‘എക്സി’ൽനിന്ന് ഇനി ചുമ്മാ പണമുണ്ടാക്കാമെന്ന് കരുതേണ്ട! മസ്കിന്റെ പണി വരുന്നു, മാറ്റം എങ്ങനെ?

#ടെക്നോളജി ഡെസ്ക്
ഇലോൺ മസ്‌ക് | Photo - AFP
ഇലോൺ മസ്‌ക് | Photo - AFP

‘എക്സി’ൽനിന്ന് ഇനി എളുപ്പം പണമുണ്ടാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കില്ല. മൂന്ന് വർഷമായി തുടരുന്ന റെവന്യൂ ഷെയറിങ് പ്രോഗ്രാം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം.

ട്വിറ്ററിനെ ഏറ്റെടുത്ത ശേഷം അതിനെ എക്സ് എന്ന് പുനർനാമകരണം ചെയ്തതിനൊപ്പം ഇലോൺ മസ്ക് അവതരിപ്പിച്ച മാറ്റങ്ങളിലൊന്നായിരുന്നു ‘എക്സി’ൽനിന്നുള്ള വരുമാനം പങ്കിടുന്ന സംവിധാനം. ആളുകളെ എക്സിൽ കൂടുതൽ പോസ്റ്റുകൾ പങ്കുവെക്കാനും ഇടപെടാനും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. കൂടുതൽ പോസ്റ്റുകൾ പങ്കുവെക്കുന്നയാൾക്ക് നിശ്ചിത തുക തങ്ങളുടെ വരുമാനത്തിൽ നിന്നുള്ള പങ്കായി എക്സ് നൽകിവന്നു.

എന്നാൽ, മൂന്ന് വർഷങ്ങൾക്കിപ്പുറം ഈ റെവന്യൂ ഷെയറിങ് പ്രോഗ്രാം  നിർത്തിവെക്കുകയാണ്. സെപ്റ്റംബർ ഏഴിന് ഈ സംവിധാനം ഔദ്യോഗികമായി നിർത്തലാക്കും. പകരം സെപ്റ്റംബർ എട്ട് മുതൽ പുതിയ ഒറിജിനൽ കണ്ടന്റ് റിവാഡ്സ് പ്രോഗ്രാം ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിക്കുകയും ചെയ്തു.

എന്തിനാണ് ഈ മാറ്റം ? എന്താണ് പുതിയ ഒറിജിനൽ കണ്ടന്റ് റിവാഡ്സ് പ്രോഗ്രാം ?

പഴയ റെവന്യൂ ഷെയറിങ് പ്രോഗ്രാമിന് കീഴിൽ ആർക്കും ‘എക്സി’ൽനിന്ന് എളുപ്പം പണം നേടാൻ സാധിക്കുമായിരുന്നു. അതിന് ഉപയോക്താവ് പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം അയാളുടേത് തന്നെ ആവണമെന്നില്ല. മറ്റാരുടേയെങ്കിലും ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്താൽ മതിയായിരുന്നു. പുതിയ ഒറിജിനൽ കണ്ടന്റ് റിവാഡ്സ് പ്രോഗ്രാം അനുസരിച്ച് യഥാർത്ഥ ഉള്ളടക്കങ്ങൾക്ക് ലഭിക്കുന്ന ക്വാളിഫൈഡ് ഇംപ്രഷനുകൾക്ക് മാത്രമേ ഉപയോക്താവിന് വരുമാനം ലഭിക്കുകയുള്ളൂ.

ഇതു പ്ലാറ്റ്‌ഫോമിൽ വർദ്ധിച്ചുവരുന്ന നിർമിത ബുദ്ധി (AI) ഉള്ളടക്കങ്ങളും ആളുകളെ ആകർഷിക്കാൻ മാത്രമായി പങ്കുവെക്കുന്ന നിലവാരമില്ലാത്ത പോസ്റ്റുകളും വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

‘എക്സി’ലെ റെവന്യൂ ഷെയറിങ് സംവിധാനം ഉപയോക്താക്കൾ വ്യാപകമായി ദുരുപയോഗം ചെയ്യാൻ തുടങ്ങിയതാണ് പുതിയ പ്രതിഫല രീതി അവതരിപ്പിക്കാൻ എക്സിനെ നിർബന്ധിതമാക്കിയതെന്നാണ് കരുതുന്നത്. റെവന്യൂ ഷെയറിങ് പ്രോഗ്രാമിൽ കൂടുതൽ പണം നേടുന്നതിനായി പലരും സിസ്റ്റത്തെ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് ദുരുപയോഗം (gamify) ചെയ്യാൻ തുടങ്ങിയിരുന്നു. ഇത്തരത്തിൽ പ്ലാറ്റ്ഫോമിനെ ദുരുപയോഗം ചെയ്യുന്നത് തടയാൻ പുതിയ സംവിധാനം സഹായിക്കും.

മാറ്റം എങ്ങനെ പ്രതിഫലിക്കും

പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ ‘എക്സി’ൽനിന്ന് വരുമാനം ലഭിക്കുന്ന ക്രിയേറ്റർമാരുടെ എണ്ണത്തിൽ വൻകുറവു വരും. ടെക് അനലിസ്റ്റായ യോഗേഷ് ബ്രാർ വ്യക്തമാക്കുന്നതനുസരിച്ച്, പ്ലാറ്റ്‌ഫോമിൽനിന്ന് പ്രതിഫലം ലഭിക്കുന്ന പ്രീമിയം ക്രിയേറ്റർമാരുടെ എണ്ണം നിലവിലുള്ള 60-70 ശതമാനത്തിൽനിന്ന് വെറും 10 ശതമാനമായി കുറയാൻ സാധ്യതയുണ്ട്.

