പ്രവർത്തനം നിലച്ച് എക്‌സ്; ഇന്ത്യയും യുഎസ്സും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സേവനങ്ങൾ തടസപ്പെട്ടു

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമമായ എക്‌സ് (പഴയ ട്വിറ്റർ) പ്രവർത്തനം നിലച്ചു. ബുധനാഴ്ച രാത്രിയോടെയാണ് എക്‌സിലെ സേവനങ്ങൾ തടസപ്പെട്ടത്. ഇന്ത്യ, യുഎസ്, യുകെ തുടങ്ങി നിരവധി രാജ്യങ്ങളിൽ എക്‌സ് നിശ്ചലമായെന്നാണ് റിപ്പോർട്ട്. പതിനായിരക്കണക്കിന് പേരാണ് എക്‌സ് പണിമുടക്കിയതായി ഡൗൺഡിറ്റക്ടറിൽ റിപ്പോർട്ട് ചെയ്തത്.
ഡൗൺഡിറ്റക്ടറിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം രാത്രി എട്ട് മണിയോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. എട്ടര വരെയുള്ള സമയത്തിനകം ഇന്ത്യയിൽ നിന്ന് 4700-ലേറെ പേരാണ് പ്രശ്‌നം റിപ്പോർട്ട് ചെയ്തത്. യുകെയിൽ നിന്ന് 4,359 പേർ തടസം റിപ്പോർട്ട് ചെയ്തു. അതേസമയം യുഎസ്സിൽ നിന്ന് 27,000-ത്തിലധികം റിപ്പോർട്ടുകളാണുണ്ടായത്.
സംതിങ് വെന്റ് റോങ്, ട്രൈ എഗെയ്ൻ തുടങ്ങിയ സന്ദേശങ്ങളാണ് പേജ് റിഫ്രഷ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. വെബ്ബിലും മൊബൈൽ ആപ്പിലും എക്‌സ് ലഭിക്കുന്നില്ല. അതേസമയം എക്‌സിന്റെയോ ഇലോൺ മസ്‌കിന്റെയോ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണം ഉണ്ടായിട്ടില്ല. ഒമ്പതരയോടെ എക്‌സിലെ പ്രശ്‌നങ്ങൾ പരിഹരിച്ചതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് ഇലോൺ മസ്‌ക് വിശദീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: On Wednesday, March 18, 2026, social media giant X experienced a major global outage affecting thousands of users. Reports on Downdetector peaked around 8:30 PM IST, with users across India, the US, and the UK unable to refresh feeds or access the website and mobile app. The service was restored after approximately an hour, though the cause remains unconfirmed.