എഐ ചെലവ് കൂടുന്നു; കൂട്ടപ്പിരിച്ചുവിടൽ ഒഴിവാക്കാൻ ശമ്പള വർധന നിർത്തിവെച്ച് സോഹോ

#ടെക്നോളജി ഡെസ്ക്
സോഹോ.|Photo credit: @academic_mantra
സോഹോ.|Photo credit: @academic_mantra

നിർമിത ബുദ്ധി അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ചെലവ് അതിഭീമമായി ഉയർന്നതും സോഫ്റ്റ്‌വെയർ വിപണിയിലെ അനിശ്ചിതത്വവും കാരണം മുഴുവൻ ജീവനക്കാരുടേയും 2026-ലെ ശമ്പള വർധനവ് നിർത്തിവെച്ച് സോഹോ. കൂട്ടപ്പിരിച്ചുവിടൽ ഒഴിവാക്കാൻ കമ്പനി കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും ചെലവ് ചുരുക്കലിന്റെ ഭാഗമായി മാർക്കറ്റിങ് ബജറ്റ് വെട്ടിക്കുറച്ചുവെന്നും സോഹോ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധർ വെമ്പു പറഞ്ഞു.

കഴിഞ്ഞ 18 മാസമായി കമ്പനി പുതിയ ജീവനക്കാരെ എടുത്തിട്ടില്ല. സോഫ്റ്റ്‌വെയർ തൊഴിൽ മേഖലയുടെ പൊതുവായ ഭാവി അത്ര നല്ലതല്ല. എങ്കിലും, ഭൂരിഭാഗം ജീവനക്കാരും ഈ സാഹചര്യം മനസ്സിലാക്കുന്നുണ്ടെന്നും കമ്പനി അവരോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും വെമ്പു ഒക്ടോബർ 13-ന് ‘എക്സി’ൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

ഡാറ്റാ സെന്ററുകൾക്ക് ആവശ്യമായ സെർവർ ചെലവ് നാലുമടങ്ങ് വർധിച്ചതും നിർമിത ബുദ്ധി ഉപയോഗം കൂടിയത് മൂലം ചെലവുകൾ കുത്തനെ ഉയർന്നതും കമ്പനിക്ക് വലിയ ഭാരമായി മാറിയിരിക്കുന്നുവെന്നും വെമ്പു പറഞ്ഞു. നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും കമ്പനിക്ക് വെല്ലുവിളിയാവുന്നുണ്ട്.

പതിവായി നൽകുന്ന ശമ്പളവർധന ഈ വർഷം നൽകാൻ കഴിയില്ലെന്ന് ജീവനക്കാരെ അറിയിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെന്നും വെമ്പു പോസ്റ്റിൽ പറഞ്ഞു.

കമ്പനി പുതിയ മാറ്റങ്ങളുടെ പാതയിലാണെന്നും അടുത്ത മൂന്നോ അഞ്ചോ വർഷങ്ങൾക്കുള്ളിൽ ആ മാറ്റങ്ങൾ വിജയിച്ചോ എന്ന് വ്യക്തമാകുമെന്നും അതിനായി എല്ലാവരും പ്രാർഥിക്കണമെന്നും പറഞ്ഞാണ്‌ വെമ്പു തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

കൂട്ടപ്പിരിച്ചുവിടൽ നടത്തിയില്ലെങ്കിലും ജീവനക്കാർക്കുമേൽ കർശന നടപടികൾ സ്വീകരിക്കുന്ന കമ്പനികളുടെ പട്ടികയിലേക്ക് സോഹോയും പ്രവേശിച്ചിരിക്കുകയാണ്. ഐടി വ്യവസായരംഗത്ത് സമീപകാലത്തുണ്ടായ വലിയ മാറ്റങ്ങൾ തൊഴിൽ മേഖലയേയും സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്പനികൾ ഉൾപ്പടെ വൻതോതിൽ പിരിച്ചുവിടൽ നടപടികൾ സ്വീകരിച്ചു വരികയാണ്.

Content Highlights: Zoho co-founder Sridhar Vembu announced that the company has paused all employee salary hikes for 2026 due to soaring AI infrastructure and server costs, alongside software market uncertainties, while successfully avoiding layoffs by cutting marketing budgets.