സ്റ്റാർഷിപ്പ് ആദ്യമായി ഭ്രമണപഥത്തിലേക്ക്, വിക്ഷേപണം വിജയം; ഒപ്പം 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളും

#ടെക്നോളജി ഡെസ്ക്
Starship 14th Launch | Photo: SpaceX
Starship 14th Launch | Photo: SpaceX

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ് (SpaceX). കമ്പനിയുടെ ഏറ്റവും വലിയതും ശക്തവുമായ 'സ്റ്റാർഷിപ്പ്' (Starship) റോക്കറ്റ് ഭൂമിയെ ചുറ്റുന്ന ഭ്രമണപഥം ലക്ഷ്യമാക്കി വിജയകരമായി വിക്ഷേപിച്ചു. ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്. ഇന്ത്യൻ സമയം സെപ്റ്റംബർ 28 വൈകുന്നേരം 6.20-നാണ് വിക്ഷേപണം നടന്നത്. വിക്ഷേപണം കഴിഞ്ഞ് 2.30 മിനിറ്റിൽ സ്റ്റാർഷിപ്പിൽ നിന്ന് വേർപെട്ട ബൂസ്റ്റർ എഞ്ചിൻ ഏഴാം മിനിറ്റിൽ കടലിൽ വന്നുപതിച്ചു.

മുമ്പ് നടന്ന 13 പരീക്ഷണ ദൗത്യങ്ങളിൽനിന്നു വ്യത്യസ്തമായി, സ്റ്റാർഷിപ്പിനെ ആദ്യമായി ഭ്രമണപഥത്തിലെത്തിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം കൂടുതൽ ശേഷിയുള്ള പുതിയ തലമുറയിൽപെട്ട 26 സ്റ്റാർലിങ്ക് V3 (Starlink V3) ഉപഗ്രഹങ്ങളെയും വഹിച്ചാണ് റോക്കറ്റ് വിക്ഷേപിച്ചത്. മുൻതലമുറയെക്കാൾ ഇരട്ടി സൗരോർജ്ജ ഉൽപ്പാദന ശേഷിയുള്ളവയാണ് ഈ പുതിയ ഉപഗ്രഹങ്ങൾ.

പൂർണ്ണമായും പുനരുപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് സ്റ്റാർഷിപ്പും സൂപ്പർ ഹെവി ബുസ്റ്ററും രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ ഭാരം ബഹിരാകാശത്ത് എത്തിക്കാൻ ഈ റോക്കറ്റിന് സാധിക്കും.

അമേരിക്കൻ ബഹിരാകാശ യാത്രികരെ വീണ്ടും ചന്ദ്രനിൽ എത്തിക്കുന്നതിനുള്ള ആർട്ടെമിസ് ദൗത്യം ഉൾപ്പടെ, നാസയുടെ സുപ്രധാന ചാന്ദ്ര ദൗത്യങ്ങൾക്കും ഈ റോക്കറ്റ് നിർണ്ണായകമാകും. കൂടാതെ, സ്പേസ് എക്സിന്റെ തന്നെ ബഹിരാകാശ ദൗത്യങ്ങൾക്കും ഈ റോക്കറ്റ് ഉപയോഗിക്കാനാവും. 2027-ഓടെ ബഹിരാകാശത്ത് സൂപ്പർ കമ്പ്യൂട്ടിംഗ് ശൃംഖലകൾ സ്ഥാപിക്കാനും സ്‌പേസ്എക്‌സിന് പദ്ധതിയുണ്ട്.

Content Highlights: Elon Musk's SpaceX successfully launched its massive Starship rocket on its 14th test flight from Texas, marking its historic first attempt to reach Earth's orbit while deploying 26 next-generation Starlink V3 satellites