അന്യഗ്രഹ ജീവികളുണ്ടോ? തിരച്ചിൽ എങ്ങുമെത്താത്തത് എന്തുകൊണ്ട്? സൂചനകളുമായി പുതിയ പഠനം

ഈ പ്രപഞ്ചത്തിൽ നാം ഒറ്റയ്ക്കാണോ? ഭൂമിയിൽ അല്ലാതെ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്നൊക്കെ പതിറ്റാണ്ടുകളായി ശാസ്ത്രലോകം തിരയുകയാണ്. ജീവന്റെ എന്തെങ്കിലും സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയോടെ ശാസ്ത്രജ്ഞർ പടുകൂറ്റൻ റഡാറുകളുടെ സഹായത്തോടെ റേഡിയോ സിഗ്‌നലുകൾ സ്‌കാൻ ചെയ്യുന്നുണ്ട്. എന്നാൽ വ്യക്തമായ സൂചന നൽകുന്ന സിഗ്നലുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്താകാം കാരണം ?
ഇത്തരം സിഗ്നലുകൾ കണ്ടെത്താൻ കഴിയാതെപോകുന്നതിന് കാരണമായേക്കാവുന്ന ഒരു സാധ്യതയിലേക്ക് വിരൽ ചൂണ്ടുകയാണ് സെർച്ച് ഫോർ എക്‌സ്ട്രാടെറസ്ട്രിയൽ ഇന്റലിജൻസ് (SETI) ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ പഠനം. ദി ആസ്‌ട്രോഫിസിക്കൽ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റെല്ലാർ പ്ലാസ്മയാകാം ഒരുപക്ഷെ അന്യഗ്രഹ ജീവികളുടെ സിഗ്നലുകൾ കണ്ടെത്തുന്നതിൽ ശാസ്ത്രജ്ഞർക്ക് ബുദ്ധിമുണ്ടാക്കുന്നത് എന്നാണ് ഗവേഷകർ പറയുന്നത്.
നക്ഷത്രങ്ങൾക്ക് ചുറ്റും കറങ്ങുന്ന വൈദ്യുത ചാർജുള്ള പ്രക്ഷുബ്ധതയാണ് സ്റ്റെല്ലാർ പ്ലാസ്മ. ഒരു ഗ്രഹത്തിനിന്നുള്ള റേഡിയോ സിഗ്‌നൽ പുറത്തേക്ക്‌സഞ്ചരിക്കുമ്പോൾ ആദ്യം അത് ഈ പ്ലാസ്മയിലൂടെ കടന്നുപോകേണ്ടതുണ്ട്. ഈ ഘട്ടത്തിൽ സിഗ്നൽ മങ്ങാനും, കൂടുതൽ വിശാലമായ ഫ്രീക്വൻസികളിലേക്ക് വ്യാപിപ്പിക്കാനും, ദുർബലമാക്കാനും സാധ്യതയുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്.
അന്യഗ്രഹ ജീവികളെ തിരയുന്നതിനുള്ള സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് വളരെ നേർത്തതും കൃത്യതയുള്ളതുമായ സിഗ്‌നലുകൾ കണ്ടെത്താൻ കഴിയുന്ന തരത്തിലാണ്. എന്നാൽ ഒരു സിഗ്‌നൽ സ്വന്തം നക്ഷത്ര വ്യൂഹത്തിൽ നിന്ന് പുറത്തുകടക്കുന്നതിന് മുമ്പ് മങ്ങിപ്പോയാൽ അത് ഭൂമിയിലെ ഡിറ്റക്ടറുകൾക്ക് കണ്ടെത്താൻ കഴിയണമെന്നില്ലെന്ന്. SETI ഇൻസ്റ്റിറ്റ്യൂട്ടിലെ ജ്യോതിശാസ്ത്രജ്ഞനും പ്രബന്ധത്തിന്റെ രചയിതാവുമായ ഡോ. വിശാൽ ഗജ്ജാർ പറയുന്നു.
ബഹിരാകാശ പേടകങ്ങളിൽ നിന്നുള്ള റേഡിയോ ട്രാൻസ്മിഷനുകളെ ആശ്രയിച്ചാണ് സംഘം ഗവേഷണം നടത്തിയത്. സൗരയൂഥത്തിൽ നിന്നുള്ള സിഗ്‌നലുകളെ സ്റ്റെല്ലാർ പ്ലാസ്മ എങ്ങനെ വികലമാക്കുന്നു എന്ന് കൃത്യതയോടെ മനസിലാക്കിയതോടെ മറ്റ് നക്ഷത്രങ്ങളിൽനിന്ന് വരുന്ന സിഗ്നലുകൾക്ക് എത്രത്തോളം മങ്ങൽ സംഭവിക്കാം എന്ന് വിലയിരുത്താന് ഗവേഷകർക്ക് കഴിഞ്ഞു. സിഗ്നലുകൾ കണ്ടെത്തുന്നതിനുള്ള പുതിയ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിലേക്ക് ഈ ഗവേഷണം വഴിതെളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Stellar plasma creates turbulence that blurs narrow-frequency radio signals., Current SETI detection methods are optimized for sharp signals, potentially missing broadened ones., Data from solar system probes confirms how plasma distorts radio transmissions., Active M-dwarf stars are identified as prime candidates for signal distortion., Future search algorithms must account for frequency broadening to improve detection success.