608 ദിവസം ബഹിരാകാശത്ത്, 8 ദിവസത്തെ ദൗത്യം നീണ്ടത് 9 മാസം; പ്രതിസന്ധികളിൽ തളരാത്ത സുനിത

നാസയിൽനിന്ന് വിരമിച്ച സുനിത വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ചിട്ടുള്ളത് 608 ദിവസം. മൂന്ന് ദൗത്യങ്ങളുടെ ഭാഗമായാണ് ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരിക്ക് ഇത്രയധികം ദിവസം ബഹിരാകാശത്ത് തങ്ങേണ്ടിവന്നത്. ദീർഘകാലം ബഹിരാകാശത്ത് കഴിഞ്ഞ നാസ സഞ്ചാരികളിൽ രണ്ടാം സ്ഥാനമാണ് സുനിതയ്ക്കുള്ളത്.
ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു സുനിതയുടെ മൂന്നാമത്തെ ദൗത്യം. എട്ട് ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ട അവർക്ക് നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഒൻപതിലേറെ മാസങ്ങൾക്ക് ശേഷമാണ് ഭൂമിയിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞത്. 2024 ജൂണിൽ ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ മൂന്നാമത്തെ ദൗത്യത്തിനായി പുറപ്പെട്ട സുനിതയ്ക്ക് 2025 മാർച്ചിലാണ് ഭൂമിയിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞത്.
ഒൻപത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസ്
സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറുകളും ഹീലിയം ചോർച്ചയും കാരണമാണ് സുനിത വില്യംസിന് ഒൻപത് മാസത്തിലേറെ ബഹിരാകാശത്ത് കുടുങ്ങിക്കിടക്കേണ്ടിവന്നത്. 2024 ജൂൺ അഞ്ചിനാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ നിന്ന് പുറപ്പെട്ടത്. ജൂൺ ഏഴിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ജൂൺ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ പേടകത്തിന്റെ സാങ്കേതിക തകരാർ കണക്കുകൂട്ടലുകൾ തെറ്റിച്ചു. തകരാറിലായ ബോയിങിന്റെ സ്റ്റാർലൈനർ ന്യൂമെക്‌സികോയിലെ വൈറ്റ് സാൻഡ് സ്‌പേസ് ഹാർബറിൽ സെപ്റ്റംബർ 6-ന് തിരികെയെത്തിച്ചു.
നീണ്ട ഒൻപത് മാസങ്ങൾക്ക് ശേഷം സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിലാണ് ഇരുവരും തിരികെ എത്തുന്നത്. ഇതോടെ ലോകമെങ്ങും മാസങ്ങളായി നിലനിന്ന ആകാംക്ഷയ്ക്ക് അറുതിയായി. ഇവരെ എത്രയുംവേഗം തിരികെയെത്തിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്പെയ്‌സ് എക്സ് സി.ഇ.ഒ. ഇലോൺ മസ്‌കിനും ജനങ്ങൾക്ക് ഉറപ്പുനൽകേണ്ടിവന്നിരുന്നു. സുനിത വില്യംസ് അടക്കമുള്ളവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചെങ്കിലും ബോയിങ് കമ്പനിയുടെ സ്റ്റാർലൈനർ പേടകത്തിന്റെ സുരക്ഷയും പേടകത്തിൽ സുനിതയെയും വിൽമോറിനെയും ബഹിരാകാശ നിലയത്തിലേക്ക് അയക്കാനുള്ള നാസയുടെ തീരുമാനവും വിവാദമായി. സ്വന്തമായി ബഹിരാകാശ വാഹനമില്ലാത്ത നാസയും വിമർശനം നേരിട്ടു.
തനിക്ക് ബഹിരാകാശത്ത് ഏറ്റവും വെല്ലുവിളി ഉയർത്തിയത് ഗുരുത്വാകർഷണക്കുറവോ പരിമിതമായ സ്ഥലമോ അല്ല, ഭൂമിയിലേക്കുള്ള തന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന കുടുംബത്തിനും പ്രിയപ്പെട്ടവർക്കുമിടയിലേക്ക് എന്ന് മടങ്ങിയെത്താൻ സാധിക്കുമെന്നതിലെ അനിശ്ചിതത്വമാണെന്ന് സുനിത അന്ന് പറഞ്ഞിരുന്നു.
27 വർഷംനീണ്ട ഔദ്യോഗിക ജീവിതം; കൈവരിച്ച നേട്ടങ്ങൾ അനവധി
വെല്ലുവിളികൾ നിറഞ്ഞ 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിനുശേഷമാണ് സുനിതയുടെ വിരമിക്കൽ സംബന്ധിച്ച വാർത്തകൾ ചൊവ്വാഴ്ച പുറത്തുവന്നത്. 2025 ഡിസംബർ 27-നാണ് അവരുടെ വിരമിക്കൽ പ്രാബല്യത്തിൽവന്നതെന്ന് നാസ ചൊവ്വാഴ്ച അറിയിച്ചിരുന്നു. പിന്നാലെ സുനിതയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് നാസ അഡ്മിനിസ്‌ട്രേറ്റർ ജാരെഡ് ഐസക്മാൻ പ്രസ്താവന പുറത്തിറക്കിയിരുന്നു. സുനിത വില്യംസിന്റെ ഇന്ത്യ സന്ദർശനത്തിനിടെയാണ് വിരമിക്കൽ വാർത്ത പുറത്തുവന്നത്.
