അറാട്ടൈ: റാങ്കിങ്ങില്‍ ആശങ്കയില്ലെന്ന് ശ്രീധര്‍ വെമ്പു, ലക്ഷ്യമിടുന്നത് ദീര്‍ഘകാല പദ്ധതി

#സ്വന്തം ലേഖകന്‍
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

മുംബൈ: ഇന്ത്യന്‍ കമ്പനിയായ സോഹോയുടെ മെസേജിങ് ആപ്പായ അറാട്ടൈ ആപ്പ് സ്റ്റോറിലെ റാങ്കിങ്ങില്‍ ആദ്യ 100-നു താഴെയായതില്‍ ആശങ്കയില്ലെന്ന് കമ്പനി സ്ഥാപകന്‍ ശ്രീധര്‍ വെമ്പു. ദീര്‍ഘകാല സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.

അമിതമായുള്ള പ്രചാരത്തെ കാര്യമാക്കുന്നില്ല. സുസ്ഥിരമായ സാങ്കേതികവിദ്യകള്‍ ഒരുക്കുന്ന സമയത്ത് ഇത്തരം കയറ്റിറക്കങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. അതില്‍ തെറ്റില്ല. ഒരിക്കലും നേരിട്ട് വിജയത്തിലേക്കു പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

അറാട്ടൈയ്ക്കായുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിനാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ആപ്പ് സ്റ്റോറിലെ താത്കാലിക കയറ്റങ്ങള്‍ ദീര്‍ഘകാല വിജയങ്ങളായി തെറ്റിദ്ധരിക്കാന്‍പാടില്ല. ഒന്നാം സ്ഥാനത്തെത്തുകയെന്നത് വലിയസംഭവമായി കരുതുന്നില്ല.

ഏതെങ്കിലും സമയത്തുള്ള ഈ മുന്നേറ്റം അധികം മുന്നോട്ടുപോകില്ല. ഇതിന്റെപേരില്‍ സമയം പാഴാക്കാനില്ല. സാങ്കേതികവിദ്യ മികച്ചനിലയില്‍ കൊണ്ടുവരുകയെന്നതുമാത്രമാണ് ലക്ഷ്യമിടുന്നത്. സോഹോയുടെ 90 ശതമാനം വരുമാനവും ഇന്ത്യക്കു പുറത്തുനിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തരമായി സാങ്കേതികവിദ്യകള്‍ വികസിപ്പിക്കേണ്ടത് ഇന്നത്തെ ആവശ്യമാണ്. ഉയര്‍ന്ന വരുമാനമുള്ള സമ്പദ്‌വ്യവസ്ഥയായി മാറണമെങ്കില്‍ മൂല്യവര്‍ധന ആവശ്യമാണ്. ഇതിനായി എല്ലാ സാങ്കേതികവിദ്യകളും സ്വന്തംനിലയില്‍ വികസിപ്പിക്കേണ്ടതുണ്ട്. ഇന്ത്യ ആഭ്യന്തരമായി പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനായി നിക്ഷേപിക്കേണ്ട സമയമാണെന്നും അദ്ദേഹം പറയുന്നു. മെസേജിങ് രംഗത്ത് മത്സരം പ്രോത്സാഹിപ്പിക്കപ്പെടണം.

മത്സരം കുത്തകവത്കരണം ഒഴിവാക്കാന്‍ സഹായിക്കും. അറാട്ടൈയില്‍ മെസേജുകളുടെ എന്‍ക്രിപ്ഷന്‍ ഘട്ടംഘട്ടമായാണ് നടപ്പാക്കുക. ഉപകരണം അടിസ്ഥാനമാക്കിയുള്ള എന്‍ക്രിപ്ഷന്‍ സംവിധാനം ഉടന്‍ അവതരിപ്പിക്കും. കൃത്യമായ ബാക്കപ്പ് ഉറപ്പാക്കി എന്‍ക്രിപ്ഷന്‍ സാധ്യമാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Zoho founder Sridhar Vembu is unconcerned by the messaging app`s app store ranking. Focus remains on long-term tech development, not short-term fluctuations. Learn more