കൊതുകിനെ കണ്ടെത്തി പിന്തുടർന്ന് കൊല്ലും, മൈക്രോ ഡ്രോൺ വികസിപ്പിച്ച് US സ്റ്റാർട്ടപ്പ്

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ആരെയും ഞെട്ടിക്കുന്ന മുന്നേറ്റങ്ങളാണ് സാങ്കേതികവിദ്യയുടെ ലോകത്ത് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. എഐ അസിസ്റ്റന്റുകൾ മുതൽ ഹ്യൂമനോയ്ഡ് റോബോട്ടുകൾവരെ മനുഷ്യരുടെ ജീവിതം ഭാവിയിൽ ഏറെ മെച്ചപ്പെടുത്തുമെന്നാണ് ഗവേഷകർ പറയുന്നത്. അതിനിടെ, രോഗങ്ങൾ പരത്തുന്ന കൊതുകുകളെ പിന്തുടർന്ന് കൊല്ലുന്ന മൈക്രോ ഡ്രോണുമായി രംഗത്തെത്തിയിരിക്കുകയാണ് യു.എസിലെ ടോർണിയോൾ എന്ന ടെക് സ്റ്റാർട്ടപ്പ്.

ഓട്ടോണമസ് മൈക്രോ-ഡ്രോൺ അതിന്റെ ആദ്യഘട്ട പരീക്ഷണങ്ങളിൽ വിജയം നേടിയെന്നെന്നാണ് ടോർണിയോളിലെ എഞ്ചിനീയർമാർ അവകാശപ്പെടുന്നത്. രാസവസ്തുക്കൾ തളിച്ചിട്ടല്ല, കൊതുകുകളെ പറന്നു വേട്ടയാടിയാണ് ഡ്രോൺ ഇല്ലാതാക്കുന്നത്. രോഗം പരത്തുന്ന കൊതുകുകളെ ട്രാക്ക് ചെയ്യാനും കൊന്നൊടുക്കാനും വേണ്ടി രൂപകൽപ്പന ചെയ്ത മിനിയേച്ചർ ഡ്രോണുകളുടെ വികസനത്തിലേക്ക് ഇതിന്റെ കണ്ടെത്തൽ വഴിയൊരുക്കുമെന്നും അവർ പറയുന്നു.

കൊതുകുകളെ നിയന്ത്രിക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുള്ള ചിലവ് 100 മടങ്ങ് കുറയ്ക്കാൻ അവരുടെ ഡ്രോണുകൾക്ക് കഴിയുമെന്നാണ് അവകാശവാദം. അത്തരത്തിലുള്ള ചെറിയ ഡ്രോണുകൾ വികസിപ്പിക്കുന്നു എന്നാണ് ടോർണിയോൾ പറയുന്നത്.

എഞ്ചിനീയർമാരായ അലക്‌സ് ടൗസന്റ്, ക്ലോവിസ് പീഡാലു എന്നിവർ സ്ഥാപിച്ച സ്റ്റാർട്ടപ്പാണിത്. അൾട്രാസോണിക് സെൻസറുകൾ, പ്രാണികളെ ട്രാക്ക് ചെയ്യാനും ലക്ഷ്യമിടാനും വേണ്ടി രൂപകൽപ്പന ചെയ്ത സോഫ്റ്റ്‌വെയർ എന്നിവ ഉപയോഗിച്ച് 40 ഗ്രാം ഭാരമുള്ള ഡ്രോണുകളാണ് അവർ വികസിപ്പിച്ചിട്ടുള്ളത്. 10 ഡ്രോണുകൾക്ക് ഒരു ചതുരശ്ര കിലോമീറ്ററിലെ കൊതുകുകളെ നീക്കം ചെയ്യാൻ കഴിയുമെന്ന് കമ്പനി പറയുന്നു. യഥാർഥ സാഹചര്യങ്ങളിൽ പരീക്ഷണം നടത്തി കമ്പനി ഇക്കാര്യം ഇതുവരെ തെളിയിച്ചിട്ടില്ല.

ജൂലായ് 14-ന് നടന്ന ഒരു പരീക്ഷണത്തിനിടെ ഒരു പ്രോട്ടോടൈപ്പ് ഡ്രോൺ പറക്കുന്ന ഒരു നിശാശലഭത്തെ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തുന്നതിന്റെ വീഡിയോ സ്റ്റാർട്ടപ്പ് സ്ഥാപകർ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊതുകുകളെ പൂർണമായും ഉന്മൂലനം ചെയ്യുന്നതിലേക്കുുള്ള ഒരു നിർണായക ചുവടുവെപ്പാണിതെന്നും അവർ പറയുന്നു.

Content Highlights: Tornyol engineers developed a 40-gram drone capable of mid-air insect interception., Uses ultrasonic sensors and Doppler signatures to identify and target specific mosquito species., Aims to reduce the cost of mosquito eradication by 100 times compared to current methods., Proposed swarm technology could clear mosquitoes from one square kilometer using 10 drones.