'ടിക്‌ടോക്കിനോട് എനിക്ക് പ്രത്യേക ഇഷ്ടം'; നിരോധനം താത്കാലികമായി മരവിപ്പിച്ച് ട്രംപിന്റെ ഉത്തരവ്

വാഷിങ്ടണ്‍: പ്രമുഖ ചൈനീസ് ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കിന് യു.എസ്സില്‍ ഏര്‍പ്പെടുത്തിയ നിരോധനം താത്കാലികമായി മരവിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികാരമേറ്റതിന് പിന്നാലെ ട്രംപ് ഒപ്പുവെച്ച ആദ്യ എക്‌സിക്യുട്ടീവ് ഉത്തരവുകളിലൊന്ന് രാജ്യത്ത് ടിക്‌ടോക്ക് നിരോധിക്കാനുള്ള തീരുമാനം 75 ദിവസത്തേക്ക് നീട്ടാനുള്ളതാണ്. ടിക്‌ടോക്കിനും മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സിനും തത്കാലത്തേക്ക് ആശ്വാസമേകുന്ന തീരുമാനമാണ് ഇത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടികോടോക്കിന് നിരോധനമേര്‍പ്പെടുത്താന്‍ നേരത്തേ യു.എസ്. തീരുമാനിച്ചത്.
ടിക്‌ടോക്കിനോട് തനിക്ക് സവിശേഷമായൊരു ഇഷ്ടമുണ്ട് എന്ന് വൈറ്റ് ഹൗസില്‍ വെച്ച് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഒന്നര കോടിയോളം ഫോളോവര്‍മാരാണ് കഴിഞ്ഞവര്‍ഷം മാത്രം ടിക്‌ടോക്കില്‍ ചേര്‍ന്ന ട്രംപിനുള്ളത്. യുവാക്കളുടെ വോട്ട് തനിക്ക് ലഭിച്ചത് ടിക്‌ടോക്കിന്റെ സഹായത്താലാണെന്നും ട്രംപ് പറയുന്നു.
ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പാണ് യു.എസ്സില്‍ ടിക്‌ടോക്കിനുള്ള നിരോധനം നിലവില്‍ വന്നത്. അമേരിക്കയില്‍ ഒന്നേമുക്കാല്‍ കോടിയോളം ഉപഭോക്താക്കളുള്ള ടിക്‌ടോക്ക് നിരോധിക്കപ്പെട്ട് 12 മണിക്കൂറിനുള്ളിലാണ് 'റീ എന്‍ട്രി' നടത്തുന്നത്. രാജ്യത്തെ ടിക്‌ടോക്ക് ഉപഭോക്താക്കളും ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്ന് സന്തോഷത്തിലാണ്.
2024 ഏപ്രിലിലാണ് ടിക്‌ടോക്ക് നിരോധിക്കാനുള്ള നിയമം യു.എസ്. പാര്‍ലമെന്റ് പാസാക്കിയത്. ടിക്‌ടോക്ക് ഉപയോഗിക്കുന്ന യു.എസ്. പൗരന്മാരുടെ വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നോ എന്ന ആശങ്കയാണ് നിരോധനത്തിലേക്ക് നയിച്ചത്. നിരോധനം ചോദ്യം ചെയ്ത് ബൈറ്റ്ഡാന്‍സ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അവിടെയും അനുകൂലമായ ഫലം ലഭിച്ചില്ല. ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് വിറ്റാല്‍ മാത്രമേ ടിക്‌ടോക്കിന് യു.എസ്സില്‍ തുടരാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഉടമകള്‍ ഇതിന് തയ്യാറാകാതിരുന്നതോടെയാണ് നിരോധനത്തിലേക്ക് എത്തിയത്.
Content Highlights: Donald Trump halts TikTok ban, giving app 75-day extra time in executive order