16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വേണ്ട; നിർണായക തീരുമാനവുമായി യുകെ

#ടെക്നോളജി ഡെസ്ക്
Britain's Prime Minister Keir Starmer | Photo by CARLOS JASSO / POOL / AFP
Britain's Prime Minister Keir Starmer | Photo by CARLOS JASSO / POOL / AFP

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾക്ക് മേൽ സമ്മർദം ശക്തമാകുന്നതിനിടയിൽ നിർണായക പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ. യുകെയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സേവനങ്ങൾ നൽകുന്നതിൽനിന്ന് സാമൂഹിക മാധ്യമങ്ങളെ വിലക്കുമെന്ന് തിങ്കളാഴ്ച അദ്ദേഹം അറിയിച്ചു. സ്നാപ്ചാറ്റ്, ടിക്ടോക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, എക്സ് (X) തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്കെല്ലാം ഈ വിലക്ക് ബാധകമായേക്കും. നിയന്ത്രണങ്ങളുടെ ആദ്യഘട്ടം 2027 മാർച്ച് മാസത്തോടെ നിലവിൽ വന്നേക്കുമെന്നാണ് സൂചന.

നിരോധനം ഏർപ്പെടുത്തുന്നതിലൂടെ കുട്ടികൾക്ക് അവരുടെ ബാല്യം തിരികെ നൽകുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ നൽകുന്ന ഉറപ്പ്. "16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കേർപ്പെടുത്തുന്നതിൽ ലോകത്ത് മറ്റേത് രാജ്യത്തേക്കാളും മുന്നേറാൻ പോവുകയാണ് ഞങ്ങൾ. കുട്ടികൾക്ക് അവരുടെ ബാല്യം തിരികെ നൽകാൻ കൂടുതൽ വ്യാപകമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും," കീർ സ്റ്റാമർ പറഞ്ഞു. സോഷ്യൽ മീഡിയ കുട്ടികളുടെ സന്തോഷം ഇല്ലാതാക്കുകയാണെന്നും അവരിൽ കടുത്ത ആസക്തിയുണ്ടാക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി സ്റ്റാമർ കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയൻ മാതൃക

കഴിഞ്ഞ വർഷം ഓസ്ട്രേലിയ നടപ്പാക്കിയ സോഷ്യൽ മീഡിയ നിരോധന നിയമത്തെ മാതൃകയാക്കിയാണ് യുകെയും ഈ നടപടികളിലേക്ക് കടക്കുന്നത്. എന്നാൽ, കുട്ടികൾക്ക് ദോഷകരമാകുന്ന ഫീച്ചറുകൾക്ക് മേൽ ഓസ്‌ട്രേലിയയേക്കാൾ കടുത്ത അധിക നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് യുകെ ലക്ഷ്യമിടുന്നത്.

  • തത്സമയ ആശയവിനിമയ വിലക്ക്: 16 വയസ്സിൽ താഴെയുള്ളവർ സോഷ്യൽ മീഡിയയിൽ അപരിചിതരുമായി ലൈവ് ചാറ്റ് (തത്സമയ ആശയവിനിമയം) നടത്തുന്നതും തത്സമയ സ്ട്രീമിങ് നടത്തുന്നതും പൂർണമായി വിലക്കും.

  • മുതിർന്ന കുട്ടികൾക്കുള്ള സുരക്ഷ: 16, 17 വയസ്സുള്ള കൗമാരക്കാർക്കായി സമാനമായ സുരക്ഷാ സംവിധാനങ്ങൾ ഫോണുകളിൽ ഡിഫോൾട്ടായി (Default) ലഭ്യമാക്കും.

  • രാത്രികാല നിയന്ത്രണങ്ങൾ: പ്രായപൂർത്തിയാകാത്തവർക്കായി രാത്രികാലങ്ങളിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

  • സ്ക്രോളിങ് നിയന്ത്രണം: കുട്ടികളിലെ സോഷ്യൽ മീഡിയ ആസക്തി കുറയ്ക്കുന്നതിനായി 'അനന്തമായ സ്ക്രോളിങ്' (Infinite Scrolling) പരിമിതപ്പെടുത്തുന്നതിനുള്ള നടപടികളും സർക്കാർ പരിഗണനയിലാണ്.

Content Highlights: British Prime Minister Keir Starmer has announced plans to prohibit social media access for children under 16 by March 2027, drawing inspiration from Australia to combat online addiction and protect childhood.