ഹോട്ടലില്‍നിന്ന് AirPods മോഷണംപോയി; പാകിസ്താനില്‍ കണ്ടെത്തി; വീണ്ടെടുക്കാന്‍ യൂട്യൂബര്‍, സാധ്യമോ?

1. പ്രതീകാത്മകചിത്രം 2. ലോഡ് മൈല്‍ഡ് | Photo -  AI, real_lord_miles\X
1. പ്രതീകാത്മകചിത്രം 2. ലോഡ് മൈല്‍ഡ് | Photo - AI, real_lord_miles\X

ദുബായിലെ ഹോട്ടല്‍ മുറിയില്‍നിന്ന് ഒരു വര്‍ഷം മുമ്പ് നഷ്ടപ്പെട്ട എയര്‍പോഡ് കണ്ടെടുക്കാനുള്ള ദൗത്യം വിവരിച്ച് ബ്രിട്ടീഷ് യൂട്യൂബര്‍ ലോഡ് മൈല്‍സ്. എയര്‍പോഡ് എങ്ങനെ വീണ്ടെടുക്കും എന്നതുസംബന്ധിച്ച് അദ്ദേഹം നല്‍കിയ വിവരണം വൈറലായിട്ടുണ്ട്. ആപ്പിളിന്റെ ലോസ്റ്റ് മോഡ് ഉപയോഗിച്ചാണ് എയര്‍പോഡ് പാകിസ്താനിലുണ്ടെന്ന് അദ്ദേഹം കണ്ടെത്തിയത്. അവ വീണ്ടെടുക്കുകതന്നെ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.

172,000-ത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബറാണ് ലോഡ് മൈല്‍സ്. ആപ്പിളിന്റെ ഫൈന്‍ഡ് മൈ ആപ്പ് ഉപയോഗിച്ച് പാകിസ്താനിലെ ഝലം വരെ ട്രാക്ക് ചെയ്ത തന്റെ കളവുപോയ എയര്‍പോഡ്‌സിനെക്കുറിച്ചുള്ള അപ്ഡേറ്റ് അദ്ദേഹം X-ല്‍ പങ്കുവെച്ചു. ഹോട്ടലില്‍ നിന്ന് കാണാതായ എയര്‍പോഡ് പാകിസ്താനില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇതോടെ വെറുതെയിരിക്കാനായില്ല. കണ്ടെത്തുമെന്ന് ഉറപ്പിച്ചു. ഡിഫന്‍സ് റോഡിലെ സെക്കന്‍ഡ് വൈഫ് റെസ്റ്റോറന്റിന് സമീപത്താണ് നിലവില്‍ എയര്‍പോഡ് ഉള്ളതെന്ന് സ്‌ക്രീന്‍ഷോട്ട് ഷെയര്‍ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. 31 മിനിറ്റ് മുന്‍പുവരെ അവിടെ പ്രവര്‍ത്തിച്ചിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'എന്റെ എയര്‍പോഡ്‌സ് പ്രോ ഒരു വര്‍ഷമായി നഷ്ടപ്പെട്ടിരിക്കുന്നു. പാകിസ്താനിലാണ് അതുള്ളത്. ആരാണ് അവിടെ പോയി അത് തിരികെ എടുക്കാന്‍ പോകുന്നത് എന്ന് ഊഹിക്കൂ!' സ്‌ക്രീന്‍ഷോട്ടിനൊപ്പം അദ്ദേഹം X-ല്‍ കുറിച്ചു. 'ദുബായിലെ ഹോട്ടലില്‍ നിന്ന് മോഷ്ടിക്കപ്പെട്ട എയര്‍പോഡാണ് പാകിസ്ഥാനിലെത്തിയത്. ഞാന്‍ ലോസ്റ്റ് മോഡ് ഓണ്‍ ആക്കി. അയാള്‍ എയര്‍പോഡ്‌സ് ഉപയോഗിക്കുമ്പോള്‍ 'find me' എന്ന ശബ്ദം കേള്‍പ്പിക്കുന്നുണ്ട്. ഞാന്‍ ഒരു പോലീസുകാരനെയും കൂട്ടി ആ പ്രദേശം തിരഞ്ഞുകണ്ടെത്തി എന്റെ എയര്‍പോഡ് വീണ്ടെടുക്കും. ഇതെല്ലാം ചിത്രീകരിക്കുകയും ചെയ്യും. കള്ളന്മാരെ എനിക്ക് ഇഷ്ടമല്ല - യൂട്യൂബര്‍ വ്യക്തമാക്കി. പ്രാദേശിക അധികാരികളുടെ സഹായത്തോടെ മോഷ്ടിക്കപ്പെട്ട എയര്‍പോഡ്‌സ് വീണ്ടെടുക്കാനാണ് മൈല്‍സ് ഇപ്പോള്‍ ആലോചിക്കുന്നത്. നീക്കങ്ങള്‍ തന്റെ പ്രേക്ഷകര്‍ക്കായി ചിത്രീകരിക്കാനും അദ്ദേഹം ഉദ്ദേശിക്കുന്നു. അതിനിടെ, അദ്ദേഹത്തിന്റെ നീക്കം സാമൂഹിക മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ചിലര്‍ അതിന്റെ പ്രായോഗികതയും വേണ്ടിവരുന്ന ചെലവുകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ ഒന്ന് വാങ്ങുന്നതല്ലേ എളുപ്പവും ചെലവ് കുറഞ്ഞ മാര്‍ഗമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ഒരു എയര്‍പോഡ് വീണ്ടെടുക്കുന്നതിനുവേണ്ടി നിങ്ങള്‍ എത്രയധികം തുകയാണ് ടിക്കറ്റിനത്തില്‍ ചെലവാക്കാനൊരുങ്ങുന്നതെന്ന് മറ്റുചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Content Highlights: youtuber to recover stolen airpods from pakistan