ISRO ഹ്യൂമൻ സ്പെയ്സ് സെന്റർ മേധാവിയായി മലയാളി ശാസ്ത്രജ്ഞൻ; ആരാണ് എസ്.ആർ ബിജു ?

ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ(ഐ.എസ്.ആർ.ഒ.) ഹ്യൂമൻ സ്പെയ്സ് സെന്റർ ഡയറക്ടറായി എസ്.ആർ. ബിജുവിനെ നിയമിച്ചു. എച്ച്.എസ്.എഫ്.സി. ഡയറക്ടറായിരുന്ന ദിനേശ് കുമാർ സിങ്ങിനെ യു.ആർ. റാവു ഉപഗ്രഹ കേന്ദ്രം(യു.ആർ.എസ്.സി.) മേധാവിയായി നിയമിച്ചു.
വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിൽ(വി.എസ്.എസ്.സി.) പ്രോജക്ട്സ് ഡയറക്ടറും ഗഗൻയാൻ ദൗത്യത്തിന്റെ മേധാവിയുമായി പ്രവർത്തിക്കുമ്പോഴാണ് തിരുവനന്തപുരം സ്വദേശിയായ ബിജുവിനെ ബെംഗളൂരു ആസ്ഥാനമായ ഹ്യൂമൻ സ്പെയ്സ് ഫ്ലൈറ്റ് സെന്ററിലേക്ക് (എച്ച്.എസ്.എഫ്.സി.) നിയമിച്ചിരിക്കുന്നത്. ഗഗൻയാൻ ദൗത്യത്തിന്റെ അധിക ചുമതലയും അദ്ദേഹംതന്നെ വഹിക്കും.
ബഹിരാകാശ പദ്ധതികളുടെ സ്വകാര്യവത്കരണ നീക്കം അടക്കമുള്ളവയ്ക്കിടെ ഐഎസ്ആർഓയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള തിരക്കിട്ട നീക്കങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്നതിനിടെയാണ് സുപ്രധാന നിയമനങ്ങൾ. കോളേജ് ഓഫ് എൻജിനിയറിങ്ങിലെ (CET) പൂർവ വിദ്യാർഥിയാണ്. 1991-ലാണ് അദ്ദേഹം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ചേരുന്നത്. പി.എസ്.എൽ.വി. പ്രോജക്ട് ഡയറക്ടറായി ഐ.എസ്.ആർ.ഒ.യുടെ നിർണായക ദൗത്യങ്ങളുടെ ചുമതല അദ്ദേഹം വഹിച്ചിട്ടുണ്ട്. ആദിത്യ -എൽ1 ദൗത്യത്തിന്റെ മിഷൻ ഡയറക്ടറും അദ്ദേഹമായിരുന്നു.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി 2019-ൽ ആരംഭിച്ച എച്ച്.എസ്.എഫ്.സി.യുടെ മലയാളിയായ മൂന്നാമത്തെ ഡയറക്ടറാണ് ബിജു. ആദ്യ ഡയറക്ടർ ഡോ.എസ്. ഉണ്ണികൃഷ്ണൻനായരും രണ്ടാമത്തെ ഡയറക്ടർ ആർ. ഉമാമഹേശ്വരനും മലയാളികളായിരുന്നു.
യു.ആർ.എസ്.സി. ഡയറക്ടർ എം. ശങ്കർ വിരമിക്കുന്ന ഒഴിവിലാണ് ദിനേശ് കുമാർ സിങ്ങിനെ നിയമിക്കുന്നത്. 2024 ജൂലായിൽ എച്ച്.എസ്.എഫ്.സി.യുടെ ചുമതലയേറ്റ ദിനേശ് കുമാർ സിങ് വാരാണസി സ്വദേശിയാണ്.
Content Highlights: SR Biju appointed as the new Director of ISRO Human Space Flight Centre (HSFC)., He will also hold the additional charge of the Gaganyaan human spaceflight mission., Dinesh Kumar Singh transferred to head the UR Rao Satellite Centre (URSC)., SR Biju is the third Malayali to head the HSFC since its inception in 2019.