സ്റ്റാർലിങ്ക് ഇന്‍റർനെറ്റ് താമസിയാതെ എത്തും, ടെലികോം വകുപ്പിൽ നിന്ന് സുപ്രധാന അനുമതി ലഭിച്ചു

Photo: Starlink
Photo: Starlink

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷയ്ക്ക് നിര്‍ണായകമായ ലൈസന്‍സിങ് വ്യവസ്ഥകള്‍ പാലിക്കാന്‍ കമ്പനി സമ്മതിച്ചതിനെ തുടര്‍ന്നാണ് ടെലികോം വകുപ്പ് ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് അന്തിമ ലൈസന്‍സ് അല്ലെന്നും എല്ലാ ലൈസന്‍സിങ് വ്യവസ്ഥകളും പാലിച്ചതിന് ശേഷമായിരിക്കും ഇത് ലഭിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജിഎംപിസിഎസ് (ഗ്ലോബല്‍ മൊബൈല്‍ പേഴ്‌സണല്‍ കമ്മ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ്), വിസാറ്റ്, ഐഎസ്പി ലൈസന്‍സുകള്‍ക്കുള്ള ലെറ്റര്‍ ഓഫ് ഇന്റന്റ് ആണ് സ്റ്റാര്‍ലിങ്കിന് ലഭിച്ചത്. ടെലികോം വകുപ്പില്‍ നിന്നുള്ള ഭാഗിക അനുമതി ലഭിച്ചതോടെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സേവനങ്ങള്‍ നല്‍കാനാവും. വണ്‍വെബ്ബിന് നേരത്തെ തന്നെ ഈ അനുമതി ലഭിച്ചതാണ്. പ്രതിരോധ മേഖലയില്‍ വണ്‍വെബ്ബിന്റെ സേവനങ്ങള്‍ നല്‍കുന്നുണ്ട്. 

ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് സേവനം ആരംഭിക്കാനുള്ള നടപടി ക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് വാര്‍ത്താവിനിമയ സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മാസനി ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. 

ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കുള്ള സുരക്ഷാ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കടുപ്പിച്ചതിന് പിന്നാലെയാണ് സ്റ്റാര്‍ലിങ്കിന് ടെലികോം വകുപ്പില്‍ നിന്ന് ഭാഗിക അനുമതി ലഭിച്ചിരിക്കുന്നത്. നേരത്തെ വണ്‍വെബ്ബ്, ജിയോ എസ്ഇഎസ് സംയുക്ത സംരംഭം, യൂടെല്‍സാറ്റ് എന്നിവര്‍ക്ക് ഈ അനുമതി ലഭിച്ചിട്ടുണ്ട്. ആമസോണിന്റെ പ്രൊജക്ട് കൈപ്പര്‍ ഈ അനുമതിക്കായി കാത്തിരിക്കുകയാണ്. 

നിലവില്‍ ലോകത്ത് ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഉപഗ്രഹ ശൃംഖല സ്വന്തമായുള്ള കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. 6750 ഉപഗ്രഹങ്ങളാണ് കമ്പനിക്കുള്ളത്. അടുത്തിടെ ജിയോ, എയര്‍ടെല്‍ എന്നീ കമ്പനികളുമായി സ്റ്റാര്‍ലിങ്ക് കരാറിലെത്തിയിരുന്നു. സ്റ്റാര്‍ലിങ്കിന്റെ സേവനങ്ങള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുക ഈ കമ്പനികളായിരിക്കും. 

Content Highlights: Starlink receives Letter of Intent from India`s telecom department to launch satellite internet