ദൈർഘ്യമേറിയ ഒറ്റ ബഹിരാകാശ യാത്രയുടെ കാര്യത്തിൽ അമേരിക്കക്കാരിൽ ആറാം സ്ഥാനത്താണ് സുനിത വില്യംസിന്റെ സ്ഥാനം. ബഹിരാകാശ സഞ്ചാരി ബച്ച് വിൽമോറിനൊപ്പം 286 ദിവസം അവർ ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. വില്യംസ് ഒൻപത് സ്‌പേസ് വാക്ക് പൂർത്തിയാക്കിയിട്ടുണ്ട്. മൊത്തം 62 മണിക്കൂറും 6 മിനിറ്റും നീണ്ടുനിന്നതായിരുന്നു അവ. വനിതാ ബഹിരാകാശ സഞ്ചാരികളിൽ ഈനേട്ടം സ്വന്തമാക്കുന്നവരിൽ ഒന്നാം സ്ഥാനത്താണ് സുനിത. നാസയുടെ ചരിത്രത്തിൽ നാലാം സ്ഥാനത്തും. ബഹിരാകാശത്ത് മാരത്തൺ നടത്തം പൂർത്തിയാക്കുന്ന ആദ്യത്തെ വ്യക്തിയും സുനിത വില്യംസാണ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോർഡാണ് സുനിത സ്വന്തമാക്കിയത്. അഞ്ച് മണിക്കൂർ 26 മിനിറ്റാണ് സുനിത ബഹിരാകാശത്ത് നടന്നത്. ഇതോടെ അവരുടെ ആകെ നടത്തം 62 മണിക്കൂർ ആറുമിനിറ്റായി. നാസയുടെ തന്നെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സൻ സ്ഥാപിച്ച റെക്കോർഡാണ് സുനിത വില്യംസ് മറികടന്നത്.
ഏറ്റവും ഇഷ്ടപ്പെട്ടസ്ഥലം ബഹിരാകാശം
ബഹിരാകാശമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം എന്നാണ് സുനിത വില്യംസ് പറയുന്നത്. മൂന്ന് തവണ ബഹിരാകാശ യാത്ര നടത്താൻ അവസരം ലഭിച്ചത് വലിയ ബഹുമതിയാണ് കാണുന്നത്. നാസയിൽ 27 വർഷത്തെ മികച്ച കരിയർ കെട്ടിപ്പടുക്കാനായി. സഹപ്രവർത്തകരിൽ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹവും പിന്തുണയുമാണ് അതിന്റെ അടിത്തറ. അന്താരാഷ്ട്ര ബഹിരാകാശ നിലയം, അവിടെയുള്ള സഹപ്രവർത്തകർ, എഞ്ചിനീയറിങ്, ശാസ്ത്രം എന്നിവയെല്ലാം വളരെ പ്രചോദനം നൽകുന്നതാണ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള അടുത്ത പര്യവേക്ഷണങ്ങൾ സാധ്യമാക്കുന്നത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യങ്ങളാണ്. ഞങ്ങൾ സ്ഥാപിച്ച അടിത്തറ ഇത്തരം ധീരമായ ചുവടുകൾ കുറച്ചുകൂടി എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാസയും പങ്കാളികളായ മറ്റ് ഏജൻസികളും അടുത്ത മുന്നേറ്റങ്ങൾ നടത്തുന്ന് ആവേശം പകരുന്നതാണ്. - സുനിത വില്യംസ് പറയുന്നു.
സുനിത വില്യംസിന്റെ പിതാവ് ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ജുലാസൻ സ്വദേശിയായ ഒരു ന്യൂറോഅനാട്ടമിസ്റ്റ് ആയിരുന്നു, എന്നാൽ പിന്നീട് അദ്ദേഹം യുഎസിലേക്ക് കുടിയേറി സ്ലോവേനിയൻ ആയ ബോണി പാണ്ഡ്യയെ വിവാഹം കഴിച്ചു. ഒഹായോയിലെ യൂക്ലിഡ് പട്ടണത്തിൽ ജനിച്ച സുനിത വില്യം മസാച്യുസെറ്റ്‌സിലെ നീധാം ആണ് ജന്മനാടായി കണക്കാക്കുന്നത്.
Content Highlights: NASA astronaut Sunita Williams, an Indian-origin pioneer, retires after 27 years & 608 days in space. Read about her incredible legacy & contributions.