സുതാര്യത ഉറപ്പാക്കാന്‍ നീക്കവുമായി X; പണികിട്ടിയത് ട്രംപ് അനുകൂലികള്‍ക്ക്, ചര്‍ച്ചകളില്‍ ഇന്ത്യയും

#ടെക്‌നോളജി ഡെസ്‌ക്
ഡൊണാൾഡ് ട്രംപ്, ഇലോൺ മസ്‌ക് | Photo - AP, AFP
ഡൊണാൾഡ് ട്രംപ്, ഇലോൺ മസ്‌ക് | Photo - AP, AFP

സുതാര്യത ഉറപ്പാക്കാനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇലോണ്‍ മസ്‌കിന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ്. അക്കൗണ്ട് ഏത് രാജ്യത്തുനിന്ന് തുടങ്ങിയതാണ്, ഉപയോക്താവിന്റെ പേര് എങ്ങനെയൊക്കെ മാറ്റി, വെരിഫിക്കേഷന്‍ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതാണ് പുതിയ ഫീച്ചര്‍.ഈ ഫീച്ചര്‍ വന്നതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (MAGA) പ്രസ്ഥാനത്തിന്റെ ഭാഗമായ നിരവധി അക്കൗണ്ടുകള്‍ വിദേശത്ത് നിന്ന് പ്രവര്‍ത്തിക്കുന്നവയാണെന്ന് കണ്ടെത്തിയതോടെ ഈ ഫീച്ചര്‍ ഒരു  വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തി.

വിവിധ ഹാന്‍ഡിലുകള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിനാണ് എക്‌സ് പ്ലാറ്റ്‌ഫോം ലോകമെമ്പാടുമുള്ള എല്ലാ അക്കൗണ്ടുകള്‍ക്കും രാജ്യത്തിന്റെ ലേബല്‍ നല്‍കാന്‍ തുടങ്ങിയത്. ഉപയോക്താക്കള്‍ക്ക് ഒരു അക്കൗണ്ടിലെ 'ഡേറ്റ് ജോയിന്‍ഡ്' ടാബില്‍ ക്ലിക്ക് ചെയ്യാം. ഇതോടെ ഒരു പുതിയ പേജിലേക്ക് എത്തും. അവിടെയാണ് രാജ്യം ഏതാണെന്ന ലേബല്‍ അടക്കം കാണാന്‍ കഴിയുക.

ആഗോള തലത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന നീക്കമാണിതെന്ന് എക്‌സിന്റെ പ്രൊഡക്റ്റ് മേധാവി നികിത ബിയര്‍ പറയുന്നു. എക്‌സിലെ ഉള്ളടക്കത്തിന്റെ ആധികാരികത പരിശോധിക്കാന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ലക്ഷ്യമിടുന്നു. സംസാര സ്വാതന്ത്ര്യത്തിന് പിഴ ചുമത്തുന്ന രാജ്യങ്ങളില്‍ ഉള്ളവര്‍ക്കായി അവരുടെ ഭൂപ്രദേശത്തിന്റെ വിവരം മാത്രം വെളിപ്പെടുത്തുന്ന സ്വകാര്യത ടോഗിളുകളും ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.' - അവര്‍ വ്യക്തമാക്കി.

എക്‌സിലെ പുതിയ ഫീച്ചര്‍  സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ഇന്ത്യയെ വിമര്‍ശിക്കുന്ന പല എക്‌സ് ഹാന്‍ഡിലുകളും പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് പല ഉപയോക്താക്കളും ചൂണ്ടിക്കാട്ടി. ഈ ഫീച്ചര്‍ വന്നതിന് ശേഷം അവര്‍ ലൊക്കേഷന്‍ 'ദക്ഷിണേഷ്യ' എന്ന് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ചര്‍ച്ചയായി MAGA-യെ പിന്തുണയ്ക്കുള്ള അക്കൗണ്ടുകള്‍

സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടുന്നതിനും സഹായകമാണ് എന്നതിനാല്‍ പുതിയ ഫീച്ചറിന് വലിയപ്രശംസ ലഭിച്ചു. എന്നാല്‍ ചര്‍ച്ചകള്‍ വൈകാതെ MAGA അക്കൗണ്ടുകളിലേക്ക് വഴിതിരിഞ്ഞു. അവയില്‍ പലതും അമേരിക്കക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവയായിരുന്നു എന്നതിനാലാണിത്.

ഈ അക്കൗണ്ടുകള്‍ ഡൊണാള്‍ഡ് ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' നയങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന അജണ്ടകള്‍ പ്രചരിപ്പിക്കുകയും ഡെമോക്രാറ്റുകളെ ആക്രമിക്കുകയും ചെയ്യുന്നവ ആയിരുന്നു. ഈ അക്കൗണ്ടുകളില്‍ പലതും യുഎസിന് പുറത്താണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. 392,000-ല്‍ അധികം ഫോളോവേഴ്സുള്ള 'MAGA NATION' എന്ന പ്രൊഫൈല്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്.

'DarkMagaCoin' എന്ന മറ്റൊരു അക്കൗണ്ട് തായ്‌ലന്‍ഡിലും 'MAGA Scope' നൈജീരിയയിലുമാണ്. കൂടാതെ, 'America First' എന്ന് പേരുള്ള ഒരു അക്കൗണ്ട് ബംഗ്ലാദേശില്‍ നിന്നാണെന്നും കണ്ടെത്തി. @WilliamAlbrech എന്ന മറ്റൊരു പ്രൊഫൈല്‍ സ്വയം 'അള്‍ട്രാ മാഗ' എന്നും 'രാജ്യസ്‌നേഹി' എന്നും വിശേഷിപ്പിക്കുന്നുണ്ട്. ഇത് നൈജീരിയയില്‍ നിന്നാണെന്നും കണ്ടെത്തി.

എതിര്‍ ചേരിയിലും ഇത്തരം അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. 52,000-ല്‍ അധികം ഫോളോവേഴ്സുള്ള 'റോണ്‍ സ്മിത്ത്' എന്ന അക്കൗണ്ട് കെനിയയില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. തന്റെ ബയോയില്‍ 'അഭിമാനിയായ ഡെമോക്രാറ്റ്' എന്നും 'പ്രൊഫഷണല്‍ മാഗ വേട്ടക്കാരന്‍' എന്നും ഇയാള്‍ അവകാശപ്പെടുന്നു.

റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം അന്ന പോളിന ലൂണ ഈ വിവാദത്തോട് പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'ഈ അമേരിക്കന്‍ അനുകൂല കപട അക്കൗണ്ടുകളുടെയെല്ലാം പിന്നീല്‍ അക്ഷരാര്‍ഥത്തില്‍ വിദേശ തട്ടിപ്പുകാരാണ്. വിദേശ ഇടപെടല്‍ വാസ്തവമാണ്' - അവര്‍ ആരോപിച്ചു.

Content Highlights: X rolls out country-of-origin feature, revealing many MAGA accounts are foreign-run. Uncover the truth behind online discourse and propaganda.