ഷവോമിയുടെ മറ്റൊരു ബജറ്റ് ഫോണ്‍ ഉടൻ ഇന്ത്യയിലെത്തും; റെഡ്മി 14 സി വരുന്നു

ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി പുതുവര്‍ഷത്തോടനുബന്ധിച്ച് ഇന്ത്യയില്‍ മറ്റൊരു ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ കൂടി അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വര്‍ഷാദ്യം മിഡ്-റേഞ്ച് ഫോണുകള്‍ അവതരിപ്പിക്കുന്ന പതിവ് ഇത്തവണയും തുടരുകയാണെങ്കില്‍ റെഡ്മി 14 സി എന്ന ഫോണ്‍ ഉടന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റെഡ്മി 13 സി-യുടെ പിന്‍ഗാമിയാണ് റെഡ്മി 14 സി. എന്നാണ് പ്രഖ്യാപനം എന്നതില്‍ സ്ഥിരീകരണമില്ലെങ്കിലും ഷവോമി ഈ ഫോണിന്റെ അവസാനഘട്ട പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് വിവരം. 2024 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയെന്നിരിക്കെ 2025 ജനുവരിയില്‍ റെഡ്മി 14 സി അവതരിപ്പിക്കുമെന്നാണ് സൂചന.
റെഡ്മി എ 4-ന് സമാനമായ ഡിസൈനാണ് റെഡ്മി 14 സി-യ്ക്കുള്ളത്. മിഡ്-റേഞ്ച് ഫോണുകളിലെ പ്രീമിയം ഡിസൈനുള്ള ഫോണ്‍ എന്ന പ്രതീതി സൃഷ്ടിക്കാന്‍ ഈ മോഡലിന് കഴിയും. വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളില്‍ വിവിധ സെന്‍സറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നീലനിറമാണ് ഫോണിനുണ്ടാകുക. അടുത്തിടെ പുറത്തിറങ്ങിയ റെഡ്മി 14 ആര്‍ എന്ന ഫോണ്‍ റീബ്രാന്‍ഡ് ചെയ്തതാണ് റെഡ്മി 14 സി എന്നും ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
സ്‌നാപ്പ്ഡ്രാഗണ്‍ ഫോര്‍ത്ത് ജെന്‍ 2 ചിപ്പാണ് റെഡ്മി 14 സി-യ്ക്ക് കരുത്തേകുക. 5160 എം.എ.എച്ച്. ആണ് ബാറ്ററി ശേഷി. 18 വാട്ട് വയേഡ് ചാര്‍ജിങ്, 6.68 ഇഞ്ച് എച്ച്.ഡി. എല്‍.സി.ഡി. സ്‌ക്രീന്‍, 120 ഹെര്‍ട്ട്‌സ് റീഫ്രഷ്‌മെന്റ് റേറ്റ്, 600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയാണ് പ്രധാന സ്‌പെസിഫിക്കേഷനുകള്‍ എന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ 15,000 രൂപയാണ് റെഡ്മി 14 സി-യുടെ പ്രതീക്ഷിക്കുന്ന വില.
അതേസമയം 2025 ജനുവരിയില്‍ പ്രഖ്യാപിക്കുമെന്ന് കരുതിയ റെഡ്മി നോട്ട് 14 ഈ മാസം തന്നെ ഷവോമി പ്രഖ്യാപിച്ചിരുന്നു. സമാനമായി റെഡ്മി എ 3-യും ഒരുമാസം മുമ്പ് തന്നെ എത്തി. ഷവോമി മാത്രമല്ല, വിവോ, ഓപ്പോ, റിയല്‍മി ഐക്യൂ തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം തങ്ങളുടെ ഫോണുകള്‍ കരുതിയതിലും നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.
Content Highlights: Xiaomi is launching another budget phone? Redmi 14C is coming