ബോൾട്ടിനെ ഓടിതോൽപ്പിക്കുന്ന സൂപ്പർമാൻ റോബോട്ടുമായി യൂണിട്രീ, മണിക്കൂറിൽ 45.6കി.മീ വേഗത; വീഡിയോ വൈറൽ

സൂപ്പർമാൻ എന്ന് പേരിൽ പുതിയ ഹ്യൂമനോയ്ഡ് റോബോട്ട് പുറത്തിറക്കി ചൈനീസ് റോബോട്ടിക്‌സ് കമ്പനിയായ യൂണിട്രീ. സെക്കൻഡിൽ 12.66 മീറ്റർ (മണിക്കൂറിൽ ഏകദേശം 45.6 കിലോമീറ്റർ) വേഗതയിൽ ഓടാൻ ഇതിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോയിലൂടെയാണ് കമ്പനി റോബോട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. മൂന്ന് മാസംകൊണ്ട് വികസിപ്പിച്ചെടുത്ത ഈ റോബോട്ടിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുമെന്ന് കമ്പനി പറയുന്നു.
ജമൈക്കൻ സ്പ്രിന്റർ ഉസൈൻ ബോൾട്ട് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വേഗതയെ മറികടക്കാൻ ഈ റോബോട്ടിന് സാധിച്ചുവെന്നും കമ്പനി അവകാശപ്പെടുന്നു. 2009-ൽ ബെർലിനിൽ നടന്ന വേൾഡ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ ബോൾട്ട് സെക്കൻഡിൽ ഏകദേശം 12.42 മീറ്റർ വേഗത കൈവരിച്ചിരുന്നു. റോബോട്ട് ഇത് മറികടന്നുവെന്നാണ് യുണിട്രീയുടെ അവകാശവാദം. സൂപ്പർമാൻ റോബോട്ട് രണ്ട് മീറ്റർ ഉയരത്തിൽ ചാടുന്നതിന്റെ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. 0.85 മീറ്റർ നീളമുള്ള കാലുകൾ ഉപയോഗിച്ചാണ് റോബോട്ട് ഓടുകയും ചാടുകയും ചെയ്യുന്നത്. കമ്പനിയുടെ അവകാശവാദങ്ങൾ ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
കമ്പനിയുടെ നിർണായക സമയത്താണ് ഈ റോബോട്ട് യൂണിട്രീ പുറത്തിറങ്ങിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ (IPO) ഏകദേശം 6.1 ബില്യൺ യുവാൻ (ഏകദേശം 905 മില്യൺ ഡോളർ) സമാഹരിച്ച ശേഷം ഹാങ്ഷൗ ആസ്ഥാനമായുള്ള ഈ കമ്പനി ഷാങ്ഹായ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സ്റ്റാർ മാർക്കറ്റിൽ വ്യാപാരത്തിന് തയ്യാറെടുക്കുകയാണ്.
വളർന്നുവരുന്ന ഹ്യൂമനോയ്ഡ് റോബോട്ട് വ്യവസായത്തിലെ മുൻനിര കമ്പനികളിലൊന്നായി യൂണിട്രീ ഇതിനകം മാറിയിട്ടുണ്ട്. ഈ മാസം ആദ്യം കമ്പനി പുറത്തുവിട്ട കണക്കുകൾ പ്രകാരം തങ്ങളുടെ വിവിധ മോഡലുകളിലായി രണ്ട് കാലുകളുള്ള ഏകദേശം 18,000 ഹ്യൂമനോയ്ഡ് റോബോട്ടുകൾ കമ്പനി നിർമ്മിച്ചിട്ടുണ്ട്.
Content Highlights: Unitree unveiled the Superman humanoid robot running at 12.66 m/s (45.6 km/h)., The robot's peak speed claim surpasses Usain Bolt's 2009 record of 12.42 m/s., Superman also demonstrated a standing jump of about two metres., Performance claims remain unverified independently., The launch aligns with Unitree's upcoming STAR Market IPO on the Shanghai Stock Exchange.