സൈബർ കുറ്റവാളികളെ തിരിച്ചറിയുക പ്രധാന വെല്ലുവിളി - കേന്ദ്ര ആഭ്യന്തര സെക്രട്ടറി

കൊച്ചി: സൈബർ തട്ടിപ്പിൽ മറഞ്ഞിരിക്കുന്ന കുറ്റവാളികളെ കണ്ടെത്തുന്നത് ദുഷ്കരമാണെന്നും ഡിജിറ്റൽ സുരക്ഷയ്ക്ക് തദ്ദേശീയ സാങ്കേതികവിദ്യകൾ കൂടുതലായി രൂപപ്പെടണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ പറഞ്ഞു. കേരള പോലീസ് സംഘടിപ്പിച്ച സൈബർ സുരക്ഷാ കോൺഫറൻസ് ‘കൊക്കൂൺ-2025’ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡാർക്ക് വെബ്, വിപിഎൻ തുടങ്ങിയ രഹസ്യാത്മകമായ സങ്കേതങ്ങളിലൂടെയാണ് സൈബർ തട്ടിപ്പ് വ്യാപിക്കുന്നത്. പണം ക്രിപ്‌റ്റോ കറൻസിയാക്കി വിനിമയം ചെയ്യുന്നു. തട്ടിപ്പ് സംഘങ്ങൾ കാണാമറയത്ത് നിൽക്കുന്നതിനാൽ ഇവരിലേക്ക് അന്വേഷണ ഏജൻസികൾക്ക് വേഗത്തിൽ എത്താൻ കഴിയുന്നില്ല. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടിയപ്പോൾത്തന്നെ വെല്ലുവിളികളും കൂടി. രണ്ടുതരം സൈബർ കുറ്റകൃത്യങ്ങളാണ് വ്യാപകമായുണ്ടാകുന്നത്. ഒരുവശത്ത് ഡിജിറ്റൽ അറസ്റ്റ്, സെക്സ്‌പ്ലോയിറ്റേഷൻ, വ്യാജ ട്രേഡിങ് എന്നിവയിലൂടെ സാധാരണക്കാരുടെ പണം നഷ്ടപ്പെടുന്നു. വിവിധ സ്ഥാപനങ്ങളുടെ നെറ്റ് വർക്കുകൾക്കു നേരേയുള്ള സൈബർ ആക്രമണങ്ങളാണ് രണ്ടാമത്തെ ഭീഷണി - അദ്ദേഹം പറഞ്ഞു.
സൈബർ വെല്ലുവിളികൾ ഓരോ വർഷവും കുതിച്ചുയരുന്നതായി മുഖ്യപ്രഭാഷണം നടത്തിയ ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. ഇത് സാങ്കേതിക പ്രശ്നം മാത്രമല്ലെന്നും ദേശസുരക്ഷയെ ബാധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈബി ഈഡൻ എംപി അധ്യക്ഷത വഹിച്ചു. സംസ്ഥാന വിജിലൻസ് മേധാവിയും ഡിജിപിയുമായ മനോജ് എബ്രഹാം, എഡിജിപി എസ്. ശ്രീജിത്ത്, ഐജി പി. പ്രകാശ്, സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, സൈബർ ഓപ്പറേഷൻസ് എസ്‌പി അങ്കിത് അശോകൻ, ‘ഇസ്ര’ പ്രസിഡന്റ് മനു സഖറിയ, കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ ചൈൽഡ് ലൈറ്റിന്‍റെ മുൻനിരക്കാരായ പോൾ സ്റ്റാന ഫീൾഡ്, പ്രൊഫ. ഡെബോറ ഫ്രൈ, കെൽവിൻ ലെയ, ലിഡിയ ഡെവൻ പോർട്ട്, ഡൗഗ് മാർഷൽ, പ്രൊ പോൾ ഗ്രിഫിൻസ് തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ സെഷനുകൾ നടന്നു. ഡ്രോണുകളുടെ പ്രദർശനവുമുണ്ടായിരുന്നു.
Content Highlights: Union Home Secretary Govind Mohan, while inaugurating the Kerala Police-organized 'Cocoon 2025' Cyber Security Conference, emphasized the difficulty in tracing cyber criminals operating via the dark web and VPNs