ഇന്ത്യൻ ഡാറ്റ പുറത്തുപോവരുത്! സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്റ്റാർലിങ്കിന് ഇന്ത്യയിൽ കർശന നിബന്ധനകൾ

ന്യൂഡല്‍ഹി: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കടുത്ത നിബന്ധനകള്‍ പാലിച്ച് മാത്രമേ കമ്പനിക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനാവൂ. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഡാറ്റ ഇന്ത്യന്‍ അതിര്‍ത്തിവിട്ട് പോവാതിരിക്കാനും വ്യക്തിസുരക്ഷയും രാജ്യസുരക്ഷയും ഉറപ്പാക്കാനുമുള്ള കര്‍ശന നിബന്ധനകളാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഈ നിബന്ധനകള്‍ പാലിച്ചതോടെയാണ് സര്‍ക്കാര്‍ സ്റ്റാര്‍ലിങ്കിന് യുണിഫൈഡ് ലൈസന്‍സ് നല്‍കിയത്.
ഇന്ത്യയിലെ സ്റ്റാര്‍ലിങ്ക് നെറ്റ്‌വര്‍ക്കില്‍ വിദേശത്ത് നിന്നുള്ള ഉപഭോക്താക്കളുടെ ട്രാഫിക്കും ഇന്ത്യക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഗേറ്റ് വേകളിലൂടെയുള്ള ട്രാഫിക്കും അനുവദിക്കില്ല. രാജ്യത്തിന് പുറത്ത് ഇന്ത്യന്‍ ഡാറ്റ പകര്‍ത്താനോ ഡീക്രിപ്റ്റ് ചെയ്യാനോ പാടില്ല. അവ മറ്റ് രാജ്യത്തെ സെര്‍വറുകളിലേക്ക് അയക്കാന്‍ പാടില്ല. ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണം. ഉള്‍പ്പടെയുള്ള സുരക്ഷാ വ്യവസ്ഥകളാണ് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ പാലിക്കേണ്ടതെന്ന് കമ്മ്യൂണിക്കേഷന്‍സ് സഹമന്ത്രി പമ്മാസനി ചന്ദ്രശേഖര്‍ പറഞ്ഞു.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാതാക്കളും ഈ നിബന്ധനകള്‍ പാലിക്കണം. നിബന്ധനകള്‍ അനുസരിച്ച് ഇന്ത്യയ്ക്കുള്ളില്‍ സ്ഥാപിച്ച എര്‍ത്ത് സ്റ്റേഷന്‍ ഗേറ്റ് വേകളിലൂടെ സ്റ്റാര്‍ലിങ്ക് സിഗ്നലുകള്‍ റൂട്ട് ചെയ്യേണ്ടിവരും. ലൈസന്‍സ് നല്‍കുന്നതിന് മുമ്പ് സ്‌പെക്ട്രം അനുവദിക്കല്‍, വില നിശ്ചയിക്കല്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ട്രായിയുടെ നിര്‍ദേശവും സര്‍ക്കാര്‍ തേടിയിരുന്നു. മെയ് 9 നാണ് ട്രായ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.,
കണക്റ്റിവിറ്റിക്ക് അപ്പുറം ഉപഗ്രഹാധിഷ്ഠിത ആശയ വിനിമയ മേഖലയ്ക്ക് പുതിയ സാധ്യതകള്‍ ഏറെയാണെന്ന് മന്ത്രി പറഞ്ഞു. 'ഉപഗ്രഹാധിഷ്ഠിത ആശയവിനിമയ സേവനങ്ങള്‍ വളര്‍ന്നുവരുന്നൊരു മേഖലയാണ്, ഏതൊരു പുതിയ സാമ്പത്തിക പ്രവര്‍ത്തനത്തേയും പോലെ, ഇത് രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം അതില്‍ ഉപയോക്തൃ ടെര്‍മിനല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ടെലികോം നെറ്റ്വര്‍ക്കിന്റെ ഇന്‍സ്റ്റാലേഷന്‍, പരിപാലനം എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ട്,' പമ്മാസനി ചന്ദ്രശേഖര്‍ പറഞ്ഞു.
Content Highlights: Starlink has received approval to operate in India under strict conditions ensuring data security