സാമൂഹികമാധ്യമ ഉള്ളടക്കം നീക്കണോ? ഉന്നതോദ്യോഗസ്ഥർ പറയണം

ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് നിർദേശിക്കാൻ കുറഞ്ഞത് ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കേ ഇനി അധികാരമുണ്ടാകൂ. പോലീസിലാണെങ്കിൽ കുറഞ്ഞത് ഡിഐജി (ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ) റാങ്കിലുള്ള ഉദ്യോഗസ്ഥരാകണം ഇത് ചെയ്യേണ്ടതെന്നും ഐടി ചട്ടത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രം വ്യക്തമാക്കി. ഇതിനായി ഐടി ചട്ടത്തിലെ മൂന്നാം (ഒന്ന്)(ഡി) വകുപ്പിൽ വരുത്തിയ ഭേദഗതി നവംബർ 15-ന് പ്രാബല്യത്തിൽ വരും.
സർക്കാരിലെ ജൂനിയർ ഉദ്യോഗസ്ഥരും പോലീസിലെ താഴ്ന്ന റാങ്കിലുള്ളവരും നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കാൻ ഡിജിറ്റൽ മാധ്യമങ്ങൾക്ക് നിർദേശം നൽകാറുണ്ടായിരുന്നു. ഇതിനെതിരേ സാമൂഹികമാധ്യമ ഇടനിലക്കാർ (ഫെയ്സ്ബുക്ക്, യുറ്റ്യൂബ് പോലുള്ളവ) വ്യാപകമായി വിമർശനവും ഉന്നയിച്ചിരുന്നു. സർക്കാർ നടപടികളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതാണ് പുതിയ നീക്കമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
നിശ്ചിതവകുപ്പിൽ ജോയിന്റ് സെക്രട്ടറി ലഭ്യമല്ലെങ്കിൽ ഡയറക്ടർക്കോ തുല്യപദവിയുള്ള മറ്റ് ഉദ്യോഗസ്ഥർക്കോ നിർദേശം നൽകാം. എന്ത് നിയമലംഘനമാണ് നടത്തിയതെന്ന് നോട്ടീസിൽ വ്യക്തമാക്കണം. ചട്ടം ദുരുപയോഗം ചെയ്യാതിരിക്കാൻ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കൃത്യമായ ഇടവേളകളിൽ വിലയിരുത്തൽ നടത്തണം. സംസ്ഥാന തലത്തിലാണെങ്കിൽ ആഭ്യന്തര സെക്രട്ടറി, ഐടി സെക്രട്ടറി എന്നവരാണ് ഇത് ചെയ്യേണ്ടത്.
ഐടി നിയമത്തിലെ 79(മൂന്ന്)(ബി) പ്രകാരമാണ് സാമൂഹിക മാധ്യമ ഇടനിലക്കാരോട് നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കാൻ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച വിവിധ ഉത്തരവുകൾ ചോദ്യംചെയ്ത് എക്സ് (പഴയ ട്വിറ്റർ) ഇപ്പോൾ സർക്കാരുമായി നിയമപോരാട്ടങ്ങൾ നടത്തിക്കൊണ്ടിരിക്കേയാണ് പുതിയ ചട്ടം വിജ്ഞാപനംചെയ്തതെന്നതും ശ്രദ്ധേയമാണ്. കൃത്യമായ പരിശോധനയില്ലാതെ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉള്ളടക്കങ്ങൾ നീക്കാൻ നിർദേശിക്കുന്നുവെന്ന് ആരോപണമുയർന്നിരുന്നു.
Content Highlights: Union government amends IT rules: Only Joint Secretary or DIG rank officers can now order removal of illegal social media content.