കമ്പ്യൂട്ടർ മദർബോർഡുകളും ചിപ്പുകളും; ഒരു മാസത്തെ അധ്വാനത്തിൽ പിറന്ന കലാവിരുന്ന്; ഇ-വേസ്റ്റിലെ 'ട്രോജൻ കുതിര'

#നന്ദു ശേഖര്‍
ഇ-വേസ്റ്റുകൊണ്ട് നിര്‍മിച്ച 'ട്രോജന്‍ കുതിര'. ഫോട്ടോ: ആകാശ് എസ് മനോജ്
ഇ-വേസ്റ്റുകൊണ്ട് നിര്‍മിച്ച 'ട്രോജന്‍ കുതിര'. ഫോട്ടോ: ആകാശ് എസ് മനോജ്

കൊച്ചി: ഗ്രീക്ക് യുദ്ധതന്ത്രങ്ങളിൽ ഒളിപ്പോരുകളുടെ പ്രതീകമായിരുന്നു 'ട്രോജൻ ഹോഴ്‌സ്' എങ്കിൽ, ആധുനിക ലോകത്ത് ഡിജിറ്റൽ തിരശ്ശീലയ്ക്ക് പിന്നിലാണ് ഇന്ന് സൈബർ ഒളിപ്പോരുകൾ നടക്കുന്നത്. ഈ ആശയത്തെ മുൻനിർത്തി കേരള പോലീസിന്റെ സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊക്കൂണിന്റെ പ്രധാന ആകർഷണമായി 25 അടി ഉയരമുള്ള കൂറ്റൻ 'ട്രോജൻ ഹോഴ്‌സ്' ശില്പം ഒരുക്കിയിരിക്കുകയാണ് പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ്.

കമ്പ്യൂട്ടർ മദർ ബോർഡുകൾ, ചെറിയ ഇലക്ട്രോണിക് ചിപ്പുകൾ തുടങ്ങി ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക് മാലിന്യങ്ങൾ ഉപയോഗിച്ചാണ് ഈ അപൂർവ്വ ശില്പത്തിന്റെ പുറംഭാഗം നിർമ്മിച്ചിരിക്കുന്നത്. സാധാരണയായി ട്രോജൻ കുതിരകൾ നാല് കാലുകളിൽ നിൽക്കുന്ന രൂപത്തിലാണ് കാണപ്പെടാറുള്ളത്. എന്നാൽ അതിൽ നിന്ന് വേറിട്ടുനിൽക്കുന്ന രീതിയിൽ, രണ്ട് കാലുകളിൽ ചാടി നിൽക്കുന്ന രൂപത്തിലാണ് ഈ ശില്പം ഡാവിഞ്ചി സുരേഷ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇത്രയും വലിപ്പമുള്ള ഒരു ശില്പം രണ്ടു കാലുകളിൽ ഉറപ്പിച്ചു നിർത്തുക എന്നത് വലിയൊരു സാങ്കേതിക വെല്ലുവിളിയായിരുന്നുവെന്ന് സുരേഷ് പറയുന്നു. ഇതിനായി ശക്തമായ ഒരു ബേസ്മെന്റ് സ്ട്രക്ച്ചറും ഉള്ളിൽ ഇരുമ്പ് ചട്ടക്കൂടും അതിനുമുകളിൽ ഫൈബർ കവറിങ്ങും നൽകിയ ശേഷമാണ് ഇ-വേസ്റ്റുകൾ വെച്ച് ആകൃതിപ്പെടുത്തിയത്.

ഏകദേശം ഒരു മാസത്തോളം സമയമെടുത്താണ് ഡാവിഞ്ചി സുരേഷും സംഘവും ഈ കൂറ്റൻ ശില്പം പൂർത്തിയാക്കിയത്. ഇതിനാവശ്യമായ ഇലക്ട്രോണിക് വേസ്റ്റുകൾ കണ്ടെത്തുക എന്നത് ഏറെ ശ്രമകരമായ ദൗത്യമായിരുന്നു. ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ പോലും ഇത്രയും വലിയൊരു ശില്പം ഇ-വേസ്റ്റുകൾ മാത്രം ഉപയോഗിച്ച് ചെയ്തതായി കണ്ടിട്ടില്ലെന്നും, ഇത്തരമൊരു അപൂർവ്വ സൃഷ്ടി നടത്താൻ അവസരം ലഭിച്ചത് വലിയൊരു കാര്യമായി കരുതുന്നുവെന്നും ഡാവിഞ്ചി സുരേഷ് പറയുന്നു.

ഇലക്ട്രോണിക് രൂപത്തിന്റെ ഭംഗി കൂട്ടുന്നതിനായി കുതിരയുടെ കണ്ണുകളിൽ നീല ലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. അതീവ ഗുണനിലവാരത്തോടെ നിർമ്മിച്ചിരിക്കുന്ന ഈ ശില്പം, കോൺഫറൻസിന് ശേഷം പൊതുജനങ്ങൾക്ക് സ്ഥിരമായി കാണാൻ സാധിക്കുന്ന രീതിയിൽ ഏതെങ്കിലും ഒരു പാർക്കിലേക്ക് മാറ്റാനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്.

Content Highlights: A 25-foot Trojan Horse sculpture created for the Cocon cyber security conference by artist Davinci Suresh., Built using discarded electronic waste, computer motherboards, and electronic chips., Designed uniquely on two hind legs, posing a major technical engineering challenge., Planned to be relocated to a public park after the conference concludes.