ടെലഗ്രാം ഗ്രൂപ്പുകളിലെ കളി ഇനി നടക്കില്ല; കേന്ദ്ര സർക്കാർ നിരീക്ഷണം ശക്തമാകുന്നു

ടെലഗ്രാം ഗ്രൂപ്പുകളിൽ കേന്ദ്രസർക്കാർ സജീവ നിരീക്ഷണം നടത്തുന്നതായി റിപ്പോർട്ട്. നീറ്റ് പരീക്ഷയോടനുബന്ധിച്ച് ടെലഗ്രാമിനെതിരെ നടപടിയുണ്ടായ പശ്ചാത്തലത്തിലാണ് ടെലഗ്രാമിൽ സർക്കാർ നിരീക്ഷണം ശക്തമാണെന്ന സൂചന ലഭിക്കുന്നത്. പ്രമുഖ മെസ്സേജിങ് ആപ്പായ ടെലഗ്രാം മുഖേന വൻതോതിൽ സാമ്പത്തിക തട്ടിപ്പുകളും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നതായി കേന്ദ്ര സർക്കാർ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ ക്രൈം കോർഡിനേഷൻ സെന്റർ തയ്യാറാക്കിയ 35 പേജുള്ള റിപ്പോർട്ടിലാണ് ടെലഗ്രാമിനെതിരെയുള്ള ഈ ഗുരുതര കണ്ടെത്തലുകൾ ഉള്ളത്. നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് ടെലഗ്രാമിന് അടുത്തിടെ ഏർപ്പെടുത്തിയ ഒരാഴ്ചത്തെ വിലക്കിനെ ന്യായീകരിച്ചുകൊണ്ട് സർക്കാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകളും പരാമർശിക്കുന്നത്.
ഓൺലൈൻ ഉപദ്രവങ്ങൾക്കും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിനുമെതിരെ നിരവധി ടെലഗ്രാം ചാനലുകൾ, ഗ്രൂപ്പുകൾ, ഉപയോക്തൃ ഹാൻഡിലുകൾ എന്നിവയെക്കുറിച്ച് ജനങ്ങൾ റിപ്പോർട്ട് ചെയ്തതായി സർക്കാർ റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ ടെലഗ്രാമിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് 1,556 പരാതികളാണ് ലഭിച്ചതെന്നും അതിൽ വ്യക്തമാക്കിയിട്ടുണ്ട്. ടെലഗ്രാമിന്റെ ദുരുപയോഗവുമായി ബന്ധപ്പെട്ട് നാഷണൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ ലഭിക്കുന്ന പരാതികളുടെ എണ്ണം വർഷംതോറും വർധിച്ചുവരികയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
2023 മുതൽ ടെലഗ്രാം വഴിയുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ച് 6,88,000-ലധികം പരാതികളാണ് സർക്കാരിന് ലഭിച്ചിട്ടുള്ളത്. ഇതിലൂടെ ഇന്ത്യൻ പൗരന്മാർക്ക് ഏകദേശം 750 മില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. വ്യാജ തൊഴിൽ പരസ്യങ്ങൾ, കുട്ടികളുടെ പീഡന ദൃശ്യങ്ങൾ, കൂടാതെ ബോളിവുഡ് ചിത്രമായ 'ധുരന്ധർ' പോലെയുള്ള പൈറേറ്റഡ് സിനിമകൾ എന്നിവ പ്രചരിപ്പിക്കുന്ന ടെലഗ്രാം ഗ്രൂപ്പുകളുടെ സ്ക്രീൻഷോട്ടുകളും ജൂൺ 10-ന് തയ്യാറാക്കിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലോസ്ഡ് ഗ്രൂപ്പുകളും ചാനലുകളും സൈബർ കുറ്റവാളികൾ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ, ഇന്ത്യ ഇത്തരം ഗ്രൂപ്പുകൾ കർശനമായി നിരീക്ഷിച്ചുവരികയാണ്.
15 കോടിയിലധികം ഉപയോക്താക്കളുള്ള ഇന്ത്യയാണ് നിലവിൽ ടെലഗ്രാമിന്റെ ഏറ്റവും വലിയ വിപണി. ഇന്ത്യയ്ക്ക് പുറമെ ഫ്രാൻസ്, ദക്ഷിണ കൊറിയ, ബ്രിട്ടൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും അടുത്തിടെ ടെലഗ്രാമിനെതിരെ സമാനമായ അന്വേഷണങ്ങളും നടപടികളും ഉണ്ടായിട്ടുണ്ട്.
ടെലഗ്രാമിൽ വിവരങ്ങൾ തെറ്റായി പ്രചരിക്കുന്നത് തടയാൻ കമ്പനി മതിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. ആപ്പിന്റെ വിലക്ക് കഴിഞ്ഞ ചൊവ്വാഴ്ച നീക്കിയെങ്കിലും, പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ജൂൺ 30 വരെ ഉപയോഗിക്കാൻ സാധിക്കില്ല. വാട്സാപ്പിൽനിന്ന് വ്യത്യസ്തമായി, ഫോൺ നമ്പർ വെളിപ്പെടുത്താതെ തന്നെ ഉപയോക്താക്കൾക്ക് ആശയവിനിമയം നടത്താൻ കഴിയക്കുന്ന ടെലഗ്രാമിന്റെ പ്രൈവസി ഫീച്ചറുകൾ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നത് ദുഷ്കരമാക്കുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
എന്തായാലും ടെലഗ്രാമിനുള്ളിൽ സർക്കാർ ഏജൻസികളുടെ നിരീക്ഷണം ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. നിയമവിരുദ്ധ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതും, വ്യാജ സിനിമകൾ, അശ്ലീല വീഡിയോകൾ, സൈബർ തട്ടിപ്പുകൾ എന്നിവയ്ക്കെതിരെ കർശന നടപടികൾ ഇതിന്റെ ഭാഗമായുണ്ടായേക്കും. അന്വേഷണത്തോട് തുടർന്നും സഹകരിക്കാത്ത പക്ഷം, കടുത്ത നിരോധന നടപടികൾക്ക് ടെലഗ്രാം ഭാവിയിൽ വിധേയമാകേണ്ടതായിവരുമെന്ന മുന്നറിയിപ്പാണ് കഴിഞ്ഞയാഴ്ചത്തെ താത്കാലിക വിലക്ക്.
Content Highlights: The Indian government has intensified its monitoring of Telegram groups and channels following a 35-page report by the Cyber Crime Coordination Centre flagging massive financial scams, piracy, and child exploitation on the platform.