ജെൻസെൻ ഹുവാങിനെ തിരികെ കൊണ്ടുവരണം; ഒപ്പുവെച്ചത് ലക്ഷത്തിലേറെ പേർ, പിന്തുണച്ച് ഇലോൺ മസ്കും മറ്റ് പ്രമുഖരും

എൻവിഡിയ സിഇഒ സ്ഥാനത്തേക്ക് ജെൻസെൻ ഹുവാങിനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം കമ്പനിക്കുള്ളിലും പുറത്തും ശക്തമാവുകയാണ്. ഹുവാങിനെ (Jensen Huang) തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ശനിയാഴ്ച ഉച്ചയോടെ 1.08 ലക്ഷത്തിലധികം പേരാണ് ഒപ്പിട്ടത്. ഇലോൺ മസ്ക്, റെപ്ലിറ്റ് സിഇഒ അമ്ജദ് മസാദ് തുടങ്ങിയ പ്രമുഖ ടെക് മേഖലയിലെ നേതാക്കളും ഹർജിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവരും എക്സ് പ്ലാറ്റ്ഫോമിലൂടെ ഈ ഹർജി പ്രചരിപ്പിക്കുകയും ചെയ്തു. ബൂം സൂപ്പർസോണിക് സിഇഒ ബ്ലേക്ക് ഷോൾ, വൈ കോമ്പിനേറ്റർ സിഇഒ ഗാരി ടാൻ തുടങ്ങിയ പ്രമുഖരും ഒപ്പുവെച്ചിട്ടുണ്ട്.
'സ്റ്റാൻഡ് വിത്ത് ജെൻസൻ' (Stand with Jensen) എന്ന പേരിൽ ആരംഭിച്ച പ്രചാരണത്തിന്റെ വെബ്സൈറ്റ് പറയുന്നതനുസരിച്ച്, ഒപ്പിട്ടവരിൽ 58,000-ത്തിലധികം പേർ എൻവിഡിയ ഓഹരി ഉടമകളും 5,600-ത്തിലധികം പേർ കമ്പനിയിലെ നിലവിലെ ജീവനക്കാരുമാണ്. ആയിരത്തിലധികം മുൻ ജീവനക്കാരും ഹർജിയിൽ ഒപ്പുവെച്ചിട്ടുണ്ട്.
ഹുവാങിന് പിന്തുണച്ചുകൊണ്ടുള്ള നീക്കങ്ങൾ കമ്പനിക്കുള്ളിലും നടക്കുന്നുണ്ടെന്ന് ഹർജിയിൽ ഒപ്പിട്ട എൻവിഡിയ ജീവനക്കാരിലൊരാൾ ബിസിനസ് ഇൻസൈഡറിനോട് പറഞ്ഞു. ജീവനക്കാർക്ക് ചോദ്യങ്ങളും നിർദേശങ്ങളും സമർപ്പിക്കാനാകുന്ന കമ്പനിയുടെ ഇന്റേണൽ പോർട്ടലിലും ജീവനക്കാർ സമാനമായ അഭിപ്രായം രേഖപ്പെടുത്തിയുള്ള പോസ്റ്റ് പങ്കുവെക്കപ്പെട്ടിരുന്നു. ഈ പോസ്റ്റിന് നിരവധിയാളുകൾ പിന്തുണച്ചിട്ടുണ്ടെന്ന് ജീവനക്കാരൻ പറഞ്ഞു.
വിവാഹേതര ബന്ധങ്ങളും ജെൻസെൻ ഹുവാങിന്റെ രാജിയും
സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡിലെ ടെക് എക്സിക്യൂട്ടീവായ ആലീസ് ഹുവാങുമായി (Alice Huang) ജെൻസൻ ഹുവാങിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ഒക്ടോബറിൽ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ചൈനീസ് സർക്കാരിനുവേണ്ടി ചാരപ്രവർത്തനം നടത്തുന്ന വ്യക്തിയായിരിക്കാം ആലീസ് ഹുവാങെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, ചൈന ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. ആലീസ് ഹുവാങ് ചാരയാണോ എന്ന കാര്യത്തിൽ നീതിന്യായ വകുപ്പ് ഇതുവരെ സ്ഥിരീകരണത്തിലെത്തിയിട്ടില്ലെന്ന് യുഎസ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ വ്യാഴാഴ്ച വ്യക്തമാക്കി.
ആലീസ് ഹുവാങുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് ജീവനക്കാർക്കായി അയച്ച കത്തിൽ ഹുവാങ് സമ്മതിച്ചതിന് പിന്നാലെ, അദ്ദേഹത്തെ വിദേശ രഹസ്യാന്വേഷണ ഏജൻസി ലക്ഷ്യമിട്ടിരുന്നോ എന്ന് അന്വേഷിക്കാൻ എൻവിഡിയ ഡയറക്ടർ ബോർഡ് തീരുമാനിച്ചിരുന്നു. അതിനിടെ എൻവിഡിയയിലെ ഒരു ഉന്നത ഉദ്യോഗസ്ഥയുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും വന്നു. ദിവസങ്ങൾക്കകം ഹുവാങ് രാജിവെച്ചു. പകരം പുതിയ സഇഒയെ കണ്ടെത്തുന്നത് വരെ കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ കൊലെറ്റ് ക്രെസിനെ (Colette Kress) ഇടക്കാല സിഇഒയായി ബോർഡ് നിയമിക്കുകയും ചെയ്തു.
