'ആഗോളവത്കരണം അവസാനിച്ചു, ഇന്ത്യ വേറെ വഴിനോക്കണം'; യുഎസിന്റെ AI വിലക്കിൽ വെമ്പു

അന്ത്രോപിക്കിന്റെ ഫേബിൾ 5, മിത്തോസ് 5 എഐ മോഡലുകൾക്ക് വിലക്കേർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച് സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു രംഗത്ത്. വിദേശ എഐ കമ്പനികളെ ആശ്രയിക്കുന്നതിനു പകരം ഇന്ത്യൻ സ്ഥാപനങ്ങൾ ഓപ്പൺ-സോഴ്‌സ് ബദലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം എക്‌സ് പോസ്റ്റിൽ നിർദേശിച്ചു.
സാങ്കേതികവിദ്യ രാജ്യ സുരക്ഷയുമായും പരമാധികാരവുമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണിച്ചുതരുന്നതാണ് യു.എസിന്റെ നീക്കം. നിങ്ങൾക്ക് സാങ്കേതികവിദ്യ വിൽക്കാൻ പോലും താത്പര്യമില്ലാത്ത എഐ കമ്പനികൾക്ക് എന്തിന് പണം നൽകണം? സാങ്കേതികവിദ്യയുടെ രംഗത്തെ മത്സരത്തിലുണ്ടാകുന്ന ലോകമെമ്പാടുമുള്ള മാറ്റങ്ങൾ ഉയർത്തിക്കാട്ടുന്നതാണ് ഈ സംഭവം. ഇന്ത്യ സ്വന്തം നിലയിൽ ഗവേഷണ-വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ചൈനയിലും ഇന്ത്യയിലും വികസിപ്പിച്ചെടുത്ത ചെറിയ ഓപ്പൺ-സോഴ്‌സ് എഐ മോഡലുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം വാദിക്കുന്നു. 'ആഗോളവൽക്കരണം അവസാനിച്ചു, ഭാരതം അതിന്റേതായ വഴി കണ്ടെത്തണം,' -അദ്ദേഹം എഴുതി.
നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ രംഗത്ത് വലിയ കര്യമാണ് സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇനി എന്തു ചെയ്യാനാകും? ഇന്ത്യയിലെ സ്ഥാപനങ്ങൾ ചെറിയ ഇന്ത്യൻ, ചൈനീസ് ഓപ്പൺ സോഴ്‌സ് മോഡലുകൾ സ്വീകരിക്കുക. ചെറിയ പരിശ്രമത്തിലൂടെ അവ പ്രവർത്തിപ്പിക്കാനാകും. ആർആൻഡി ശക്തിപ്പെടുത്തണം. സർവം അതിനുവേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളും (സോഹോ) പരിശ്രമം നടത്തുന്നുണ്ട്. പക്ഷെ ഏറ്റവും പുതിയ മോഡലുകൾക്ക് പരിശീലനം നൽകാൻ വലിയ ബജറ്റ് മാത്രമല്ല അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്. അതിനാൽ പണത്തിന്റെ വ്യാപ്തി സോഹോയ്ക്ക് താങ്ങാൻ കഴിയില്ല. രംഗത്തിറങ്ങാൻപോലും പോലും 100 ബില്ല്യണിലധികം (10,000 കോടി) ഡോളർ. പണം കണ്ടെത്താൻ കഴിഞ്ഞാലും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകില്ല. സർക്കാർ ഇതിനായി വൻതുക ഫണ്ട് ചെയ്യാൻ ആവശ്യപ്പെടില്ല. പണത്തിന് ഇതിനേക്കാൾ പ്രധാനപ്പെട്ട ആവശ്യങ്ങളുണ്ട്. സോഹോ വളരെ കുറഞ്ഞ ചിലവിലുള്ള ബദൽ ആർആൻഡി സമീപനങ്ങളാണ് പിന്തുടരുന്നത്. പക്ഷെ അതിന്റെ സ്വഭാവമനുസരിച്ച് സമയം വേണ്ടിവരും. ക്ഷമയോടെ കാത്തിരിക്കുന്നു. ആഗോളവത്കരണത്തെക്കുറിച്ച് മിഥ്യാധാരണ വെച്ചുപുലർത്തുന്ന ഇന്ത്യയിലെ ശേഷിക്കുന്ന ആളുകൾ ഇനിയെങ്കിലും ഉണരണമെന്നും അദ്ദേഹം സാമൂഹിക മാധ്യമ പോസ്റ്റിൽ അഭ്യർഥിക്കുന്നു.
Content Highlights: US restricted access to Fable 5 and Mythos 5 for non-US entities., Sridhar Vembu advocates for Indian sovereignty in AI development., India should focus on smaller, open-source models from India and China., Deep R&D is necessary to overcome GPU and funding constraints., Globalization in technology is effectively dead according to Vembu.