സമുദ്രത്തിനടിയിൽ മൂന്നാഴ്ചനീണ്ട സ്കാനിങ്, ടൈറ്റാനിക്കിന്റെ അന്ത്യവിശ്രമം,3D ദൃശ്യങ്ങൾ പകർത്തി ഗവേഷകർ

ലോകത്തെ നടുക്കിയ അതിദാരുണ ദുരന്തത്തിനൊടുവില്‍ ഒരു നൂറ്റാണ്ടിലേറെക്കാലം നോര്‍ത്ത് അറ്റ്‌ലാന്റിക്ക് സമുദ്രത്തിന്റെ അടിത്തട്ടില്‍ അന്ത്യവിശ്രമം കൊള്ളുകയാണ് ടൈറ്റാനിക് എന്ന അത്യാഢംബര കപ്പല്‍. ഇപ്പോഴിതാ, ടൈറ്റാനിക്കിന്റെ കടലിനടിയിലെ അന്ത്യവിശ്രമക്കാഴ്ച കൂടുതല്‍ വിശദാംശങ്ങളോടെ ഡിജിറ്റലായി പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഗവേഷകര്‍. ടൈറ്റാനിക് ദുരന്തത്തെ കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ ഈ ഡിജിറ്റല്‍ മോഡലിന് സാധിക്കും.
അത്യാധുനിക അണ്ടര്‍വാട്ടര്‍ സ്‌കാനിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ഡിജിറ്റല്‍ മോഡല്‍ സൃഷ്ടിച്ചെടുത്തത്. 'ടൈറ്റാനിക്: ദി ഡിജിറ്റല്‍ റിസറെക്ഷന്‍' എന്ന നാഷണല്‍ ജ്യോഗ്രഫിക്കിന്റെ പുതിയ ഡോക്യുമെന്ററിയിലാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഉയര്‍ന്ന റെസലൂഷനിലുള്ള 7,15000-ല്‍ ഏറെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ടൈറ്റാനിക്കിന്റെ പൂര്‍ണരൂപത്തിലുള്ള ത്രീഡി മോഡല്‍ പുനര്‍നിര്‍മിച്ചത്. ടൈറ്റാനിക്കിന്റെ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും കൃത്യമായ മോഡലെന്നാണ് നാഷണല്‍ ജ്യോഗ്രഫിക് ഇതിനെ വിശേഷിപ്പിക്കുന്നത്.
113 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1912 ഏപ്രില്‍ പത്തിനാണ് ആര്‍എംഎസ് ടൈറ്റാനിക് എന്ന ആഡംബരക്കപ്പല്‍ കന്നിയാത്ര പുറപ്പെട്ടത്. 2240 യാത്രക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഒരിക്കലും തകരില്ലെന്ന വിശേഷണത്തോടെ പ്രചാരം നേടിയ കപ്പല്‍ യാത്രപുറപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു മഞ്ഞുമലയുമായി കൂട്ടിയിടിച്ച് തകര്‍ന്നു. 1500-ല്‍ ഏറെയാളുകള്‍ ഈ അപകടത്തില്‍ മരണപ്പെട്ടു.
അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിയിലേക്ക് ആഴ്ന്നുപോയ കപ്പലിന്റെ അവശിഷ്ടങ്ങള്‍ സമുദ്രഉപരിതലത്തില്‍ നിന്ന് 12467 അടി താഴ്ചയിലാണ് കിടക്കുന്നത്. 2022 ല്‍ അറ്റ്‌ലാന്റിക് പ്രൊഡക്ഷന്റെ പിന്തുണയോടെ ആഴക്കടല്‍ മാപ്പിങ് കമ്പനിയായ മഗല്ലനാണ് ഡോക്യുമെന്ററിയില്‍ കാണിച്ച കപ്പലിന്റെ ത്രീഡി ദൃശ്യം നിര്‍മിച്ചത്. മൂന്നാഴ്ചയോളമെടുത്താണ് കപ്പലിന്റെ അണ്ടര്‍വാട്ടര്‍ സ്‌കാനിങ് നടത്തിയത്. 2023 ല്‍ തന്നെ ഈചിത്രം പുറത്തുവിട്ടിരുന്നു.
Content Highlights: Explore the most accurate 3D model of the Titanic, revealing new details of the tragic wreck