ഓപ്പണ്‍ എഐയെ ഭയപ്പെടുത്തിയതെന്ത്? എന്താണ് ഗൂഗിളിന്റെ പ്രൊജക്ട് അസ്ത്ര?

Photo: Google
Photo: Google

യഥാര്‍ത്ഥത്തില്‍ എല്ലാവര്‍ക്കുമുണ്ടായിരുന്ന സംശയമായിരുന്നു അത്. ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ച തീയ്യതിക്ക് തൊട്ടു മുമ്പുള്ള ദിവസം; അതായത് തിങ്കളാഴ്ച രാത്രിയാണ് ഓപ്പണ്‍ എഐ ജിപിടി 4ഒ അവതരിപ്പിച്ചത്. ചിത്രങ്ങളും വീഡിയോയും ടെക്‌സ്റ്റും ഉപയോഗിച്ച് മികച്ച രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിവുള്ള എഐ മോഡലാണ് ജിപിടി 4ഒ. തത്സമയ വീഡിയോ ഉപയോഗിച്ച് ചാറ്റ് ജിപിടിയുമായി സംസാരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്ന് ഓപ്പണ്‍ എഐ പരിചയപ്പെടുത്തി. 

എന്നാല്‍ ഗൂഗിളിനെതിരെ ഒരു മുഴം മുമ്പേയുള്ള ഏറായിരുന്നു അത്. ഗൂഗിളിന്റെ പ്രൊജക്ട് അസ്ത്ര പ്രഖ്യാപനം ഓപ്പണ്‍ എഐ മുന്‍കൂട്ടി അറിഞ്ഞുകാണണം. കാരണം ഗൂഗിള്‍ 4 ഒയുടെ മള്‍ടി മോഡല്‍ ആശയവിനിമയ കഴിവുകള്‍ക്ക് സമാനമായ പുതിയ പ്രഖ്യാപനങ്ങളാണ് ഗൂഗിള്‍ നടത്തിയത്. 

ഗൂഗിൾ യുണിവേഴ്സൽ ഏജന്‍റിന്റെ കഴിവുകൾ പരിചയപ്പെടുത്തുന്നു | Photo: Google

ചൊവ്വാഴ്ച അവതരിപ്പിച്ച കീനോട്ടില്‍ ഗൂഗിളിന്റെ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു പ്രൊജക്ട് അസ്ത്ര. എഐ അസിസ്റ്റന്റുകളുടെ ഭാവി എന്ന നിലയിലാണ് ഗൂഗിള്‍ പ്രൊജക്ട് അസ്ത്രയെ അവതരിപ്പിക്കുന്നത്. 

ദൈനംദിന ജീവിതത്തിന് സഹായകമായ എഐ ഏജന്റ് നിര്‍മിച്ചെടുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഗൂഗിള്‍ പറയുന്നു. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് തുടക്കം മുതല്‍ തന്നെ ജെമിനിയെ ഒരു മള്‍ട്ടി മോഡല്‍ എന്ന നിലയില്‍ നിര്‍മിച്ചെടുത്തത്. 

ഈ യൂണിവേഴ്‌സല്‍ ഏജന്റിന് മനുഷ്യരെ പോലെ തന്നെ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ തിരിച്ചറിയാനാകുമെന്ന് ഗൂഗിള്‍ പറയുന്നു. കാണാനും കാണുന്നത് ഓര്‍ത്തുവെക്കാനും അതിനെ കുറിച്ചുള്ള കാര്യങ്ങള്‍ തിരിച്ചറിയാനും അതിനനുസരിച്ച് പ്രവൃത്തികള്‍ ചെയ്യാനും ഈ എഐ ഏജന്റിന് സാധിക്കും. 

ചാറ്റ്ജിപിടിയുടെ തത്സമയ വീഡിയോ ഇൻപുട്ട് നൽകിയുള്ള ആശയവിനിമയം പരിചയപ്പെടുത്തുന്നു | Photo: Open Ai

അതായത് ഓപ്പണ്‍ എഐ അവതരിപ്പിച്ച തത്സമയ വീഡിയോ ഉപയോഗിച്ചുള്ള ആശയവിനിമയം സാധ്യമാക്കുന്ന സംവിധാനമാണ് പ്രൊജക്ട് അസ്ത്രയിലൂടെ ഗൂഗിള്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഒരു വീഡിയോ ഡെമോ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന തത്സമയ ദൃശ്യത്തില്‍ കാണുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ജെമിനി എഐ വിശദീകരിച്ചു നല്‍കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഈ സംവിധാനം ഒരു അന്തിമ ഉല്പന്നമായി ഗൂഗിള്‍ അവതരിപ്പിച്ചിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ ഇത് അവതരിപ്പിക്കപ്പെട്ടേക്കാം. 

എന്തായാലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കാണാനും കാര്യങ്ങള്‍ തിരിച്ചറിയാനുമുള്ള കഴിവ് അതിവേഗം തന്നെ ലഭിച്ചു കഴിഞ്ഞു എന്ന് വ്യക്തമാക്കുകയാണ് ഓപ്പണ്‍ ഐയുടെയും ഗൂഗിളിന്റെയും പ്രഖ്യാപനങ്ങള്‍.
 

Content Highlights: what is google project astra