ശ്രേയ ഘോഷാലിന്റെ പങ്കാളി, ടെക് കമ്പനിയുടെ ഗ്ലോബല്‍ ഹെഡ്; ആരാണ് ശൈലാദിത്യ മുഖോപാധ്യായ

ശ്രേയ ഘോഷാലിനെ അറിയാത്തവര്‍ ഉണ്ടാകില്ല. രണ്ട് പതിറ്റാണ്ടിലേറെയായി സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ശ്രേയ ഇന്ത്യയിലെതന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഗായികമാരില്‍ ഒരാളാണ്. വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ പാടി. അഞ്ച് ദേശീയ അവാര്‍ഡുകളടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ശ്രേയയുടെ ജീവിത പങ്കാളിയും നിസാരക്കാരനല്ല. സംഗീത ലോകത്തല്ല, സാങ്കേതികവിദ്യയുടെയും ബിസിനസിന്റെയും ലോകത്താണ് ശ്രേയയുടെ ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ടെക്കിയും സംരംഭകനും സ്ട്രാറ്റജിസ്റ്റുമായ ശൈലാദിത്യ ശ്രേയയുടെ ബാല്യകാല സുഹൃത്തായിരുന്നു. പിന്നീടാണ് അനുഗ്രഹീത ഗായികയുടെ ജീവിതത്തിലേക്ക് അദ്ദേഹം എത്തുന്നത്.
രാജ്യത്തെതന്നെ ഏറ്റവും ഇന്നവേറ്റീവ് ടെക് സംരംഭത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹമെന്ന് ശ്രേയ ഘോഷാലിന്റെ സംഗീതത്തെ ആരാധിക്കുന്ന പലര്‍ക്കും അറിവുണ്ടാകണമെന്നില്ല. മുംബൈയിലെ യുവ എന്‍ജിനിയറായിരുന്ന ശൈലാദിത്യ രാജ്യത്തുതന്നെ ഏറ്റവും ആരാധകരുള്ള ഗായികമാരില്‍ ഒരാളായ ശ്രേയ ഘോഷാലിന്റെ ജീവിതത്തിലേക്ക് എങ്ങനെ കടന്നുവന്നു. ബോളിവുഡ് സിനിമപോലെ മനോഹരമായ കഥ ഇങ്ങനെയാണ്:
മുംബൈ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്ങില്‍ ബിരുദമെടുത്തുകൊണ്ടാണ് ശൈലാദിത്യ ടെക് രംഗത്തേക്കെത്തുന്നത്. സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, പ്രോഡക്ട് മാനേജ്‌മെന്റ് മേഖലകളിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. തന്റെ മേഖല ഇതൊന്നുമല്ലെന്ന് അദ്ദേഹം പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. സംരംഭകത്വത്തിലേക്ക് കടക്കാനുള്ള ആഗ്രഹത്തെ അദ്ദേഹത്തിന് പിടിച്ചുനിര്‍ത്താനായില്ല. വൈനുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന Hipcask എന്ന മൊബൈല്‍ ആപ്പിന്റെ സഹസ്ഥാപകനായാണ് അദ്ദേഹം സംരംഭകത്വത്തിലേക്ക് കടന്നത്. പിന്നീട് അദ്ദേഹം ചെറുകിട കച്ചവടക്കാര്‍ക്കുവേണ്ടിയുള്ള ലോയല്‍റ്റി - പേമെന്റ് പ്ലാറ്റ്‌ഫോമായ പോയിന്റ്‌ഷെല്‍ഫിന് തുടക്കം കുറിച്ചു. പിന്നീടാണ് അദ്ദേഹം യു.എസ് ആസ്ഥാനമായ ക്ലവര്‍ടാപ്പിലെത്തുന്നത്. അവിടെ സെയില്‍സ് ഡയറക്ടറും വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചതോടെയാണ് അദ്ദേഹത്തിന് ആഗോളതലത്തിലുള്ള അനുഭവ പരിചയം നേടാന്‍ കഴിയുന്നത്.
ഇതിനിടെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ശ്രേയ എന്ന മാസ്മരിക സംഗീതജ്ഞ കടന്നുവരാന്‍ തുടങ്ങിയിരുന്നു. ബാല്യകാല സുഹൃത്തുക്കളായ ഇരുവരും ഒന്‍പത് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷമാണ് 2015-ല്‍ വിവാഹിതരാകുന്നത്. പരമ്പരാഗത ശൈലിയിലുള്ള ബംഗാളി വിവാഹമായിരുന്നു ഇരുവരുടേതും. 2012-രല്‍ ഇവര്‍ക്ക് ആണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. ശ്രേയയുടെ ഗാനങ്ങള്‍ ആസ്വദിക്കാത്തവര്‍ ഇന്ത്യയില്‍തന്നെ ഉണ്ടാകില്ല എന്ന് പറയുന്നതുപോലെ ഭര്‍ത്താവ് ശൈലാദിത്യയുടെ പ്രാഗത്ഭ്യം ഉപയോഗപ്പെടുത്താത്തവരും അധികം ഉണ്ടാകില്ലെന്ന് പറയേണ്ടിവരും. സ്വീഡിഷ് ടെലികോം ഭീമന്‍ ട്രൂകോളറിന്റെ എന്റര്‍പ്രൈസ് വിഭാഗമായ ട്രൂകോളര്‍ ഫോര്‍ ബിസിനസിന്റെ ഗ്ലോബല്‍ ഹെഡ്ഡാണ് ശൈലാദിത്യ മുഖോപാധ്യായ. ഓണ്‍ലൈന്‍ തട്ടിപ്പുകളും ഭീഷണിയും അടക്കമുള്ളവയില്‍നിന്നുള്ള സുരക്ഷ ഉറപ്പാക്കാനായി ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന ആപ്പാണ് ട്രൂകോളര്‍. 2023-ല്‍ മാത്രം 1406 കോടിയാണ് കമ്പനിയുടെ വരുമാനം.
Content Highlights: shiladitya mukhopadhyaya truecaller global head shreaya ghoshals husband