ടെസ്‌ല ജനപ്രിയ കാറുകൾ നിർത്തുന്നു, പകരം 10 ലക്ഷത്തോളം റോബോട്ടുകൾ- പദ്ധതി പ്രഖ്യാപിച്ച് മസ്‌ക്

ടെസ്‌ലയുടെ കൂടുതൽ പ്രീമിയം എസ്.യു.വി, സെഡാൻ മോഡലുകളായ മോഡൽ എക്സും (Model X) മോഡൽ എസും (Model S) നിർത്തലാക്കുമെന്ന പ്രഖ്യാപനവുമായി ടെസ്‌ല സി.ഇ.ഒ. ഇലോൺ മസ്‌ക്. മോഡൽ എസ്, എക്സ് പ്രോഗ്രാമുകൾ മാന്യമായ രീതിയിൽ അവസാനിപ്പിക്കാനുള്ള സമയമായിരിക്കുന്നുവെന്നും സ്വയംനിയന്ത്രിത സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഒരു ഭാവിയിലേക്കാണ് നാം യഥാർഥത്തിൽ മാറുന്നതെന്നും ബുധനാഴ്ച ടെസ്‌ലയുടെ നാലാം പാദ വരുമാന റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെ സി.ഇ.ഒ. പറഞ്ഞു.
കാലിഫോർണിയയിലെ ഫ്രെമണ്ട് ഫാക്ടറിയിലെ മോഡൽ എസ്, എക്സ് നിർമാണം അവസാനിപ്പിച്ച് പകരം അവിടം ഒപ്റ്റിമസ് റോബോട്ട് ഫാക്ടറിയാക്കി മാറ്റാനാണ് മസ്‌കിൻ്റെ പദ്ധതി. ഒരു വർഷം പത്തു ലക്ഷം റോബോട്ടുകൾ നിർമിച്ച് പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
അതേസമയം മോഡൽ എസ്, എക്സ് വാഹനങ്ങൾ ഉപയോഗിക്കുന്ന കാലത്തോളം അവയ്ക്കുള്ള സാങ്കേതിക പിന്തുണ ടെസ്‌ല ഉപഭോക്താക്കൾക്ക് നൽകും. വാഹനങ്ങൾ നിർത്തലാക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിന് ഉചിതമായ സമയം ഇപ്പോഴാണെന്നും മസ്‌ക് പറഞ്ഞു.
തീരുമാനം നിരാശയുണ്ടാക്കുന്നതാണെങ്കിലും ഓട്ടോണമസ് സാങ്കേതികവിദ്യയിലേക്കുള്ള കമ്പനിയുടെ ആകെയുള്ള മാറ്റത്തിൻ്റെ ഭാഗമാണിതെന്ന് മസ്‌ക് പറഞ്ഞു.
ടെസ്‌ലയുടെ ഏറ്റവും വില കൂടിയ വാഹനങ്ങളാണ് മോഡൽ എസ്, എക്സ് എന്നിവ. വളരെ പഴക്കം ചെന്ന മോഡലുകൾ കൂടിയാണിവ. 2009-ലാണ് മോഡൽ എസിൻ്റെ ആദ്യ പ്രോട്ടോടൈപ്പ് ടെസ്‌ല അവതരിപ്പിച്ചത്. 2012-ൽ വിൽപന ആരംഭിച്ചു. 2012-ലാണ് മോഡൽ എക്സ് എന്ന പേരിൽ എസ്.യു.വി. പ്രഖ്യാപിച്ചത്. 2025-ൽ ഈ രണ്ട് മോഡലുകളും അപ്ഗ്രേഡ് ചെയ്തിരുന്നു. ഇതുവഴി വിലയും വർധിച്ചു. നിലവിൽ ടെസ്‌ലയുടെ മോഡൽ എസിൻ്റെ വില ആരംഭിക്കുന്നത് 94,990 ഡോളറാണ്. മോഡൽ എക്സിന് 99,990 ഡോളറാണ് വില തുടങ്ങുന്നത്.
Content Highlights: Tesla to Discontinue Model S and Model X: Elon Musk Shifts Focus to Optimus Robots