രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് Skyroot; സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം

#ടെക്‌നോളജി ഡെസ്‌ക്
വിക്രം 1 റോക്കറ്റിന്റെ ഫസ്റ്റ് സ്റ്റേജ് ശ്രീഹരിക്കോട്ടയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് നീക്കുന്നു. Photo -  Skyroot
വിക്രം 1 റോക്കറ്റിന്റെ ഫസ്റ്റ് സ്റ്റേജ് ശ്രീഹരിക്കോട്ടയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് നീക്കുന്നു. Photo - Skyroot

ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങി ബെംഗളൂരു ആസ്ഥാനമായ കമ്പനി സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്. വിക്രം-1 റോക്കറ്റിന്റെ വിജയകരമായ കന്നി വിക്ഷേപണം കഴിഞ്ഞ് ഒരു മാസം തികയുമ്പോഴാണ് പുതിയ ദൗത്യം സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുള്ളത്.

രാജ്യത്തെ സ്വകാര്യ ബഹിരാകാശ ഗവേഷണ മേഖലയെ സംബന്ധിച്ച് ഏറെ നിർണായകമാണ് സ്‌കൈറൂട്ടിന്റെ അതിവേഗ മുന്നേറ്റങ്ങൾ. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ISRO ഇനി വിക്ഷേപണ വാഹനങ്ങൾ നിർമിക്കില്ലെന്ന് ഇൻ-സ്‌പേസ് (ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ) ചെയർമാൻ പവൻ കുമാർ ഗോയങ്ക അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പൊതുമേഖല സ്ഥാപനങ്ങളോ സ്വകാര്യ കമ്പനികളോ ആയിരിക്കും ഇനി PSLV പോലെയുള്ള വിക്ഷേപണ വാഹനങ്ങൾ നിർമിക്കുക. ഈ പശ്ചാത്തലത്തിൽ സ്‌കൈറൂട്ട്ിന്റെ വിക്രം-1 റോക്കറ്റിന്റെ മുന്നേറ്റം ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ്.

രണ്ടാം വിക്ഷേപണത്തിന്റെ പ്രാധാന്യമെന്ത്?

രണ്ടാം ദൗത്യത്തിന് മുന്നോടിയായി വിക്ഷേപണ വാഹനത്തിന്റെ ഫസ്റ്റ് സ്റ്റേജ് (റോക്കറ്റിന്റെ ഏറ്റവും താഴത്തെ വലിപ്പമേറിയ ഭാഗം) സ്‌കൈറൂട്ട് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലേക്ക് മാറ്റുകയാണ്. തുടർച്ചയായ വാണിജ്യ വിക്ഷേപണ ദൗത്യങ്ങൾ ഏറ്റെടുക്കാനും അതിവേഗം അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും കമ്പനിക്ക് കഴിയുമെന്ന് തെളിയിക്കുന്നതാണ് ഒരു മാസത്തെ ഇടവേളയ്ക്കിടെ രണ്ടാമത്തെ വിക്ഷേപണത്തിലേക്കുള്ള മുന്നേറ്റം.

പതിവ് വാണിജ്യ ദൗത്യങ്ങളിലേക്ക് നീങ്ങുന്നതിന് മുമ്പ് എയ്‌റോസ്‌പേസ് കമ്പനികൾ ആവർത്തനക്ഷമതയും വിശ്വാസ്യതയും തെളിയിക്കേണ്ടതുണ്ട്. അതിനാൽ സ്‌കൈറൂട്ടിന്റെ രണ്ടാമത്തെ ദൗത്യത്തിന് പ്രാധാന്യം ഏറെയാണ്.

അടുത്ത ദൗത്യത്തിന്റെ പ്രവർത്തനങ്ങൾ ഇതിനകം വളരെയധികം മുന്നോട്ടു പോയതായി സ്‌കൈറൂട്ട് പറയുന്നു. റോക്കറ്റിന്റെ ഫസ്റ്റ് സ്റ്റേജ് ശ്രീഹരിക്കോട്ടയിൽ എത്തുന്നതോടെ കമ്പനിയുടെ രണ്ടാമത്തെ വിക്രം-1 ദൗത്യത്തിന്റെ വിക്ഷേപണ തയ്യാറെടുപ്പുകൾക്ക് തുടക്കമാകും. വിക്ഷേപണ താവളത്തിൽ വെച്ച് റോക്കറ്റിന്റെ സംയോജനം, കൂടുതൽ പരീക്ഷണങ്ങൾ, തയ്യാറെടുപ്പുകൾ എന്നിവ നടത്തേണ്ടതുണ്ട്.

എന്താണ് ഓർബിറ്റൽ ക്ലാസ് വിക്ഷേപണ വാഹനം?

ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള സ്‌കൈറൂട്ടിന്റെ ഓർബിറ്റൽ ക്ലാസ് വിക്ഷേപണ വാഹനമാണ് വിക്രം-1. ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണങ്ങൾക്ക് ആഗോള തലത്തിൽ പ്രാധാന്യം വർധിച്ചു വരികയാണ്. ആഗോള വിപണിയിൽ മത്സരിക്കാൻ ശേഷിയുള്ള സ്വകാര്യ വിക്ഷേപണ വാഹനങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ കഴിവിന്റെ പരീക്ഷണമെന്ന നിലയിലാണ് വിക്രം-1ന്റെ കന്നി ദൗത്യം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

വിക്രം 1-ന്റെ പ്രാധാന്യമെന്ത്?

റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ, മറ്റ് ബഹിരാകാശ സാങ്കേതികവിദ്യകൾ എന്നിവ നിർമ്മിക്കാൻ കമ്പനികൾക്ക് അനുമതി നൽകിക്കൊണ്ട് സർക്കാർ ബഹിരാകാശ ഗവേഷണ രംഗത്തെ സ്വകാര്യ മേഖലയ്ക്ക് ക്രമേണ തുറന്നുകൊടുക്കുകയാണ്. ഈ പശ്ചാത്തലത്തിൽ രാജ്യത്ത് ഉയർന്നു വരുന്ന ഏറ്റവും ശ്രദ്ധേയമായ സംരംഭങ്ങളിൽ ഒന്നാണ് സ്‌കൈറൂട്ടിന്റെ വിക്രം-1 പദ്ധതി. ആദ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കുകയും അടുത്ത റോക്കറ്റിന്റെ ഒന്നാം ഘട്ടം ശ്രീഹരിക്കോട്ടയിലേക്ക് നീങ്ങുകയും ചെയ്തതോടെ ഈ വിജയത്തെ തുടർച്ചയായ ഒരു വിക്ഷേപണ പദ്ധതിയാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

Content Highlights: Skyroot Aerospace has transported the first stage of the Vikram-1 rocket to the Satish Dhawan Space Centre., This follows the successful maiden orbital flight of Vikram-1 just over a month ago., The upcoming second mission aims to establish launch repeatability and reliability for commercial operations., The development highlights the rapid growth of India's privatized space sector supported by IN-SPACe.