പുതിയ സംവിധാനത്തിൽ ഇംപ്രഷനുകളുടെ പരിധി 50 ലക്ഷത്തിൽനിന്ന് അഞ്ച് ലക്ഷമായി കുറച്ചിട്ടുണ്ടെങ്കിലും, ഈ ഇംപ്രഷനുകൾ ‘എക്സി’ലെ പെയ്ഡ് വരിക്കാരിൽനിന്ന് തന്നെ ലഭിക്കണം. കൂടാതെ, പോസ്റ്റുകളുടെ താഴെ വരുന്ന മറുപടികളിൽനിന്നുള്ള ഇംപ്രഷനുകൾ ഇനി വരുമാനത്തിനായി കണക്കാക്കുകയുമില്ല. വലിയ റീച്ച് ഇല്ലാത്തവർക്ക് അഞ്ച് ലക്ഷം പെയ്ഡ് വരിക്കാരിൽനിന്ന് ഇംപ്രഷനുകൾ ലഭിക്കുന്നത് വളരെ പ്രയാസകരമാണ്. അതുകൊണ്ടുതന്നെ ഒറിജിനൽ ഉള്ളടക്കങ്ങൾ പങ്കുവെച്ചാലും വരുമാനം നേടുകയെന്നത് വലിയൊരു കടമ്പയായി മാറും.

പുതിയ പ്രോഗ്രാമിലേക്ക് വീണ്ടും അപേക്ഷിക്കണം

മുൻപ് റെവന്യൂ ഷെയറിങ് പ്രോഗ്രാമിന്റെ ഭാഗമായി വരുമാനം ലഭിച്ചിരുന്ന ക്രിയേറ്റർമാർക്ക് പുതിയ സംവിധാനത്തിൽ ഓട്ടോമാറ്റിക് ആയി യോഗ്യത ലഭിക്കില്ല. അവർ പുതിയ നിയമങ്ങൾക്കനുസരിച്ച് വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. മുൻപത്തെ പ്രോഗ്രാമിന്റെ ഭാഗമായിരുന്ന ക്രിയേറ്റർമാർക്കുള്ള അവസാന പേയ്‌മെന്റുകൾ ഓഗസ്റ്റ് 14, ഓഗസ്റ്റ് 28, സെപ്റ്റംബർ 11 എന്നീ തീയതികളിലായി വിതരണം ചെയ്യും. 

ക്രിയേറ്റർമാരുടെ രീതി മാറും

കേവലം പോസ്റ്റുകളുടെ ഇംപ്രഷനുകൾ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, ആളുകളെ ആകർഷിക്കാനും അവരുടെ ഇടപെടൽ പ്രോത്സാഹിപ്പിക്കാനും മാത്രം ലക്ഷ്യമിട്ടുള്ള അനാവശ്യമായതും ഗുണമേന്മയില്ലാത്തതുമായ പോസ്റ്റുകൾക്ക് പുതിയ പ്രോഗ്രാം വരുന്നതോടെ എക്സിൽ വിലയില്ലാതാവും. വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിൽ എക്സിൽ എന്തും പങ്കുവെക്കാമെന്ന ചിന്താഗതി ക്രിയേറ്റർമാർ മാറ്റേണ്ടിവരും.

സ്വയം കഴിവുകൾ പ്രകടിപ്പിക്കാനും എഴുതാനും സ്വന്തമായി വിശ്വസനീയമായ പേര് നേടിയെടുത്ത് പ്ലാറ്റ്‌ഫോമിന് വെളിയിൽനിന്ന് സ്പോൺസർഷിപ്പ് നേടാൻ ശ്രമിക്കാനും ഈ മാറ്റം ക്രിയേറ്റർമാരെ പ്രേരിപ്പിക്കും. പെയ്ഡ് വെരിഫൈഡ് ഉപയോക്താക്കൾക്ക് പ്രാധാന്യമുള്ളതിനാൽ ‘എക്സി’ൽ വിശ്വസനീയമായ ഒരു കൂട്ടം ഉപഭോക്താക്കൾക്കിടയിലേക്ക് എത്തിച്ചേരാനും ഈ നീക്കം ക്രിയേറ്റർമാരെ സഹായിക്കും.

പുതിയ മാറ്റവും ഫലപ്രദമല്ലെന്ന് ആശങ്ക

കർശനമായ പുതിയ നിയമങ്ങൾ വന്നാലും ചിലർ അൽഗോരിതങ്ങളിൽ കൃത്രിമം കാണിച്ച് ഈ സംവിധാനത്തെ ചൂഷണം ചെയ്യാൻ സാധ്യതയുണ്ടെന്ന് ക്രിയേറ്റർമാർ ആശങ്കപ്പെടുന്നു. ഒറിജിനൽ ഉള്ളടക്കങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തി പകർപ്പുകൾ സൃഷ്ടിച്ച് തട്ടിപ്പുകൾ നടത്താൻ ആളുകൾ ഇപ്പോഴും ശ്രമിച്ചേക്കാം. യഥാർത്ഥ ക്രിയേറ്റർമാരെ എക്സ് നേരിട്ട് കണ്ടെത്തി ഒരു പ്രത്യേക ലിസ്റ്റിൽ ഉൾപ്പെടുത്താത്തപക്ഷം, ഈ മാറ്റം കൊണ്ട് വലിയ ഫലമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നാണ് ചിലർ വിലയിരുത്തുന്നത്.

Content Highlights: Elon Musk’s social media platform X is shutting down its three-year-old revenue sharing program to combat spam and AI content, introducing a new "Original Content Rewards" scheme with stricter criteria for creators.