വില കൂടുന്നു, മൊബൈൽ ഫോൺ വിൽപ്പനയിൽ ഇടിവ്

മുംബൈ: സ്മാർട്ട്‌ഫോണുകളുടെ വില ഉയരുന്നതിനെത്തുടർന്ന് വിൽപ്പനവേഗം കുറയുന്നതായി റിപ്പോർട്ട്. മേയിൽ വിൽപ്പനയിൽ 30 മുതൽ 35 ശതമാനംവരെ ഇടിവുണ്ടായതായി കൗണ്ടർ പോയിന്റ് റിസർച്ച് പറയുന്നു. 2025 നവംബറിനുശേഷം ഓരോ മാസവും മൊബൈൽ ഫോൺ ഉത്പാദകർ വില കൂട്ടിക്കൊണ്ടിരിക്കുന്നു.
മെമ്മറി ചിപ്പുകളുടെ വിലകൂടുന്നതാണ് കാരണം. വിൽപ്പനരീതിയിലും മാറ്റങ്ങളുണ്ട്. 60 ശതമാനംവരെ ഫോണുകൾ ഓഫ് ലൈനായി കടകളിൽ വിറ്റുപോകുന്നെന്നാണ് കണക്ക്. ബാക്കി 40 ശതമാനം ഓൺലൈൻ വഴിയാണെന്നും കൗണ്ടർ പോയിന്റ് റിസർച്ച് പറയുന്നു. ഓൺലൈനിലും ഓഫ് ലൈനിലും വിൽപ്പനയിൽ ഇടിവുണ്ടായി.
ജൂണിലും വിൽപ്പന കുറയാനുള്ള സാധ്യതയാണ് റിപ്പോർട്ട് പറയുന്നത്. 2026 ആദ്യ പാദത്തിൽ മൊബൈൽ ഷിപ്പ്‌മെന്റിൽ മൂന്നു ശതമാനമായിരുന്നു ഇടിവ്. രണ്ടാം പാദത്തിലിത് 15 ശതമാനം വരെയെത്തിയേക്കാം. ജനുവരിക്കും മേയ്ക്കും ഇടയിൽ സ്മാർട്ട് ഫോണുകൾക്ക് 20 ശതമാനം വരെ വില ഉയർന്നതായും കൗണ്ടർ പോയിന്റ് റിസർച്ച് പറയുന്നു.
Content Highlights: Smartphone sales saw a 30-35% decline in May 2026., Rising memory chip costs are the primary driver of price hikes., Smartphone prices increased by 20% between January and May 2026., Offline sales account for 60% of the market, while online accounts for 40%., Q2 2026 shipments are projected to drop by up to 15%.