ഇന്ത്യൻ ബഹിരാകാശക്കുതിപ്പിൽ ചരിത്രമെഴുതിയ ‘വിക്രം-1’: കോഴിക്കോടിന്റെ അഭിമാനതാരമായി രണ്ടുപേർ

രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച ആദ്യ സ്വകാര്യ ഓർബിറ്റൽ വിക്ഷേപണ വാഹനമായ ‘വിക്രം-1’ന്റെ ചരിത്ര വിജയത്തിന് പിന്നിലെ മലയാളിപ്രതിഭകളിൽ രണ്ടുപേർ കോഴിക്കോട്ടുകാർ. നടുവണ്ണൂർ പഞ്ചായത്തിൽ ‘ഗോകുലം’ വീട്ടിൽ എ.എം. കുമാരന്റെയും ടി.കെ. കോമളയുടെയും മകനായ അജിൻഘോഷ്, കല്ലായി സ്വദേശി മൂലാട്ട് രവീന്ദ്രന്റെയും പുഷ്പയുടെയും മകൻ എം. രംഷീജ് എന്നിവരാണവർ.
തെർമൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ അജിൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ പ്രൊഫ. ഡോ. പ്രദീപ് കുമാറിന്റെ കീഴിൽ നടത്തിയ ഗവേഷണങ്ങളിലൂടെയാണ് റോക്കറ്റ് പ്രൊപ്പൽഷൻ രംഗത്തേക്ക് ചുവടുവെക്കുന്നത്. തുടർന്ന് സ്കൈറൂട്ട് എയറോസ്‌പേസിൽ ചേർന്ന അദ്ദേഹം, ഇന്ത്യൻ റോക്കറ്റ് ശാസ്ത്രത്തിലെ പ്രഗല്‌ഭനും പത്മശ്രീ ജേതാവുമായ ജ്ഞാനഗാന്ധിക്കൊപ്പം പ്രവർത്തിച്ചു. വിക്രം-1 റോക്കറ്റിന്റെ വിക്ഷേപണ വേളയിൽ ഏറ്റവും സുപ്രധാനമായ ‘റോൾ കൺട്രോൾ ത്രസ്റ്റർ’ സംവിധാനം രൂപകൽപ്പനയിലും വികസനത്തിലും ശ്രദ്ധേയമായ സംഭാവന അജിന്റേതായുണ്ട്.
ക്രയോജനിക്, ഹൈപ്പർഗോളിക്, പരിസ്ഥിതി സൗഹൃദപരമായ ഗ്രീൻ പ്രൊപ്പൽഷൻ തുടങ്ങിയ വിവിധ റോക്കറ്റ് എൻജിൻ സാങ്കേതികവിദ്യകളിൽ മികവ് തെളിയിച്ച അദ്ദേഹം ഒട്ടേറെ സാങ്കേതിക ടീമുകളെ വിജയകരമായി നയിച്ചിട്ടുണ്ട്. നിലവിൽ സ്കൈറൂട്ട് എയറോസ്പേസിൽ ‘ഗ്രീൻ പ്രൊപ്പൽഷൻ ഡിവലപ്‌മെന്റ്’ വിഭാഗം ലീഡായും ‘ലിക്വിഡ് പ്രൊപ്പൽഷൻ സി.എഫ്.ഡി. ആൻഡ് സിസ്റ്റം അനാലിസിസ്’ ടീമിന്റെ ഫോക്കൽ പോയിന്റായും പ്രവർത്തിക്കുന്നു. സ്കൈറൂട്ട് എയറോസ്‌പേസിൽത്തന്നെ ക്വാളിറ്റി എൻജിനിയറാണ് ഭാര്യ അമൃത.
സ്വാമി നിത്യാനന്ദ കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ് പൂർത്തിയാക്കിയ രംഷീജ്, കാമ്പസ് ഇന്റർവ്യൂ വഴിയാണ് ഐ.എസ്.ആർ.ഒ.യുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസം സെന്ററിൽ (എൽ.പി.എസ്.സി.) ട്രെയിനിയായി പ്രവേശിക്കുന്നത്. 11 വർഷത്തോളം എൽ.പി.എസ്.സി. യിൽ കോൺട്രാക്ട് എൻജിനിയർ ആയിരുന്നു. ജി.എസ്.എൽ.വി. ക്രയോജനിക് എൻജിൻ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ബഹിരാകാശ പദ്ധതികളുടെ ഭാഗമായി പ്രവർത്തിച്ചു. 2021-ലാണ് സ്കൈറൂട്ട് എയറോസ്‌പേസിൽ ക്വാളിറ്റി എൻജിനിയറായി (ലിക്വിഡ് പ്രൊപ്പൽഷൻ) എത്തുന്നത്. നിലവിൽ അസോസിയേറ്റ് സിസ്റ്റം റിലയബിലിറ്റി ലീഡാണ്. റോക്കറ്റിന് നിശ്ചിത ഭ്രമണപഥത്തിലേക്ക് കുതിക്കാനും ഉപഗ്രഹങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും സഹായിക്കുന്ന ഓർബിറ്റൽ അഡ്ജസ്റ്റ്‌മെന്റ് മൊഡ്യൂൾ, അതുപോലെ റോൾ കൺട്രോൾ സിസ്റ്റം എന്നീ ഘട്ടങ്ങൾക്കായി മുന്നൂറിലധികം അതിപ്രധാന ഘടകങ്ങളുടെ നിർമാണവും ഗുണനിലവാര പരിശോധനയും അദ്ദേഹം പൂർത്തിയാക്കി.
Content Highlights: Two native engineers from Kozhikode, Ajin Ghosh and M. Ramsheej, played pivotal engineering and quality roles at Skyroot Aerospace in the historic launch of India's first private orbital rocket, Vikram-1.