സര്‍ക്കാര്‍ കരാറുകളില്‍ നിന്നും മൈക്രോസോഫ്റ്റിനെ വിലക്കണമെന്ന ആഹ്വാനത്തെ പിന്തുണച്ച് ട്രംപ്

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റിനെ ഫെഡറല്‍ സര്‍ക്കാര്‍ കരാറുകളില്‍ നിന്നും വിലക്കുമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പോലീസ് വകുപ്പുകള്‍ക്ക് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ വില്‍ക്കില്ലെന്ന് നിലപാടെടുത്തതിന് പിന്നാലെയാണ് ട്രംപിന്റെ ആഹ്വാനം.
മൈക്രോസോഫ്റ്റിനെ ഫെഡറല്‍ സര്‍ക്കാര്‍ കരാറുകളില്‍ നിന്ന് വിലക്കണമെന്ന് ട്രംപിന്റെ മുന്‍ ദേശീയ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ റിച്ചാര്‍ജ് ഗ്രെനലാണ് ആദ്യം ആഹ്വാനം ചെയ്തത്. മൈക്രോസോഫ്റ്റിന് വിലക്ക് ഏര്‍പ്പെടുത്തണമെന്നും പോലീസ് വകുപ്പുകള്‍ക്ക് സാങ്കേതികവിദ്യ വില്‍ക്കാതിരുന്നതിന്റെ പ്രത്യാഘാതം ഉണ്ടാവണം എന്നും ട്രംപിനെ ടാഗ് ചെയ്ത് ഗ്രെനെല്‍ ട്വീറ്റ് ചെയ്തു. ഇത് ട്രംപ് റീട്വീറ്റ് ചെയ്യുകയായിരുന്നു.
ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നത് വരെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ വില്‍ക്കില്ലെന്നാണ് മൈക്രോസോഫ്റ്റിന്റെ നിലപാട്.
വംശീയാതിക്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധസമരങ്ങള്‍ക്ക് നേരെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ട് അമേരിക്കന്‍ പോലീസ് വകുപ്പിന് സാങ്കേതിക വിദ്യ നല്‍കുന്നത് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കുകയാണെന്ന് ആമസോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിച്ച് കമ്പനിയുടെ നിലപാട് വ്യക്തമാക്കിയത്.
സാങ്കേതിക വിദ്യ സ്ഥാപനമായ ഐബിഎമ്മും അതിന്റെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെയും മറ്റ് വിശകലന സോഫ്റ്റ് വെയര്‍ ഉല്‍പ്പന്നങ്ങളുടേയും ഉപയോഗം നിര്‍ത്തിവെച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം എതിരാളിയായ ആമസോണിനെ പിന്തള്ളിയാണ് 1000 കോടി ഡോളറിന്റെ സുപ്രധാനമായ ജോയിന്റ് എന്റര്‍പ്രൈസ് ഡിഫന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ക്ലൗഡ് കരാര്‍ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത്. കമ്പനി മേധാവി ജെഫ് ബെസോസിനോടുള്ള ട്രംപിന്റെ വ്യക്തി വൈരാഗ്യത്തെതുടര്‍ന്നാണ് കോണ്‍ട്രാക്റ്റ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്ന് ആമസോണ്‍ ആരോപിച്ചിരുന്നു.
ഈ കരാറില്‍ നിന്നും മൈക്രോസോഫ്റ്റിനെ വിലക്കണമെന്ന ആഹ്വാനത്തിനാണ് പ്രസിഡന്റ് സോഷ്യല്‍ മീഡിയയിലൂടെ പിന്തുണ നല്‍കിയത്.
Content Highlights: US President Donald Trump, Microsoft Facial Recognistion Technology, Amazon, IBM