നടപടിക്രമങ്ങൾ പാലിക്കാതെ ഹുവാങിനെ നീക്കി
അന്വേഷണമോ ശരിയായ നിയമനടപടികളോ കൂടാതെയാണ് ബോർഡ് ജെൻസൻ ഹുവാങിനെ സ്ഥാനത്തുനിന്ന് നീക്കിയതെന്നാണ് 'സ്റ്റാൻഡ് വിത്ത് ജെൻസൻ' പ്രചാരണത്തിന്റെ സംഘാടകർ ആരോപിക്കുന്നത്. എൻവിഡിയ ഡയറക്ടർ ബോർഡിന് നൽകിയ തുറന്ന കത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ചാരപ്രവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല, 33 വർഷം തന്റെ ഹൃദയവും ആത്മാവും സമർപ്പിച്ച് എൻവിഡിയയെ വളർത്തിയ ജെൻസന് നീതിപൂർവമായ നടപടിക്രമങ്ങളാണ് ലഭിക്കേണ്ടത്, അല്ലാതെ ആൾക്കൂട്ട വിചാരണയല്ല," സംഘാടകർ കത്തിൽ പറഞ്ഞു. അന്വേഷണം പൂർത്തിയാകുന്നതുവരെ ഹുവാങ് സിഇഒ സ്ഥാനത്ത് തുടരണമെന്നാണ് പ്രചാരണത്തിന്റെ പ്രധാന ആവശ്യം.
ജെൻസെൻ ഹുവാങിന് ജീവനക്കാരുടെ പിന്തുണ എങ്ങനെ?
ഹുവാങ് ചില തെറ്റുകൾ ചെയ്തിട്ടുണ്ടാകാമെങ്കിലും സ്റ്റീവ് ജോബ്സിനെയും ഇലോൺ മസ്കിനെയും പോലെ അസാധാരണമായ നേതൃത്വശേഷിയുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് ജീവനക്കാരിലൊരാൾ പറഞ്ഞു. പുതിയ ആശയങ്ങളും ഉൽപ്പന്നങ്ങളും അവതരിപ്പിച്ച് ജീവനക്കാർക്ക് വലിയ പ്രചോദനം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും ബിസിനസ് ഇൻസൈഡറിന് നൽകിയ പ്രതികരണത്തിലസ് ജീവനക്കാരൻ പറഞ്ഞു. അദ്ദേഹമില്ലെങ്കിൽ എൻവിഡിയ തകർന്നുപോവില്ലെങ്കിലും ഇന്നത്തെ എൻവിഡിയ അതേ കമ്പനിയായി തുടരുകയില്ലെന്ന് ജീവനക്കാരൻ കൂട്ടിച്ചേർത്തു.
അതേസമയം ജെൻസെൻ ഹുവാങിന്റെ സ്വകാര്യ ജീവിതമല്ല, മറിച്ച് അദ്ദേഹത്തിന്റെ പ്രവൃത്തികൾ കമ്പനിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടുണ്ടെങ്കിലാണ് നടപടി എടുക്കേണ്ടതെന്നും. അതിനാൽ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരണമെന്നും എൻവിഡിയയ്ക്കും വിശാലമായ ടെക് സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകളും പ്രാധാന്യവും പരിഗണിച്ച് നീതിപൂർവമായ പരിഗണന നൽകണമെന്നുമാണ് മറ്റൊരു ജീവനക്കാരന്റെ പ്രതികരണം.
ജെൻസെൻ ഹുവാങിന് പകരക്കാരനായി എൻവിഡിയ പുതിയ സിഇഒയെ തേടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ എങ്കിലും, ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. മുമ്പ് ഓപ്പൺ എഐയിൽ സാം ഓൾട്ട്മാന് സ്ഥാനമൊഴിയേണ്ടിവന്ന സാഹചര്യത്തിൽ സമാനമായി ജീവനക്കാർ സംഘടിക്കുകയും ഓൾട്ട്മാനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതുപോലെ ജീവനക്കാർക്കിടയിലും വ്യവസായ മേഖലയിൽ നിന്നും പിന്തുണയുള്ള സാഹചര്യത്തിൽ ഹുവാങ് തന്നെ തിരികെ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
Content Highlights: Over 108,000 people, including tech leaders like Elon Musk and thousands of Nvidia shareholders and employees, have signed the 'Stand with Jensen' petition demanding Jensen Huang's reinstatement as CEO.