരക്ഷിക്കപ്പെട്ടത്. ഇരു വിഭാഗങ്ങളും തമ്മില്‍ ഏതെങ്കിലും തരത്തില്‍ പരസ്പരം കണ്ടുമുട്ടിയിട്ടുണ്ടാകാനുള്ള സാധ്യതയും ഗവേഷകര്‍ തള്ളിക്കളയുന്നില്ല. എന്നാല്‍ അതിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ കിട്ടിയിട്ടില്ല. പാലിയോ നരവംശ ശാസ്ത്രജ്ഞനായ ലൂയിസ് ലീകെ ഉള്‍പ്പെടുന്ന സംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയത്. സയന്‍സ് മാസികയില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 

ഈ രണ്ട് ആദിമ നരവംശങ്ങളും ഒരേസമയത്ത് നിലനിന്നിരുന്നുവെന്നും ഇവരുടെ ഭക്ഷണ ശീലങ്ങള്‍ വ്യത്യാസമായിരുന്നതിനാല്‍ അവ തമ്മില്‍ സംഘട്ടനങ്ങള്‍ ഉണ്ടായിരിക്കാനുള്ള സാധ്യത കുറവാണെന്നും ലൂയിസ് ലീകെ പറയുന്നു. സസ്യാഹാരികളായാണ് പരാന്ത്രോപ്പസ് ബോയ്‌സെയി കരുതപ്പെടുന്നത്. അതേസമയം ഹോമോ എറക്ടസ മിശ്രബുക്കുകളാണ്. മാത്രമല്ല ആയുധങ്ങള്‍ ഉപയോഗിച്ച് വേട്ടയാടാനും മാംസം സംസ്‌കരിച്ച് സൂക്ഷിച്ച് വെയ്ക്കാനും ഇവയ്ക്കറിയാമായിരുന്നു. 

ആധുനിക മനുഷ്യവംശം പരിണമിച്ചുണ്ടായതില്‍ കൂടുതല്‍ സങ്കീര്‍ണമായ കാര്യങ്ങള്‍കൂടി ഉള്‍പ്പെടുന്നുണ്ട് എന്നതിലേക്കാണ് ഈ കാല്‍പ്പാടുകള്‍ വിരല്‍ചൂണ്ടുന്നത്. ഏതായാലും കൂടുതല്‍ ഫോസിലുകള്‍ക്ക് വേണ്ടി പരിശോധന തുടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് ഒരേസമയം രണ്ട് ആദിമ നരവംശങ്ങള്‍ കഴിഞ്ഞിരുന്നതെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. മനുഷ്യ പരിണാമം നടന്ന പ്ലീസ്റ്റോസീന്‍ കാലഘട്ടത്തേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

Content Highlights: 1.5 million-years-old footprints reveal unknown secret about human species